തിരുവനന്തപുരം: ക്രിസ്മസ് വെക്കേഷന് നാട്ടിലേക്ക് തിരിക്കുന്ന ബാംഗ്ലൂർ മലയാളികളുടെ പോക്കറ്റ് കൊള്ളയടിച്ച് അന്തർ സംസ്ഥാന ബസ് ലോബികൾ. ബംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് പ്രൈവറ്റ് ബസിൽ സഞ്ചരിക്കണമെങ്കിൽ ഈ സീസണിൽ ഈടാക്കുന്നത് 5000 ത്തോളം രൂപ. സ്വകാര്യ ബസ് കമ്പനികളുടെ വെബ്സൈറ്റിൽ 4000 രൂപ രേഖപ്പെടുത്തിയിരിക്കെ ആയിരം രൂപ കൂടി അധികം ഈടാക്കിയാണ് പലർക്കും സീറ്റ് നൽകുന്നത്. സീറ്റില്ല, പക്ഷെ 5000 രൂപ നൽകിയാൽ സീറ്റ് ഉറപ്പ് എന്നാണു സ്വകാര്യ ബസ് ലോബികൾ പറയുന്നത്. ക്രിസ്മസ് സീസണും വെള്ളി, ശനി, ഞായർ അവധി ദിനങ്ങൾ കൂടി ഒരുമിച്ച് വരുന്നതിനാൽ സ്വർണ്ണക്കൊയ്ത്തിനുള്ള അവസരമായാണ് ബസ് സർവീസുകാർ ഈ ദിവസങ്ങളെ കാണുന്നത്.

നിവൃത്തിയില്ലാത്തതിനാൽ പറയുന്ന തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്. ട്രെയിനുകൾ ആദ്യമേ ഫുൾ ആയതിനാൽ ആശ്രയം സ്വകാര്യ ബസുകളും കെഎസ്ആർടിസിയും മാത്രമാണ്. ബാംഗ്ലൂർ-തൃശൂർ എസി ബസിൽ 950 രൂപയ്ക്ക് കെഎസ്ആർടിസിയുടെ യാത്ര സാധ്യമായിരിക്കെയാണ് യാത്രക്കാരിൽ നിന്നും ബലമായി ഈ തുകയുടെ അഞ്ച് മടങ്ങ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഇതേ റൂട്ടിൽ ഓർഡിനറി ബസുകൾക്ക് 700 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. പക്ഷെ ട്രെയിനിനു സീറ്റ് ഇല്ലാത്തത് പോലെ കെഎസ്ആർടിസി ബസുകളിലും സീറ്റില്ല. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ സർവീസുകാർ തീവെട്ടിക്കൊള്ള നടത്തുമ്പോൾ തിരിച്ച് കേരളത്തിൽ നിന്ന് ബംഗളൂര് യാത്രയ്ക്ക് സാധാ ചാർജുകൾ മാത്രമാണ് ഈടാക്കുന്നത്.

1200 രൂപ നൽകിയാൽ തൃശൂർ-ബംഗളൂരു യാത്ര സ്വകാര്യ ബസുകളിൽ തന്നെ സാധ്യമാണ്. പക്ഷെ ബംഗളൂരു നിന്ന് തൃശൂർക്ക് എത്തണമെങ്കിൽ 5000 രൂപ വരെ നൽകുകയും വേണം. ഇതേ രീതിയിലുള്ള നിരക്ക് തന്നെയാണ് ബംഗളൂരു നിന്നും തിരുവനന്തപുരത്തേക്കും ഈടാക്കുന്നത്. 1100 രൂപയാണ് ബംഗളൂരു-തിരുവനന്തപുരം യാത്രയ്ക്ക് കെഎസ്ആർടിസി ഈടാക്കുന്നത്. 3500 രൂപയോളം പ്രൈവറ്റ് ബസ് സർവീസുകൾ ഈടാക്കുന്നുണ്ട്. പക്ഷെ ഈ തുകയ്ക്ക് യാത്ര സാധ്യമാകാത്ത അവസ്ഥ നിലനിൽക്കുകയാണ്. ഒന്നാമത് സീറ്റില്ല, രണ്ടാമത് സീറ്റ് വന്നാൽ തന്നെ പക്ഷെ അയ്യായിരം രൂപയ്ക്ക് അടുത്തുള്ള തുക തന്നെ തന്നെ തിരുവനന്തപുരം യാത്രയ്ക്കും നൽകേണ്ടി വരുന്നുണ്ട്. ഓരോ ദിവസവും യാത്രക്കാരുടെ തള്ളു നോക്കിയാണ് സ്വകാര്യ ബസ് ലോബി ബസ് ചാർജുകൾ തീരുമാനിക്കുന്നത്. യാത്രക്കാർ അധികമാണെന്ന് തോന്നിയാൽ ആ ദിവസം ഒരു ചാർജ് തീരുമാനിക്കും.

ഇന്നു അധികം യാത്രക്കാർ ഉണ്ടെന്നു മനസ്സിലായാൽ വേറെ സ്പെഷ്യൽ ബസുകൾ ഇറക്കാനും ഇവർ തയ്യാറുമാണ്. സ്പെഷ്യൽ ബസുകൾ ഇപ്പോൾ ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസിയുടെ പതിനാറ് സർവീസുകൾ ഇന്നും നാളെയും റിസർവേഷൻ ഫുള്ളാണ്. ഈ അവസരം മുതലെടുത്താണ് സ്വകാര്യ സർവീസുകാർ കൊയ്ത്തിനു ഇറങ്ങിയിരിക്കുന്നത്. പക്ഷെ സ്പെഷ്യൽ സർവീസുകൾ ഇപ്പോൾ കെഎസ്ആർടിസി ഓടിക്കാൻ തയ്യാറാകുന്നതിനാൽ അതിലാണ് മലയാളികളും മറ്റു യാത്രക്കാരും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

ഇന്നു രാവിലെ ഒരു സർവീസ് കെഎസ്ആർടിസി അധികമായി ബംഗളൂരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. രാത്രി ഒരു സർവീസ് കൂടി അധികമായി ഓടിക്കാനും പദ്ധതിയുള്ളതായി കെഎസ്ആർടിസി ബംഗളൂരു യൂണിറ്റ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബംഗളൂരു നിന്ന് കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ചാർജുകളിലും വൻ വർധനവ് സ്വകാര്യ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് കെഎസ്ആർടിസി സ്പെഷ്യൽ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പക്ഷെ ആ സർവീസുകൾ പോലും മതിയാകാത്ത അവസ്ഥയാണ്. ബംഗളൂരു കേന്ദ്രീകരിച്ച് വിവിധ 24 സ്പെഷ്യൽ സർവീസുകൾ കെഎസ്ആർടിസി ഓടിക്കുന്നുണ്ട്. സ്‌കാനിയാ, സൂപ്പർ ഡീലക്‌സ്, എസി ബസുകൾ ഓടിക്കാനാണ് കെഎസ്ആർടിസി പദ്ധതി.ഇന്നലെ ആരംഭിച്ച കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ വരുന്ന മാസം രണ്ടാം തീയതി വരെ ഓടിക്കാനാണ് കെഎസ്ആർടിസി തീരുമാനം. ഈ തീരുമാനം ബംഗ്‌ളൂരു മലയാളികൾക്ക് ആശ്വാസകരമാണെങ്കിലും ഏത് ഉത്സവ സീസൺ വന്നാലും സ്വകാര്യ സർവീസുകാരുടെ തീവെട്ടിക്കൊള്ളയ്ക്ക് ഇവർ ഇരയായി തീരുന്നു എന്നതാണ് വാസ്തവം.