- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർവ്യൂവിനു മുമ്പു വീട്ടിലെത്തി വിലപേശിയ ശേഷം നിയമനം; 250 തസ്തികയിലേക്കു 10-15 ലക്ഷം വീതം കോഴ; കാലിക്കറ്റ് വാഴ്സിറ്റി അസിസ്റ്റന്റ് നിയമന അഴിമതിയിൽ കോൺ- ലീഗ് നേതാക്കളും സിൻഡിക്കറ്റംഗങ്ങളും
മലപ്പുറം: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനായി കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജിവയ്ക്കാൻ തയ്യാറാവാതെ തൽസ്ഥാനത്ത് തുടരുകയാണ് മുസ്ലിം ലീഗ് നേതാവ് ഫിറോസ് കള്ളിയിൽ. മുസ്ലിം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിലു
മലപ്പുറം: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനായി കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജിവയ്ക്കാൻ തയ്യാറാവാതെ തൽസ്ഥാനത്ത് തുടരുകയാണ് മുസ്ലിം ലീഗ് നേതാവ് ഫിറോസ് കള്ളിയിൽ. മുസ്ലിം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിറോസിന്റെ ഭീഷണിക്കും സമ്മർദങ്ങൾക്കും മുന്നിൽ നേതൃത്വം രാജിയാവശ്യത്തിൽനിന്നും പിന്മാറുകയായിരുന്നു. അഴിമതി ഉന്നതരിലേക്ക് നീളുമെന്നതാണ് ലീഗ് നേതൃത്വത്തെ പിന്നോട്ടടിപ്പിച്ചതിന്റെ കാരണം.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമനത്തിന്റെ പേരിൽ ഇടനിലക്കാർ മുതൽ ഓരോരുത്തരും പോക്കറ്റിലാക്കിയത് ലക്ഷങ്ങളായിരുന്നു. ലീഗിന്റെയും കോൺഗ്രസിന്റെയും ഉന്നതനേതാക്കളുടെ അറിവോടുകൂടിയായിരുന്ന വിലപേശൽ നിയമനം നടത്തിയത്. മുസ്ലിംലീഗ് നേതാവും തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റുമായ ഫിറോസ് കള്ളിയിൽ ദിവസങ്ങൾക്ക് മുമ്പ് ചാനൽ ഒളിക്യാമറയിൽ കുടുങ്ങിയതോടെയാണ് നിയമനത്തിനു പിന്നിലെ കോഴ വെളിച്ചത്തുവന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒഴിവ് വന്ന 250 അസിസ്റ്റന്റ് തസ്തികയിലേക്കായിരുന്നു ദിവസങ്ങൾ നീണ്ടുനിന്ന അഭിമുഖം നടന്നത്. തുടക്കത്തിൽ 26,000 രൂപ ശമ്പളമുള്ള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പോസ്റ്റിലേക്കായി ആയിരക്കണക്കിനു പേർ അപേക്ഷിച്ചിരുന്നു. എന്നാൽ അധികൃതർക്ക് നേരത്തെ ലക്ഷങ്ങൾ നൽകിയവർക്കെല്ലാം ജോലി നൽകാമെന്ന ഉറപ്പ് ഇടനിലക്കാർ മുഖേന നൽകുകയായിരുന്നു. എന്നാൽ ഉദ്യോഗാർത്ഥികളിൽനിന്നുള്ള ആക്ഷേപങ്ങൾ ഒഴിവാക്കാൻ കുറ്റമറ്റ രീതിയിലായിരുന്നു ഇന്റർവ്യൂ ബോർഡ് അഴിമതിക്ക് വഴിയൊരുക്കിയത്.
ഇന്റർവ്യൂവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരോ റാങ്കോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിരുന്നില്ല. ഉദ്യോഗാർഥി എത്തേണ്ട തിയ്യതിയും രജിസ്റ്റർ നമ്പറും മാത്രമായിരുന്നു പുറത്തു വിട്ടിരുന്നത്. ഇതേസമയം പേരും അഡ്രസും ശേഖരിച്ച് അഭിമുഖത്തിലേക്ക് എത്തേണ്ടവരെ ഇന്റർവ്യൂ ബോർഡംഗങ്ങളും ഇടനിലക്കാരും ചേർന്ന് മുൻകൂട്ടി വീടുകളിൽ പോയി കാണുകയായിരുന്നുവത്രെ. പിന്നീട് വിലപേശി ഉറപ്പിച്ച് ആദ്യമേ നിയമിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.
വൈസ് ചാൻസലർ ഉൾപ്പടെ അഞ്ചു സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്നതായിരുന്നു ഇന്റർവ്യൂ ബോർഡ്. രണ്ടു ലീഗ് അംഗങ്ങളും കോൺഗ്രസ് ഐ വിഭാഗം നേതാക്കളായ രണ്ടുപേർ എന്നിവരാണു മറ്റുള്ളവർ. ഇവരുടെ അറിവോടെയാണ് അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി നടന്നിരിക്കുന്നത്. തുക സിൻഡിക്കേറ്റ് അംഗങ്ങൾക്ക് വീതിച്ചു നൽകുന്നതിനാണെന്ന് ഒളിക്യാമറാ ദൃശ്യങ്ങളിലെ ഫിറോസിന്റെ വാക്കുകൾ വ്യക്തമാക്കുന്നതാണ്.
ജോലിയിൽ പ്രവേശിച്ചയുടനെ 26,000 രൂപ ശമ്പളമായി ലഭിക്കുന്നുണ്ട് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റുമാർക്ക്. തടർന്ന് രണ്ടു വർഷം ജോലിയിൽ തുടർന്നാൽ 35,000 മുതൽ 40,000 രൂപ വരെയും ശമ്പളം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും. പ്രമോഷൻ ലഭിച്ച് അസിസ്റ്റന്റ് രജിസ്ട്രാർ വരെ ആകാവുന്ന തസ്തികയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. ഇതുകൊണ്ടുതന്നെ പണം എത്രവേണമെങ്കിലും നൽകി ജോലിയുറപ്പിക്കാൻ നിരവധി പേർ ക്യൂ നിൽക്കുന്നുണ്ടായിരുന്നു.
ഇടനിലക്കാരനായ തേഞ്ഞിപ്പലം പഞ്ചായത്ത് ഏഴാം വാർഡ് ലീഗ് സെക്രട്ടറി ജാഫറിന്റെ നിർദ്ദേശപ്രകാരമായിരുന്നു ജോലി ആവശ്യാർത്ഥം ചാനൽസംഘം ഫിറോസിനെ കാണാനായി യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ എത്തിയത്. സിൻഡിക്കേറ്റ് അംഗങ്ങൾക്കും യൂണിവേഴ്‌സിറ്റിയിലെ ഉന്നതർക്കും പ്രവേശനമുള്ള ഗസ്റ്റ് ഹൗസ് യൂണിവേഴ്‌സിറ്റി ഭരണ ബോർഡുകളിൽ അംഗമല്ലാത്ത ഫിറോസിന്റെ സ്വന്തം വീട് പോലെയായിരുന്നു. വി സിയുമായുള്ള അടുപ്പമാണ് ഫിറോസിനെ യൂണിവേഴ്‌സിറ്റിയുടെ മേൽനോട്ടക്കാരനാക്കിയത്.
പതിനഞ്ചു ലക്ഷമായിരുന്നു ആദ്യം ഫിറോസ് ആവശ്യപ്പെട്ടത്. തുടർന്നുനടന്ന വിലപേശലിൽ പത്തുലക്ഷത്തിലേക്ക് എത്തിക്കുകയും എട്ടുലക്ഷം ഉടൻ എത്തിക്കണമെന്നും സിൻഡിക്കേറ്റിലെ മറ്റംഗങ്ങൾക്ക് നൽകാനാണെന്നുമായിരുന്നു ഫിറോസ് കള്ളിയിൽ പറഞ്ഞത്. ദൃശ്യം പുറത്തുവന്നതോടെ യൂണിവേഴ്‌സിറ്റി പുതിയ സമരത്തിന് വേദിയാവുകയായിരുന്നു. ഇതോടൊപ്പം തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പടെ വിവിധ പാർട്ടികൾ തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം ആരംഭിച്ചു.
സംഭവം മുസ്ലിം ലീഗ് നേതൃത്വത്തിന് നാണക്കേടായതോടെ ഫിറോസിനെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പ്രസിഡന്റ്സ്ഥാനത്തുനിന്നും രാജിവയ്ക്കില്ലെന്നായിരുന്നു ഫിറോസിന്റെ നിലപാട്. രാജി ആവശ്യപ്പെട്ടാൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങളുടെ അഴിമതി പുറത്തുപറയുമെന്നായിരുന്നു ഫിറോസിന്റെ ഭീഷണി. ഇതോടെ ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. അഴിമതി പുറത്തായതോടെ ഇന്റർവ്യു താൽക്കാലികമായി റദ്ദ് ചെയ്യുകയും വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ലീഗ്, കോൺഗ്രസ് നേതാക്കളായ ഉന്നതരിലേക്കും അന്വേഷണം വ്യാപിക്കും. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കു പിന്നിലെ ഉന്നത ബന്ധങ്ങളാണ് പുറത്തുവരിക.