- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; ആറന്മുള വിഷയത്തിൽ വഴിക്കുവരാത്ത പത്തനംതിട്ട ജില്ലാ കലക്ടർക്കെതിരേ ദേശീയ ഗാനത്തെ അനാദരിച്ചുവെന്നു കാട്ടി പൈതൃകഗ്രാമ കർമസമിതിയുടെ പരാതി
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരേ സമരം നടത്തുന്ന പൈതൃകഗ്രാമ കർമസമിതിയുടെ കലിപ്പ് മുഴുവൻ ജില്ലാ കലക്ടർ എസ്. ഹരികിഷോറിനോടാണ്. കാര്യങ്ങൾ തങ്ങളുടെ വഴിക്ക് വരാത്തതിന് അവർ കുറ്റപ്പെടുത്തുന്നതും ഹരികിഷോറിനെത്തന്നെ. പത്രത്തിൽ വാർത്ത വന്നതിന്റെ പേരിൽ പത്രവും കൊണ്ടു വരുന്ന പയ്യനെ പിടിച്ച് അടിക്കാമെന്ന ഒരു ലൈനാണ് കലക്ടറുടെ ക
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരേ സമരം നടത്തുന്ന പൈതൃകഗ്രാമ കർമസമിതിയുടെ കലിപ്പ് മുഴുവൻ ജില്ലാ കലക്ടർ എസ്. ഹരികിഷോറിനോടാണ്. കാര്യങ്ങൾ തങ്ങളുടെ വഴിക്ക് വരാത്തതിന് അവർ കുറ്റപ്പെടുത്തുന്നതും ഹരികിഷോറിനെത്തന്നെ. പത്രത്തിൽ വാർത്ത വന്നതിന്റെ പേരിൽ പത്രവും കൊണ്ടു വരുന്ന പയ്യനെ പിടിച്ച് അടിക്കാമെന്ന ഒരു ലൈനാണ് കലക്ടറുടെ കാര്യത്തിൽ ആറന്മുള്ളക്കാർക്കുള്ളത്.
വ്യവസായഭൂമി പ്രഖ്യാപനം പിൻവലിക്കൽ, മിച്ചഭൂമി പ്രഖ്യാപനം റദ്ദാക്കൽ, നികത്തിയ തോടും വയലും പൂർവസ്ഥിതിയിലാക്കൽ എന്നിവയൊക്കെ കലക്ടർ ചെയ്യേണ്ട പണിയാണെന്നാണ് ഗ്രാമകർമസമിതിയുടെ വാദം. കലക്ടർക്ക് മുകളിൽ ഒരു സർക്കാർ ഉണ്ടെന്നോ, അതിന്റെ തീരുമാനം അനുസരിച്ചേ കലക്ടർക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്ന കാര്യമൊന്നും കർമസമിതിക്ക് അറിയില്ലെന്ന് തോന്നുന്നു. ജില്ലാ കലക്ടറെ എവിടെയെങ്കിലും താറടിക്കാൻ അവസരം നോക്കിയിരുന്ന കർമസമിതിക്കാർക്ക് അങ്ങനെ ഒരു അവസരം കഴിഞ്ഞ ദിവസം ഒത്തുവന്നു.
ജില്ലാ കലക്ടർ ദേശീയഗാനത്തെ അവഗണിച്ച് വേദിയിൽനിന്നും ഇറങ്ങിപ്പോയതായിട്ടാണ് കർമസമിതിക്കാരുടെ പരാതി. ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ട്രോഫി വിതരണത്തിന് ശേഷം ദേശീയഗാനാലാപന സമയത്ത് ജില്ലാ കലക്ടർ എസ്. ഹരികിഷോർ വേദി വിട്ടിറങ്ങി ആറന്മുള സത്രം ഗ്രൗണ്ടിൽ കിടന്ന കാറിൽ കയറി പോയത്രേ. ഈ അവസരത്തിൽ സത്രം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന പൊതുജനങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ വകുപ്പ് മേധാവികൾ എന്നിവർ അടക്കമുള്ളവർ ദേശീയ ഗാനാലാപനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് കലക്ടർ മൊബൈൽ ഫോണിൽ സംസാരിച്ച് ഔദ്യോഗിക വാഹനത്തിൽ കയറി പുറത്തേക്കു പോയതെന്ന് കാട്ടി ആറന്മുള പൈതൃകഗ്രാമ കർമസമിതി എസ്‌പിക്ക് പരാതി നൽകി.
കലക്ടറുടെ ഈ നടപടിക്ക് പ്രമുഖർ ഉൾപ്പെടെ ഒട്ടനവധി ആളുകൾ സാക്ഷികളാണെന്നും അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരനായ കലക്ടറുടെ മേൽ നടപടി സ്വീകരിക്കണമെന്നുമാണ് പൈതൃകഗ്രാമ കർമസമിതിയുടെ ആവശ്യം. സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്ന ഡയലോഗാണ് ഓർമ വരുന്നത്. എതിർപാർട്ടിക്കാരുടെ കൂട്ടത്തിൽ നല്ല കുറെ ചെറുപ്പക്കാർ വളർന്നു വരുന്നുണ്ട്. അവരെ വല്ല അവിഹിതബന്ധത്തിലോ ആളില്ലാഗർഭത്തിലോ കുടുക്കി മുളയിലേ നുള്ളണമെന്നാണ് ശങ്കരാടി പറയുന്നത്. ഇത് സിപിഎമ്മിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ആർക്കും തിരിച്ചറിയാൻ കഴിയും. പൈതൃകഗ്രാമ കർമസമിതിക്കാർക്കിടയിലും സിപിഎമ്മുകാരുണ്ട്. അവർ തന്നെയാകും ഇത്തരമൊരു ആശയത്തിന്റെ സൃഷ്ടാക്കൾ എന്നു വേണം കരുതാൻ.
ഹരികിഷോറിന് മുൻപുണ്ടായിരുന്ന ജില്ലാ കലക്ടർ വി.എൻ. ജിതേന്ദ്രനാണ് വിമാനത്താവള ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയത്. ജില്ലയിലെ പാറമടകൾ എല്ലാം പൂട്ടിക്കാനും ജിതേന്ദ്രൻ ഇടപെട്ടു. ഇവരുടെയൊക്കെ ഇഷ്ടതോഴനായ, ഇതേ ജില്ലയിൽ നിന്നുള്ള റവന്യുമന്ത്രി അടൂർ പ്രകാശിന് ഇതൊട്ടും സഹിച്ചില്ല. ജിതേന്ദ്രനെ പരസ്യമായി ശാസിക്കുകയും രായ്ക്കു രാമാനം കലക്ടർ സ്ഥാനത്തുനിന്ന് തെറിപ്പിക്കുകയും ചെയ്തു. പിന്നെയെത്തിയ ഹരികിഷോർ ഭരണകൂടത്തിന് തികച്ചും വിധേയനായിട്ടാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ പാറക്കുട്ടം മുഴുവൻ പൊട്ടിച്ചുകടത്തിയിട്ടും അദ്ദേഹം അനങ്ങാപ്പാറയായിരിക്കുന്നത് അടൂർ പ്രകാശിനെ പിണക്കേണ്ടെന്നു കരുതിയാണ്.
ആറന്മുള വിമാനത്താവളം വരികയെന്നത് യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത തീരുമാനമാണ്. അതുകൊണ്ടു തന്നെ അതിനെ എതിർക്കാൻ ഹരികിഷോറിനെപ്പോലെ വിനീതവിധേയനായ ഒരു കലക്ടർക്ക് സാധിക്കില്ല. ഇക്കാര്യം മനസിലാക്കാതെയാണ് അദ്ദേഹത്തിനെതിരേ കർമസമിതി പടവാൾ എടുക്കുന്നത്. ഇതിന് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നോ, എറിഞ്ഞവനെ കടിക്കാതെ ഏറിനെ കടിക്കുന്നുവെന്നോ ഒക്കെ പറയാം. കർമസമിതിയുടെ പുതിയ കുരുക്ക് ഹരികിഷോറിന്റെ കഴുത്തിൽ മുറുകുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.