മുംബൈ: ഫോൺവിളിക്കുന്നതിനിടെ കട്ടായിപ്പോയാൽ കമ്പനികൾ ഉപയോക്താക്കൾക്കു പിഴയൊടുക്കണമെന്ന തീരുമാനം പിൻവലിക്കില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോൾഡ്രോപ് വിഷയത്തിൽ ടെലികോം കമ്പനികളുടെ സമ്മർദങ്ങൾക്കു വഴങ്ങില്ല. ട്രായ് വിധിച്ച പിഴയടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ട്രായ് നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ടെലികോം കമ്പനികൾ ഭീഷണിമുഴക്കിയിരുന്നു.

ഇടയ്ക്കുവച്ച് മുറിഞ്ഞുപോകുന്ന ഓരോ വിളിക്കും ഒരു രൂപ ഉപയോക്താവിനു നഷ്ടപരിഹാരമായി നൽകണമെന്നു കഴിഞ്ഞമാസം 16നു ട്രായ് വിധിച്ചിരുന്നു. ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരുത്താനാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ നിർദ്ദേശം. നടപടി പ്രാബല്യത്തിൽ വന്നാൽ ദിവസം 150 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണു ടെലികോം കമ്പനികളുടെ വാദം.