പാലക്കാട്: കാമ്പസ് രാഷ്ട്രീയം അക്രമമെന്നു പറഞ്ഞ് അതു നിരോധിക്കാൻ മുറവിളി കൂട്ടിയവർ ഇതു കണ്ടാൽ എന്തു പറയും? രാഷ്ട്രീയം മറഞ്ഞ കാമ്പസുകളിൽ അരാജകത്വവും അക്രമവും നിറഞ്ഞപ്പോൾ ഒരു കണ്ണിനു കാഴ്‌ച്ച പോയ മുഹമ്മദ് മുഹ്‌സിൻ നാടിന്റെ വേദനയാവുകയാണ്. തൊട്ടു ചേർന്ന മുറിയിൽ ഓർമ്മകളുടെ ലോകത്തുനിന്ന് ആറുവർഷം മുമ്പു ജീവിതം അന്യമായ പിതാവ്് ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസ്ല്യാരകത്ത് മുഹമ്മദ് ഇബ്രാഹിമുമുണ്ട്. ഓർമ്മകൾ നഷ്ടപ്പെട്ട് ആറു വർഷത്തോളമായി കിടന്ന കിടപ്പിൽ ജീവിതം തള്ളി നീക്കുന്ന മുഹമ്മദ് ഇബ്രാഹിമിന് ഇനിയും അറിയില്ല അടുത്ത മുറിയിൽ ഒരു മാസത്തോളമായി മകൻ മുഹമ്മദ് മുഹ്‌സിൻ ഇടതുകണ്ണ് തകർന്ന് കാഴ്‌ച്ച നഷ്ടപ്പെട്ടു കിടക്കുന്ന കാര്യം.

ഒരു മാസം മുമ്പ് ഫെബ്രുവരി 4 നാലിനാണ് മണ്ണാർക്കാട് എം.ഇ.എസ്. കോളേജിലെ റാഗിങ്ങിനെ തുടർന്ന് മുഹമ്മദ് മുഹ്‌സിലിന് കാഴ്‌ച്ച നഷ്ടമായത്. കോളേജ് പരിസരത്തു വച്ച് മൂപ്പൻസ് ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടുന്ന സംഘം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഇരുമ്പു കമ്പി, കല്ല് എന്നിവയെല്ലാമായി മുഹമ്മദ് മുഹ്‌സിനെ ആക്രമിച്ചത്. കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തി, പിന്നീട് ഷൂസിട്ട കാൽ് കണ്ണിൽ വച്ച് ചവിട്ടിത്തിരുമ്മി. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ മുഹ്‌സിന്റെ കണ്ണിൽ നിന്ന് ശക്തമായി രക്തം വന്നിട്ടും അക്രമികൾ അക്രമം തുടർന്നു. കണ്ണിനകത്ത് കൃഷ്ണമണിയടക്കം എല്ലാം തകർന്നു. തലയിൽനിന്ന് കണ്ണിലേക്കുള്ള ഞരമ്പുകൾ അടിയുടെ ആഘാതത്തിൽ നശിച്ചു. കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ കണ്ണാശുപത്രികളിൽ ചികിത്സ തേടിയ മുഹമ്മദ് മുഹ്‌സിന്റെ കാഴ്‌ച്ച ഇനി തിരിച്ചു കിട്ടണമെങ്കിൽ വല്ല അത്ഭുതവും സംഭവിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മുഹ്‌സിന്റെ സഹോദരൻ മുബാറക്ക് പറഞ്ഞു. ഇപ്പോൾ നടത്തുന്നത് കണ്ണിലെ മുറിവുകൾ മാറാനും അണുബാധ ഏൽക്കാതിരിക്കാനുമുള്ള ചികിത്സയാണ്.

സംഭവമുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ റാഗിങ്ങ് നിരോധന നിയമപ്രകാരവും വധശ്രമത്തിനും കേസെടുത്തിരുന്നു. സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായെങ്കിലും രണ്ടാം പ്രതി ഷാനിലിനെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം ത്യപ്തികരമല്ലെന്നുകാണിച്ച് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. മനുഷ്യവാകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

കോളേജ് കാമ്പസിൽനിന്ന് രാഷ്ട്രീയവും സംഘടനകളുംമാറി ഗ്യാങുകൾ വരുന്നതിന്റെ ഇരയാണ് മുഹ്‌സിൻ. വിദ്യാർത്ഥി സംഘടനകളുടെ ശക്തി ക്ഷയിച്ചതോടെ രംഗത്തുവന്ന ഗ്യാങ്ങുകളാണ് പല കാമ്പസിലും പ്രവർത്തിക്കുന്നത്. ക്യത്യമായ ലക്ഷ്യമോ നയമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഗാംഗുകളാണ് കാമ്പസുകളെ ഗുണ്ടാവിളയാട്ട കേന്ദ്രങ്ങളാക്കുന്നത്. മണ്ണാർക്കാട് കോളേജിൽ അര ഡസനിലേറെ ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നുണ്ട്..വിദ്യാർത്ഥി സംഘടനകൾ കുറഞ്ഞ എല്ലാ കാമ്പസിലും ഇത് തന്നെയാണ് അവസ്ഥ. പ്രത്യക്ഷത്തിൽ പ്രവർത്തനങ്ങൾ ഒന്നും ഇല്ലെങ്കിലും പരസ്പരം തിരിച്ചറിയാൻ ഉള്ള കോഡുകൾ ഇവർക്കുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനായി പ്രത്യേക ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ -സിനീയർ വേർതിരിവിൽനിന്നാണ് ഗ്യാങ്ങുകൾ ഉടലെടുക്കുന്നത്. കോളേജ് സമയത്തിനു മുമ്പും ശേഷവുമുള്ള ഒത്തുചേരലുകളിലും സോഷ്യൽ മീഡിയകൾ വഴിയുമാണ് ആശയവിനിമയം.

എതിർക്കുന്നവനെ തല്ലി തോൽപ്പിക്കുക, പിന്നേയും എതിർത്താൽ തല്ലി കാലൊടിക്കുക എന്നതൊക്കെയാണ് ഇവരുടെ നയം. കണ്ണടിച്ചു പൊട്ടിക്കൽ മണ്ണാർക്കാട് കോളേജിലെ മൂപ്പൻസ് ഗ്രൂപ്പിന്റെ പ്രത്യേക ഇനമാണ്. നേരത്തെ മുഹ്‌സിന്റെ കണ്ണട ഇവർ തല്ലി പൊട്ടിച്ചിരുന്നു. കോളേജിൽ ഒരു വിദ്യാർത്ഥിക്ക് നേരെ നടന്ന അക്രമത്തിന് എതിരെ മുഹ്‌സിൻ, ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന കോളേജിലെ ഒരു അദ്ധ്യാപകന്റെ ഉറപ്പിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മുഹ്‌സിന്റെ കണ്ണ് സംഘം തല്ലിത്തകർത്തത്. കണ്ണ് തകർക്കും എന്നു പറഞ്ഞുകൊണ്ടുതന്നെയായിരുന്നു മർദ്ദനം.

ഇബ്രാഹിമിന്റേയും കുടുംബത്തിന്റേയും പ്രതീക്ഷയും പ്രകാശവുമാണ് കലാലയത്തിലെ അക്രമ സംഭവത്തോടെ ഇല്ലാതായത്. ഒരു മുറിയിൽ തളർന്നുകിടക്കുന്ന ഭർത്താവിനേയും കണ്ണ് തകർന്ന മുഹ്‌സിനേയും പരിചരിക്കുന്നത് വീട്ടമ്മയായ റസിയയാണ്. കൊച്ചിയിൽ ഒരു കമ്പനിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന മുഹമ്മദ് മുബാറക്കും സഹായത്തിനുണ്ട്. ഓരോ മണിക്കൂറിലും മുഹ്‌സിന് കണ്ണിൽ മരുന്ന് ഒഴിച്ച് കൊടുക്കണം. ഇടയ്ക്കിടെ കോയമ്പത്തൂർ ആശുപത്രിയിൽ കൊണ്ടു പോകണം, ഇതിനെല്ലാം വേണ്ടി ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മുബാറക്ക്. ചികിത്സാചെലവുകൾ സർക്കാർ വഹിക്കുന്നത് മാത്രമാണ് ഏക ആശ്വാസം.