- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ചുമതല ആർക്കും നൽകാതെ പിണറായി അമേരിക്കയിൽ ചികിത്സയിൽ; തുടർച്ചയായ അവധിയുടെ ആലസ്യത്തിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും; അജൻഡ നോട്ടുകൾ തയാറാകാത്തതിനാൽ മന്ത്രിസഭായോഗം മാറ്റി; കേരളത്തിൽ ഭരണം നാഥനില്ലാ കളരി പോലെ
തിരുവനന്തപുരം: കേരളത്തിൽ ഭരണചക്രം തിരിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുകയാണ്. മുഖ്യമന്ത്രി ഇല്ലാത്ത സമയത്തെ നിർണായകമായ തീരുമാനം എടുക്കേണ്ട കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലാണ്. നേതാക്കൾ പലരും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കും നീങ്ങിക്കഴിഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനാൽ അവർ പണിമുടക്കിലാണ്.
ഇത്തരം നിരവധി പ്രശ്‌നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ മന്ത്രിസഭാ യോഗം പോലും നേരാംവണ്ണം കേരളത്തിൽ നടക്കുന്നില്ല. ഇന്നലെ നടക്കേണ്ട മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിവെച്ചതും കേരള ഭരണത്തിലെ കുത്തഴിഞ്ഞ അവസ്ഥ വ്യക്തമാക്കുന്നതായി. അവധി മൂലം അജൻഡ നോട്ടുകൾ പൂർണമായും തയാറാകാത്ത സാഹചര്യത്തിലാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം ഇന്നത്തേക്കു മാറ്റിയിരിക്കുന്നത്.
ബുധനാഴ്ച ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം, റമസാൻ പ്രമാണിച്ചു തിങ്കളും ചൊവ്വയും അവധിയായിരുന്നതിനാൽ, വ്യാഴാഴ്ചത്തേക്കു മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഈയാഴ്ച തീരുമാനം എടുക്കേണ്ട വിഷയങ്ങളുടെ മന്ത്രിസഭാ കുറിപ്പുകൾ പൂർണമായും തയാറായില്ല. ഇതേ തുടർന്നാണ് ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്ന്ത്.
അവധിക്കു ശേഷം സെക്രട്ടേറിയറ്റ് സജീവമായതു ബുധനാഴ്ചയാണ്. അവധിയുടെ ആലസ്യം വിട്ട് ഓഫിസ് പ്രവർത്തനം പൂർണതോതിൽ ആകാത്തതാണു മന്ത്രിസഭാ യോഗത്തിനുള്ള അജൻഡ നോട്ടുകളുടെ കാര്യത്തിലും കാലതാമസം വരുത്തിയത്. ഇന്നു രാവിലെ ഒൻപതിന് ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ യുഎസിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആധ്യക്ഷ്യം വഹിക്കും.
18 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് സൂചന. കഴിഞ്ഞ ജനുവരി മാസത്തിൽ മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് പിണറായി വിജയൻ വീണ്ടും അമേരിക്കയിലെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇക്കുറി എത്ര ദിവസം ചികിത്സ ഉണ്ടാകുമെന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇനിയും വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും കൈമാറാതെയായിരുന്നു പിണറായി അമേരിക്കയിൽ ഇതുവരെ ചികിത്സ തേടിയിട്ടുള്ളത്.
നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിങ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ തുടർ ചികിത്സക്ക് വേണ്ടി പോയപ്പോളും ആർക്കും ചുമതല നൽകിയിരുന്നില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ്. ആർക്കും ചുമതല നൽകാതെ മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ