തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് നിരക്ക് കുടുംബ വരുമാനത്തിന് ആനുപാതികം ആക്കുമെന്ന് സൂചന. സാമ്പത്തികാടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കുന്ന കാര്യം ആലോചനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ബിപിഎൽ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലുണ്ട്. അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്റണി രാജു അറിയിച്ചു. മകര വിളക്കിന് ശേഷമാണ് സ്വകാര്യ ബസ് നിരക്ക് കൂട്ടുക.

രാത്രികാല സർവ്വീസ് കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും രാത്രി യാത്രയ്ക്ക് പ്രത്യേക നിരക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം തീരുമാനം വിശദമായ ചർച്ചയ്ക്ക് ശേഷമാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആംബുലൻസുകളുടെ നിരക്കും ഏകീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ബസ് നിരക്ക് തീരുമാനിക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്മറ്റിയുമായി വൈകിട്ട് നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് സംഘടനകൾ ഈ മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാർ ചർച്ചകളും ആലോചനയും സജീവമാക്കിയത്.

വിദ്യാർത്ഥി കൺസഷൻ ആറ് രൂപയാക്കണമെന്നാണ് സമരം ചെയ്യാനൊരുങ്ങുന്ന ബസ് സംഘടനകളുടെ പ്രധാന ആവശ്യം. ഇക്കാര്യം വിദ്യാർത്ഥി സംഘടനകളെ ബോദ്ധ്യപ്പെടുത്തിയതായി മുൻപ് മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാർജ് എട്ടിൽ നിന്ന് 12 ആക്കണമെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം വർദ്ധിപ്പിക്കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ഇക്കാര്യം മന്ത്രി ചർച്ച നടത്തിയിരുന്നു.സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച് സർക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി