- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രീറ്റ് വേണം, വൈകീട്ട് ഫുഡ് കഴിക്കാൻ വരുമെന്ന് പറഞ്ഞു; വന്നത് രാത്രി ഒമ്പതോടെ; ആഹാരം കഴിച്ചതിന് പിന്നാലെ പൊടുന്നനെ കയറിപ്പിടിച്ചു; ബെഡ്റൂമിലേക്ക് വലിച്ചിഴച്ച് ബലമായി കീഴ്പ്പെടുത്തി; പിന്നീട് പീഡനം തുടർക്കഥയാക്കി: സിഐ സൈജുവിന്റെ രാത്രി സന്ദർശനങ്ങളിൽ ഒറ്റപ്പെട്ട് വനിതാ ഡോക്ടർ
തിരുവനന്തപുരം: അന്ന് ട്രീറ്റ് വേണം, വൈകീട്ട് ആറ് ആറരയോടെ ഫുഡ് കഴിക്കാൻ വരും എന്നായിരുന്നു പറഞ്ഞത്. എങ്കിൽ സന്ധ്യക്ക് തന്നെ ആഹാരം കഴിച്ച് തിരിച്ചുപോകുമല്ലോ എന്ന് ഞാനും വിചാരിച്ചു. പക്ഷേ, അൽപം കേസുകളുടെ തിരക്കുണ്ട്.. വൈകും എന്നുപറഞ്ഞു. അരമണിക്കൂർ.. അരമണിക്കൂർ എന്ന് പറഞ്ഞ് താമസിച്ച് എട്ടരകഴിഞ്ഞ് ഒമ്പതുമണിയോളം ആയപ്പോളാണ് വന്നത്. പിന്നെ ഭക്ഷണം കഴിച്ച ശേഷം സ്വഭാവം മാറി. എന്നെ പെട്ടെന്ന് കയറിപ്പിടിച്ചു ബെഡ്റൂമിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി. പെട്ടെന്ന് അപ്രതീക്ഷിതമായി ഇങ്ങനെയൊക്കെ ചെയ്തപ്പോൾ എനിക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല. - തന്നെ മലയിൻകീഴ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ.വി സൈജു വീട്ടിൽ സൽക്കാരം സ്വീകരിക്കാനെന്ന മട്ടിൽ വന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം ഡോക്ടറായ യുവതി മറുനാടനോട് വിവരിക്കുന്നത് ഇങ്ങനെയാണ്.
സ്വന്തം ഉടമസ്ഥതയിലുള്ള കടമുറികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴുണ്ടായ പരിചയം വളർത്തിയെടുത്ത് ഗൾഫിൽ ഡോക്ടറായിരുന്ന യുവതിയെ സിഐ 2019 ഒക്ടോബർ 13ന് രാത്രി ആദ്യമായി ഉപദ്രവിക്കുന്നത് ഇങ്ങനെയാണ്. ഈ സംഭവത്തിന് പിന്നാലെ പരാതി ഉണ്ടാകാതിരിക്കാൻ വിവാഹംകഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് യുവതിയെ വശത്താക്കുകയും അതിന് ശേഷം പലപ്പോഴും രാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി നൽകിയ പരാതി. തന്റെ കുടുംബം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ഭർത്താവ് ഉപേക്ഷിച്ചുപോകാൻ കാരണമാകുകയും ചെയ്തതിന് പിന്നാലെയാണ് പീഡന പരമ്പര അരങ്ങേറിയതെന്നാണ് യുവതിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ച യുവ ഡോക്ടറെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ താൻ സംരക്ഷിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സിഐ സൈജു വശത്താക്കിയതെന്ന് യുവതിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാകുന്നു.
കടമുറികൾ ഒഴിപ്പിക്കുന്നതിന് പരാതി നൽകാൻ സ്റ്റേഷനിൽ നേരിട്ട് ചെന്നപ്പോൾ തന്നെ തനിക്ക് നാട്ടിൽ ആരെയും പരിചയമില്ലെന്നും രാഷ്ട്രീയക്കാരുമായും മറ്റും ബന്ധമില്ലെന്നും അയാൾ മനസ്സിലാക്കിയിരുന്നു. കൂടുതൽ കാലവും ജീവിച്ചത് ഗൾഫിലായതിനാൽ ഇവിടെ ആരുമായും അങ്ങനെ വലിയ ബന്ധമില്ല. അതുകൊണ്ടാണ് നേരിട്ട് പോയത്. അന്ന് മൊബൈൽ നമ്പർ വാങ്ങിയ സൈജു പിന്നീട് പലപ്പോഴും കേസിന്റെ കാര്യത്തിന് ബന്ധപ്പെട്ടു. കടമുഴി ഒഴിപ്പിക്കുന്നതിന് നിയമപരമായി തന്നെയാണ് സഹായിച്ചത്. അതിന് ശേഷമാണ് ട്രീറ്റ് വേണമെന്നും മറ്റും ആവശ്യപ്പെട്ട് ബന്ധപ്പെട്ടു തുടങ്ങിയത്. വാട്സ് ആപ്പിലും മറ്റും സന്ദേശങ്ങൾ അയക്കാൻ തുടങ്ങി സ്ഥിരമായി. ഭർത്താവ് നാട്ടിൽ വന്നപ്പോഴും ഇത്തരത്തിൽ നിരന്തരം വിളിക്കുകയും മെസൈജ് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടെ കുടുംബം തകർന്നു. കാര്യങ്ങൾ ഞങ്ങളുടെ വേർപിരിയലിലേക്ക് കാര്യങ്ങൾ എത്തിച്ചു. അപ്പോഴും തന്റെ കുടുംബത്തിലും പ്രശ്നമാണെന്നും ഭാര്യയുമായി പിണങ്ങിയിരിക്കുകയാണെന്നും അവരെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യാമെന്നുമെല്ലാമായിരുന്നു സൈജു പറഞ്ഞത്.
ഇത്തരത്തിൽ ബന്ധം തുടർന്നതോടെ തീർത്തും ഒറ്റപ്പെട്ടുപോയ തനിക്ക് മറ്റൊരു ആശ്രയമില്ലാതായി അയാളെ വിശ്വസിക്കേണ്ടിവന്നു. പക്ഷേ, തന്നെ ശാരീരികമായി ഉപയോഗിക്കുകയും പണം കൈക്കലാക്കുകയുമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് അറിയാൻ വൈകി. പിന്നെ വീട്ടിൽ വരുന്നതും തന്നെ ശാരീരികമായി ചൂഷണം ചെയ്യുന്നതും വിലക്കിയതോടെ പലപ്പോഴും ബലപ്രയോഗത്തിന് മുതിർന്നു. അപ്പോഴൊന്നും സമ്മതിക്കാതെ വന്നതോടെ ഭീഷണിയായി. കൊല്ലുമെന്നുപറഞ്ഞായിരുന്നു ഭീഷണി. അയാൾക്ക് രാഷ്ട്രീയത്തിലും മണൽമാഫിയയുമായും ഒക്കെ ബന്ധമുണ്ടെന്ന് കേട്ടിരുന്നു. ഇതോടെ ഞാൻ ശരിക്കും പേടിച്ചു. വീണ്ടും വധഭീഷണിയുമായി ഇക്കഴിഞ്ഞ ജനുവരിയിലും വന്നതോടെയാണ് അവസാനം പൊലീസിൽ പരാതി നൽകിയത്. - ഡോക്ടർ പറയുന്നു.
രാത്രി സന്ദർശനങ്ങളിലെ പൊലീസ് ബുദ്ധി
അയാൾ എപ്പോഴും വന്നിട്ടുള്ളത് രാതികളിലാണ്. ഒമ്പതു പത്തുമണിയാകും. പൊലീസ് ജീപ്പിലല്ല, ബൈക്കിലാണ് വരവ്. ആളുടെ പൊലീസ് ബുദ്ധിയാണല്ലോ. ഹെൽമറ്റ് വച്ചിട്ടുണ്ടാകും. മലയിൻകീഴ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ തന്നെയായിരുന്നു വരുന്നത്. ബൈക്ക് വീട്ടിന് മുന്നിലെ റോഡിൽ കടകളുടെ അടുത്ത് നിർത്തും. അവിടെ മറ്റുവണ്ടികളും കാറുമൊക്കെ നിർത്തിയിട്ടുണ്ടാകും. എന്നിട്ട് ഹെൽമറ്റ് ഊരാതെയാണ് വീട്ടിലേക്ക് വരുക. ആരും ശ്രദ്ധിക്കാതിരിക്കാൻ ഇക്കാര്യത്തിലെല്ലാം പൊലീസ് ബുദ്ധി കാണിച്ചതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എങ്കിലും വണ്ടി ആരെങ്കിലും ശ്രദ്ധിച്ചുകാണുമോ എന്ന പേടി അയാൾക്ക് ഉണ്ടായിരുന്നു. നമ്പർ അറിയുന്ന ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നെല്ലാം പറയും. മിക്കവാറും നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിലാണ് അതിനിടെ വരുന്നത്. ഇങ്ങനെ വരുമ്പോൾ സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് ഫോൺ വരും. അതിന് മറുപടി പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ വന്നതെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൈവം സഹായിച്ച്, ഒക്ടോബറിൽ ഗേറ്റ് കയറി വരുമ്പോ ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നില്ല, മുഖം ക്ളിയറായി കാണാം. - യുവതി പറയുന്നു.
ആൾ വീട്ടിലല്ല താമസിക്കുന്നത്. ഇവിടെ കരിപ്പൂര് എന്ന സ്ഥലത്ത് ഒരു കല്യാണമണ്ഡപത്തിന്റെ മുകളിലാണ് താമസിക്കുന്നത്. വീടുമായി ബന്ധമില്ല എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചതും ഇങ്ങനെയാണ്. ഭാര്യയെ ഉപേക്ഷിക്കാൻ പോകുകയാണെന്നും എന്റെ കൂടെ ജീവിക്കാമെന്നും പറഞ്ഞു. വീട്ടിൽ പോകുന്നത് ഡ്രസ് മാറാനും മക്കളുടെ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ചെയ്യാനുമാണ് എന്നാണ് പറഞ്ഞിരുന്നത്. ആദ്യം എസ്‌ഐ ആയിരുന്നപ്പോഴും ആളുടെ വീട്ടിലല്ല താമസിച്ചിരുന്നത്. വൈഫുമായി ഒരു ബന്ധവുമില്ല എന്നാണ് പറഞ്ഞത്. എന്നാൽ തന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലായതോടെ ഇനി ഈ ബന്ധം പറ്റില്ലെന്ന് തീർത്തുപറഞ്ഞു. ഇതോടെയാണ് ശത്രുത തുടങ്ങിയത്. എന്നിട്ടും ഇക്കഴിഞ്ഞ ജനുവരി 24ന് ശബരിമല ഡ്യൂട്ടികഴിഞ്ഞ് വീട്ടിൽ വന്നു. ബലമായി എന്നെ ഉപദ്രവിക്കാൻ നോക്കി. ഞാൻ വഴങ്ങിയില്ല. ഇതോടെ 28ന് വീണ്ടും ഭീഷണിയുമായി വന്നു. വഴങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്നു പറഞ്ഞു. ഇതോടെയാണ് പരാതി നൽകാൻ തയ്യാറായത്. - യുവതി പറയുന്നു.
ബന്ധങ്ങളറ്റ് അനാഥയായത് പൊടുന്നനെ
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. തലസ്ഥാനത്തെ ഒരു സാധാരണ കുടുംബത്തിലെ അരുമമകൾ. പത്താംക്ളാസിൽ സ്‌കൂളിൽ ഫസ്റ്റ്. അദ്ധ്യാപകരുടേയെല്ലാം അരുമശിഷ്യ. പിന്നീട് തിരുവനന്തപുരത്തെ പ്രമുഖ കോളേജിൽ പ്രീഡിഗ്രി പഠനം. ആദ്യ എൻട്രൻസിൽ തന്നെ മെഡിസിന് അഡ്‌മിഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടറായി പുറത്തിറങ്ങി. അതിന് ശേഷം വിവാഹവും പിന്നീട് നല്ല നിലയിൽ ജോലിയുള്ള ഭർത്താവിനൊപ്പം ഗൾഫിലേക്ക്. അങ്ങനെ സന്തുഷ്ട കുടുംബജീവിതം നയിച്ചുവന്ന ഒരു വനിതാ ഡോക്ടറുടെ ജീവിതമാണ് സ്നേഹം നടിച്ച് അടുത്തുകൂടി ഇൻസ്പെക്ടർ സൈജു എന്ന കാക്കിക്കുള്ളിലെ ക്രൂരത തകർത്തുകളഞ്ഞത്. വിവാഹജീവിതത്തിന് പിന്നാലെ മാതാപിതാക്കളെ നഷ്ടമായ യുവതിക്ക് പിന്നെ ആശ്രയം ഭർത്താവ് മാത്രമായിരുന്നു. എന്നാൽ ഭർത്താവുപോലും ഉപേക്ഷിച്ചുപോകുന്ന സാഹചര്യത്തിലേക്ക് ആ യുവതിയെ കൊണ്ടെത്തിക്കുകയായിരുന്നു ആദ്യം. പിന്നീട് വീട്ടിൽ സൽക്കാരം സ്വീകരിക്കാനും ഭക്ഷണം കഴിക്കാനുമെന്ന വ്യാജേന എത്തി അതിക്രൂരമായി മാനഭംഗം ചെയ്യുകയുമായിരുന്നു നിയമപാലകനായ പ്രതി. മാതാപിതാക്കളുടെ വിയോഗത്തിന് പിന്നാലെ ഭർത്താവ് മാത്രമായിരുന്നു ആശ്രയം. ഈ സംഭവത്തോടെ ഭർത്താവുകൂടെ ഉപേക്ഷിച്ചതോടെ മക്കൾ ഇല്ലാത്ത ഈ യുവ ഡോക്ടർ തലസ്ഥാനത്തെ വീട്ടിൽ ആരോഗ്യം തകർന്ന്, മാനസിക വ്യഥയോടെ ഒറ്റപ്പെട്ട് പേടിച്ചുകഴിയുന്നു.
സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി എന്നല്ലാതെ അറസ്റ്റുചെയ്യാനോ സസ്പെന്റുചെയ്യാൻ പോലുമോ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. ഇടതുപക്ഷ അനുകൂല പൊലീസ് സംഘടനയുടെ തലസ്ഥാനത്തെ പ്രമുഖ നേതാവായ പ്രതി സൈജുവിനെ തൊടാൻ അന്വേഷണ ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിലെ ഉന്നതരുംപോലും ഭയക്കുന്നു എന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. സ്ത്രീസുരക്ഷയെന്ന് മുട്ടിനുമുട്ടിന് പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു വനിതാ സംഘടനാ നേതാക്കളും സാംസ്‌കാരിക നായകരുമൊന്നും തലസ്ഥാനത്ത് അവരുടെ മൂക്കിന് താഴെ ഇത്തരത്തിൽ ഒരു കൊടിയ പീഡനം നടന്ന വിവരം അറിഞ്ഞമട്ടു കാണിക്കുന്നില്ല.
സംഭവത്തിൽ ഏതായാലും യുവതിയുടെ പരാതി സ്വീകരിച്ച് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ ഡിവൈഎസ്‌പി സുൽഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അദ്ദേഹത്തിൽ നിന്ന് കേസന്വേഷണത്തിനിടെ മാന്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നല്ല നിലയിൽ തന്നെ അന്വേഷിക്കുമെന്നാണ് പറഞ്ഞതെന്നും ഡോക്ടർ മറുനാടനോട് പറഞ്ഞു. രണ്ട് സൈബർ വിദഗ്ധരും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും മറ്റൊരു പൊലീസുകാരനും സുൽഫിക്കർ സാറുമാണ് വന്നത്. അദ്ദേഹം വിവരമെല്ലാം ചോദിച്ച് മനസ്സിലാക്കി. പക്ഷേ, സംഭവത്തിൽ അദ്ദേഹം നിസ്സഹായനാണെന്നാണ് തോന്നിയത്. സൈജുവിന് അത്രയ്ക്ക് പിടിപാടുണ്ട്. അതാണെന്റെ പേടി - ഡോക്ടർ പറയുന്നു. ഏതായാലും കേസിൽ വ്യക്തമായി തെളിവുണ്ടായിട്ടും പ്രതിയായ സിഐയെ ഇതുവരെ അറസ്റ്റുചെയ്യാനോ സസ്പെന്റ് ചെയ്യാൻപോലുമോ ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് അസോസിയേഷനിലെ പ്രമുഖൻ എന്ന നിലയിൽ വിലസിയിരുന്ന നേതാവിനെ തൊടാൻ ആഭ്യന്തര വകുപ്പിലെ ഉന്നതരും തയ്യാറല്ല.
മറുനാടന് മലയാളി ബ്യൂറോ