- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എ.ജി. റിപ്പോർട്ട് വിവാദം; ധനമന്ത്രിക്ക് നിയമസഭാസമിതിയുടെ ക്ലീൻ ചിറ്റ് എന്ന് സൂചന; ഐസക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തൽ; അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ യോഗം ബുധനാഴ്ച
തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീൻ ചിറ്റ് എന്ന് സൂചന. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ബുധനാഴ്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ചേരുന്ന സമിതി ഈ സഭാസമ്മേളന വേളയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
സി.എ.ജി. റിപ്പോർട്ട് സഭയിൽവെക്കുന്നതിന് മുൻപേ അതിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ മന്ത്രി പുറത്തുവിട്ടു എന്നതാണ് തോമസ് ഐസക്കിനെതിരെ അവകാശലംഘന പരാതിക്ക് കാരണമായത്. കോൺഗ്രസ് എംഎൽഎ. വി.ഡി. സതീശനാണ് തോമസ് ഐസക്കിനെതിരെ സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ ഈ പരാതി പരിശോധിക്കുകയും പ്രിവിലേജസ് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ മന്ത്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് മന്ത്രിയെയും പരാതിക്കാന്റെയും ഭാഗം സമിതി കേട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു മുൻപിൽ ഹാജരാകേണ്ടി വന്നത്.
സി.എ.ജി. റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. എ. പ്രദീപ്കുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്.സമിതിയിലെ അംഗങ്ങളിൽ ഭൂരിഭാഗവും എൽ.ഡി.എഫ്. അംഗങ്ങളാണ്. സി.എ.ജിക്കുണ്ടായ വീഴ്ചയാണെന്ന രീതിയിലാണ് മന്ത്രി സമിതിക്കു മുന്നിൽ വിശദീകരണം നൽകിയത്. സി.എ.ജി. റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് മുൻപ് അതിലെ പലഭാഗങ്ങളും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും ധനമന്ത്രി എന്ന നിലയിൽ അതിനെ പ്രതിരോധിക്കുകയായിരുന്നു എന്നുമാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുള്ളത്.
നിയമസഭയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോർട്ട് തയ്യാറാക്കാൻ സി.എ.ജിക്ക് അവകാശമില്ല. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സി.എ.ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെയെല്ലാം പ്രതിരോധിക്കുക, ഇത് ജനങ്ങളെ അറിയിക്കുക, സംസ്ഥാനത്തിന്റെ താൽപര്യപ്രകാരം നിൽക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യമെന്നും തോമസ് ഐസക്ക് സമിതിക്കു മുൻപാകെ അറിയിച്ചു. ഇത് അവകാശലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ വാദത്തെ സമിതി അംഗീകരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്