- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് പാവാ ഡാ, മറ്റവൻ കുഴപ്പക്കാരൻ; മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകൾ മോശം; ദിലീപിന്റെ സിനിമകൾ സൂപ്പർ; നടന് സൈബർ ഗൂണ്ടാ വിംഗുണ്ടെന്ന് ബൈജു കൊട്ടാരക്കര; സൈബർ ഗൂണ്ടായിസം പാക്കിസ്ഥാൻ ഐഡികൾ ഉപയോഗിച്ച്; എൻഐഎക്ക് പരാതി നൽകിയെന്നും സംവിധായകൻ
കൊച്ചി: ദിലീപിനെ അനുകൂലിച്ചും എതിർത്തും സംസാരിക്കുന്നവരെ നേരിടാൻ കൊച്ചിയിൽ വൻ സൈബർ ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ടി.വി ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാൻ ഐ.പി അഡ്രസുകൾ ഉപയോഗിച്ചാണ് ഇവർ സൈബർ ഗുണ്ടായിസം നടത്തുന്നതെന്നും ഇവർക്കെതിരെ താൻ എൻ.ഐ.എക്ക് പരാതി നൽകിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ബൈജു കൊട്ടാരക്കര പറഞ്ഞത്:
'സോഷ്യൽമീഡിയ പേജുകളിലെ കമന്റ്സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്മാരാണെന്ന് മനസിലാകും. വ്യാജ ഐഡികളും നൂറ് കണക്കിന് കമന്റുകളും. കൊച്ചിയിൽ ഒരു സൈബർ ഗുണ്ടാ വിംഗുണ്ട്. ഇവർക്ക് അസോസിയേഷൻ വരെയുണ്ട്. ദിലീപിന്റെ പിആർ വർക്ക് ചെയ്യുന്നതും ഇവരാണ്.''
'ഇവർക്കെതിരെ ഞാൻ എൻഐഎക്കും പരാതി നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ഐഡികൾ ഉപയോഗിച്ചാണ് ഇവർ സൈബർ ഗുണ്ടായിസം കാണിക്കുന്നത്. ഒരിക്കൽ എന്റെയൊരു പേജ് ഒരു മെയിൽ ഐഡി ഉപയോഗിച്ച ഈ സംഘം ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ ഐപി വച്ചാണ് ഇത് ബ്ലോക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ എൻഐഎക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർക്ക് പല ഗ്രൂപ്പുകളുണ്ട്. ഇതിൽ എല്ലാം ദിലീപ് പാവാ ഡ, മറ്റവൻ കുഴപ്പക്കാരനാണ് എന്ന കമന്റുകളാണ്. ദിലീപിനെ നല്ലവനാക്കി കാണിച്ച് കേസ് വഴി തിരിച്ചു വിടാനാണ് ഇവർ ശ്രമിക്കുന്നത്.''
'റിലീസ് ചെയ്യുന്ന സിനിമകൾക്കെതിരെയും ഇവർ പ്രചരണം നടത്തുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകൾ മോശമാണെന്ന് പറയും, ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോൾ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി.''ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിൽ ആറു ഫോണുകൾ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫോൺ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.
തിങ്കളാഴ്ച രാവിലെ 10.15ന് ഫോൺ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽനിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകി. ബുധനാഴ്‌ച്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഫോൺ മുംബൈയിൽ ആണെന്നും ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഏഴു ഫോണുകൾ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയിൽ പറഞ്ഞു. തുടർന്നാണ് ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. മൂന്ന് ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു.ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസിൽ സിറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയാണ് ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ