ന്യൂഡൽഹി: ജന്മദിന പാർട്ടിക്കിടെ ഡൽഹിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ബിസിനസ് തർക്കമെന്ന് പൊലീസ്. . സംഭവത്തിന് വർഗീയ മുഖം നൽകിയുള്ള പ്രചാരണങ്ങളെ പൊലീസ് തള്ളിക്കളഞ്ഞു.

ഡൽഹിയിലെ മംഗോളപുരി മേഖലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട റിങ്കുവും സുഹൃത്തുക്കളും തമ്മിലുള്ള ബിസിനസ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. കൊലപാതകവുമായി ബന്ധപ്പെട്ട് റിങ്കുവിന്റെ സുഹൃത്തുക്കളായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഡാനീഷ്, ഇസ്ലാം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പാർട്ടിക്കിടെ സംഘർഷമുണ്ടായത്. അതിനിടെയാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചത്. സംഭവത്തിന് വർഗീയമുഖം നൽകരുതെന്നു പൊലീസ് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. റിങ്കുവിന്റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് വിശദീകരണം.

റിങ്കുവിന്റെ കുടുംബവും രോഹിണിയിൽ ഹോട്ടൽ ബിസിനസ് തുടങ്ങിയിരുന്നു. ഇതിനടുത്ത് തന്നെയാണ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യത്തെത്തുടർന്ന് രണ്ട് ഹോട്ടലുകളും നഷ്ടത്തിലായി. രണ്ട് ഹോട്ടലുകളും നഷ്ടത്തിലായതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു.

ഈ തർക്കത്തെത്തുടർന്നാണ് പ്രതികൾ റിങ്കുവിന്റെ വീട്ടിലെത്തുന്നത്. ആ സമയത്ത് റിങ്കുവിന്റെ വീട്ടിൽ പിറന്നാളാഘോഷം നടക്കുകയായിരുന്നു. പരിപാടിക്കിടെ വാക്കു തർക്കം രൂക്ഷമായതിനിടെ നാല് പേരിൽ ഒരാൾ റിങ്കുവിനെ കത്തി കൊണ്ട് കുത്തി. പരിചയക്കാരായ നാല് പേരും ഒരേ മേഖലയിലാണ് താമസിക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.

ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താൻ കാരണമെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുമെന്നും, നിലവിൽ ബിസിനസിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവം നടന്ന ദിവസം റിങ്കുവും മുതിർന്ന സഹോദരനും മറ്റ് നാല് പേരും തമ്മിൽ പരസ്പരം ആക്രമിച്ച് സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ റിങ്കുവിനെ കത്തികൊണ്ട് കുത്തി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്. റിങ്കുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.