തൃശൂർ: പി.എസ്.സിക്കെതിരെ പ്രതികരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന പിഎസ് സിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാറിനും പിഎസ് സിക്കുമെതിരെ തുറന്നടിച്ചു എഴുത്തുകാരനും ചിന്തകനുമായി സി ആർ പരമേശ്വരൻ. ജനാധിപത്യ കേരളത്തിലെ ജനങ്ങൾ കണ്ണൂർ മാഫിയയ്ക്ക് ഭരണത്തുടർച്ച കിട്ടില്ലെന്നുറപ്പ് വരുത്തണം, പിൻവാതിൽ നിയമനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ലക്ഷകണക്കിന് തൊഴിൽ രഹിതരും അവരുടെ കുടുംബങ്ങളും ഒരു വോട്ട് ബാങ്കായി മാറണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വിമർശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലങ്ങ് തടിയിടാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരണം എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ നെറികെട്ട നടപടികളെ വിമർശിച്ച ചെറുപ്പക്കാരെ ഡിബാർ ചെയ്ത പബ്ലിക് സർവ്വീസ് കമ്മീഷന്റെ അൽപ്പത്തത്തിനെതിരെ ജനങ്ങളും യുവാക്കളും പ്രതികരിക്കണമെന്ന് പരമേശ്വരൻ തന്റെ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു. ലക്ഷകണക്കിന് യുവതി-യുവാക്കൾ മത്സരപരീക്ഷയിൽ ജയിച്ച് ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ പിൻവാതിലിലൂടെ നാലാംകിടക്കാരായ പാർട്ടി അടിമകളെ നിയമിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചേ മതിയാകൂവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇതേക്കുറിച്ച് പറഞ്ഞാൽ, അവരെ ഡിബാർ ചെയ്യുന്ന അൽപ്പന്മാരാണ് പി.എസ്.സിയിലുള്ളത്. ഭരണമാഫിയയ്ക്കെതിരെ ഒരു ചെറിയ വിമർശനമുയർന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒച്ചയും തെറിയുമായി ചാടി വീഴുന്ന കഴുതപുലികളിൽ ഭൂരിഭാഗവും ഇത്തരം പരാദങ്ങളാണ്. അതിൽ ശിപായി മുതൽ വൈസ് ചാൻസലർ വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്ന് സി.ആർ പരമേശ്വരൻ പരിഹസിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

തങ്ങളുടെ നെറികെട്ട നടപടികളെ വിമർശിച്ച ഉദ്യോഗാർഥികൾ ആയ ചെറുപ്പക്കാരെ ഡീബാർ ചെയ്തപബ്ലിക് സർവീസ് കമ്മീഷന്റെ അല്പത്വം നോക്കൂ. പിൻവാതിൽ നിയമനം മൂലം നിയമനം ലഭിക്കാതെ പോയ, ഏഷ്യാനെറ്റ്പരമ്പരയിൽ കണ്ട, ആ യുവതീയുവാക്കന്മാരുടെ കരുവാളിച്ച മുഖങ്ങൾ ശരിക്കും ഉറക്കം കെടുത്തുന്നവയാണ്. ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന മത്സരപരീക്ഷയിൽ ജയിച്ചു റാങ്ക് നേടുക ,ഒരു നിയമനത്തിനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോൾ ആ സ്ഥാനങ്ങൾ പിൻവാതിൽ നിയമനങ്ങളിലൂടെ നാലാംകിടക്കാരായ പാർട്ടിയടിമകൾ കൊണ്ട് പോകുന്നത് കാണുക. തങ്ങളുടെ ദാരുണാവസ്ഥയെ കുറിച്ച് അൽപ്പമൊന്നു കരഞ്ഞാൽ ഈ പരാദങ്ങളാൽ ഡീബാർ ചെയ്യപ്പെടുക .ഇതെന്തൊരു സമൂഹമാണ്!

പരാദങ്ങളെ കുറിച്ച് ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്: ഭരണമാഫിയക്കെതിരെ ചെറിയ ഒരു വിമർശനം ഉയർന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ഒച്ചയും തെറിയുമായി ചാടി വീഴുന്ന കഴുതപ്പുലികളിൽ ഭൂരിഭാഗവും ഇത്തരം പരാദങ്ങൾ ആണ്. അതിൽ വർഗ്ഗഭേദമൊന്നുമില്ല.ശിപായി മുതൽ വൈസ് ചാൻസലർമാർ വരെയുള്ളവർ ഈ പറ്റിത്തീനിക്കൂട്ടത്തിൽ ഉണ്ടാകും. നീതിനിഷ്ഠയുള്ള ഒരു രാജ്യമായിരുന്നെങ്കിൽ ഇത് പോലുള്ള പരസഹസ്രം കാരണങ്ങളാൽ അഭിനവ ചെഷ്സ്‌ക്യുവും പാദദാസന്മാരും പണ്ടേക്കു പണ്ടേ തിരോഭവിക്കുമായിരുന്നു.

നമ്മുടേത് പോലുള്ള ജനാധിപത്യത്തിൽ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വോട്ടുബാങ്കുകളാണ് .പിൻവാതിൽ നിയമനങ്ങളാൽ ഇങ്ങനെ വഞ്ചിക്കപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിൽ രഹിതരും അവരുടെ കുടുംബങ്ങളും ഒരു വോട്ട് ബാങ്ക് ആകണം. കണ്ണൂർ മാഫിയക്ക് ഭരണത്തുടർച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണം .അവർക്കും അവർക്കു പകരം വരാനിരിക്കുന്ന ചെകുത്താന്മാർക്കും അത് ഒരു പാഠമാകണം.