കൊച്ചി : വർഷങ്ങൾ ബുക്ക് ചുമന്ന് ക്ലാസ് മുറികളിൽ കുത്തിയിരുന്നു പഠനം പൂർത്തിയാക്കി. പക്ഷെ അഭിഭാഷകന്റെ കോട്ടണിയാൻ ഒരുങ്ങിപുറപ്പെട്ടപ്പോൾ അവസരം നിഷേധിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എൽ എൽ ബി പരീക്ഷാ എഴുതി ജയിച്ച വിദ്യാർത്ഥികൾക്കാണ് ഈ ദുർഗതി ഉണ്ടായത്.

ഫലം വൈകിയതു മൂലം നിരവധി വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം അഭിഭാഷകരായി എന്റോൾ ചെയ്യാനുള്ള അവസരം നഷ്ടമായി. കാലിക്കറ്റിന് കീഴിലുള്ള രണ്ട് ലോ കോളേജുകളിൽ നിന്ന് എൽ എൽ ബി പാസായവരിൽ 15 ശതമാനം പേർക്ക് മാത്രമാണ് ഇന്നലെ എന്റോൾ ചെയ്യാൻ കഴിഞ്ഞത്.

വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് കാലിക്കറ്റിന്റെ എൽ എൽ ബി അവസാന സെമസ്റ്റർ പരീക്ഷാ ഫലം വന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയായിരുന്നു എന്റോൾമെന്റിന് ഓൺലൈനായി അപേക്ഷ നൽകാനുള്ള സമയപരിധി. ഈ സമയത്തിനുള്ളിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി ഓൺലൈനായി അപേക്ഷ നൽകാൻ പലർക്കും കഴിഞ്ഞില്ല. വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ച എന്റോൾമെന്റിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം രാത്രി 12 വരെ ബാർ കൗൺസിൽ നീട്ടി നൽകിയിരുന്നു.

എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തി സർട്ടിഫിക്കറ്റ് വാങ്ങി ഫീസടച്ച് എന്റോൾ ചെയ്യാനും ഗൗൺ സംഘടിപ്പിക്കാനും വേണ്ടത്ര സമയം ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ട് സർട്ടിഫിക്കറ്റ് വാങ്ങി ഫീസ് തുക ബാങ്കിലടച്ച് അപേക്ഷ നൽകിയവർക്ക് മാത്രമാണ് എന്റോൾ ചെയ്യാൻ സാധിച്ചത്. പതിനായിരം രൂപ എന്റോൾമെന്റ് ഫീസിന് പുറമെ എണ്ണായിരം രൂപ ലേറ്റ് ഫീസും അടച്ചാണ് ഇവർ ഇന്നലെ എന്റോൾ ചെയ്തത്. അവസരം നഷ്ടമായവർക്ക് ഏപ്രിൽ 10ന് നടക്കുന്ന അടുത്ത എന്റോൾമെന്റിൽ സന്നദ് എടുക്കാൻ കഴിയുമെന്ന് പിന്നീട് ബാർ കൗൺസിൽ അറിയിച്ചു.

ഇനിയും വൈകുമായിരുന്ന കാലിക്കറ്റിന്റെ എൽ എൽ ബി റിസൾട്ട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 25ന് പ്രഖ്യാപിച്ചത്. പരീക്ഷാഫലം വൈകുന്ന
സാഹചര്യത്തിൽ എന്റോൾമെന്റ് മുടങ്ങുമെന്ന് കാണിച്ച് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 27നകം റിസൾട്ട് പ്രഖ്യാപിക്കുമെന്ന് യൂണിവേഴ്‌സിറ്റി അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. 27ന് റിസൾട്ട് വന്നാൽ 28ന് എന്റോൾ ചെയ്യാൻ കഴിയില്ലെന്നതിനാൽ പ്രതീക്ഷ കൈവിട്ടിരിക്കുകയായിരുന്നു
വിദ്യാർത്ഥികൾ. അതുകൊണ്ട് തന്നെ 25ന് രാത്രി ഫലം പ്രഖ്യാപിച്ചതോടെ ഒറ്റ ദിവസം കൊണ്ട് ലേറ്റ് ഫീസിന് പണം കണ്ടെത്താനും അപേക്ഷ നൽകാനുള്ള നടപടികൾ പൂർത്തിയാക്കാനും പലർക്കും കഴിയാതെ പോയി.

കാലിക്കറ്റിന്റെ എൽ എൽ ബി കോഴ്‌സ് വൈകുന്നതിനെതിരെ വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എൽ എൽ ബി കോഴ്‌സിന് ബാർ കൗൺസിൽ അംഗീകാരം നൽകാത്തതിനെതിരെ എന്റോൾമെന്റ് ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധം അറിയിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ആരംഭിച്ച ബി എ ക്രിമിനോളജി എന്ന വിഷയത്തിലുള്ള പഞ്ചവത്സര എൽ എൽ ബി കോഴ്‌സ് പഠിക്കുന്ന എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് എന്റോൾമെന്റ് ചടങ്ങ് നടന്ന ഫൈൻ ആർട്‌സ് ഹാളിന് മുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത്. കോഴ്‌സിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെന്നും അഭിഭാഷകരായി എന്റോൾ ചെയ്യാൻ കഴിയില്ലെന്നും അവസാന സെമസ്റ്ററിൽ മാത്രമാണ് വിദ്യാർത്ഥികൾ അറിയുന്നത്. ബി എ ക്രിമിനോളജി കോഴ്‌സ് തുടരേണ്ടതില്ലെന്നും പകരം പുതുതായി ബി കോം ക്രിമിനോളജി കോഴ്‌സ് ആരംഭിക്കാനുമാണ് യൂണിവേഴ്‌സിറ്റി തീരുമാനം.

ഇതോടെ ബി എ ക്രിമിനോളജി പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ബാർ കൗൺസിൽ അംഗീകാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് ബാർ കൗൺസിൽ ഭാരവാഹികൾ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാതെ സിലബസിൽ യൂണിവേഴ്‌സിറ്റി മാറ്റം വരുത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ബാർ കൗൺസിൽ ഭാരവാഹികൾ പറയുന്നു.