കോഴിക്കോട്: കോഴിക്കോട്ടെ ഹണിട്രാപ്പ് സംഘത്തിന്റെ കെണിയിൽ വീണത് നിരവധി പേരെന്ന് സൂചനകൾ. സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ഹണിട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണും മറ്റും കവരുന്നതാണ് യുവതി അടങ്ങിയ സംഘത്തിന്റെ ശൈലി. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

കോഴിക്കോട് ടൗൺ പൊലീസാണ് ഈ ഹണിട്രാപ്പ് സംഘത്തെ പൊക്കിയത്. റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ വച്ച് കാസർകോട് സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസൻഭായ് വില്ലയിൽ ഷംജാദ് പി.എ എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർകോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാൻ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികൾ ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തുകയായിരുന്നു.

മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ പ്രതികൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എസ്.ജയശ്രീ, അനിൽകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഉദയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, ജിതേന്ദ്രൻ, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.