ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിൽ അതിർത്തി ശാന്തം. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നില്ല. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയതിന് ശേഷമാണ് ഇത്. എന്നാൽ ഇത് ഇന്ത്യയക്കു നേരെയുള്ള തിരിച്ചടിക്കായി സന്നാഹങ്ങൾ ഒരുക്കുന്നതിനുള്ള തന്ത്രമായിരിക്കാമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇന്ത്യയും ജാഗ്രത കർശനമാക്കി. ഇന്ത്യയുടെ സർജിക്കൽ ആക്രമണത്തിന്റെ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാന് എന്തിനും മുതിരുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പാക് സൈനിക ഓപറേഷൻ കമാൻഡർ മേജർ ജനറൽ സഹീർ ഷംനാദ് മിർസ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ സമീപിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഹോട്ട് ലൈനിൽ ഇന്ത്യൻ സൈനിക ഓപറേഷൻ കമാൻഡർ ലെഫ്.ജനറൽ റൺബീർ സിംഗുമായി ചർച്ച നടത്തിയത്. എന്നാൽ വെടിനിർത്തൽ കരാർ തുടരാമെന്ന വാഗ്ദാനം അതിർത്തിയിലേക്ക് കൂടുതൽ ആയുധങ്ങളും സൈനികരെയും എത്തിക്കുന്നതിനുള്ള പാക്കിസ്ഥാന്റെ യുദ്ധതന്ത്രമാകാമെന്നാണ് സൈനിക വിലയിരുത്തൽ.

ബുധനാഴച നടന്ന ചർച്ചയക്കിടെ ഇന്ത്യയുടെ ആക്രമണത്തിൽ ബസിൽ സഞ്ചരിക്കുകയായിരുന്ന ഒരു കൂട്ടം സാധാരണക്കാർക്ക് പരിക്കേറ്റതായി സഹീർ ഷംനാദ് പരാതിപ്പെട്ടിരുന്നു. എന്നാൽ പാക്കിസ്ഥാനി പോസറ്റുകൾ ലക്ഷ്യമാക്കി മാത്രമേ തങ്ങൾ ആക്രമണം നടത്തിയിട്ടുള്ളൂവെന്ന് ലെഫ്.ജനറൽ റൺബീർ സിങ് വിശദീകരിച്ചു. ഇനി പ്രകോപനപരമായ നടപടികൾ ഉണ്ടാവില്ലെന്ന് ചർച്ചയിൽ പാക്കിസ്ഥാൻ ഉറപ്പുനൽകിയിരുന്നതുമാണ്. എന്നാൽ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് പറ്റിയൊരു അന്തരീക്ഷമല്ല നിലവിലുള്ളതെന്നും ആദ്യം പാക്കിസ്ഥാൻ അതിർത്തിയിൽ തീവ്രവാദികൾക്ക് നൽകുന്ന സഹായം നിർത്തണമെന്നും ഇന്നലെ വിദേശകാര്യ മന്ത്രാലം അറിയിച്ചിരുന്നു.

സൈന്യത്തിന് ലഭിച്ച രഹസ്യാന്വേഷണ വിവരവും പാക്കിസ്ഥാൻ പ്രകോപനത്തിന് ഒരുങ്ങുന്നുവെന്ന് തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ജാഗ്രത ഇരട്ടിയാക്കുന്നത്. ഏത് സാഹചര്യത്തേയും നേരിടാനുള്ള കരുത്ത് ഇന്ത്യൻ സേനയ്ക്കുണ്ടെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.