ന്യൂഡൽഹി: ഉറിയിലെ സൈനിക ക്യാമ്പിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിന് പകരം ചോദിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകണമെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നു. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നൽകാനുള്ള ശേഷി ഇന്ത്യൻ സേനയ്ക്കുണ്ടോ എന്ന കാര്യം അധികമാരും പരിശോധിച്ചുകണ്ടില്ല.

ഉറി ആക്രമണത്തിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. പാക്കിസ്ഥാനെയാണ് അദ്ദേഹം ഉന്നംവെക്കുന്നതെന്ന് സ്പഷ്ടമാണ്. 17 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാക്കിസ്ഥാനാണ് ഉത്തരവാദികളെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും തറപ്പിച്ച് പറയുന്നു.

അതിർത്തികടന്നുള്ള ഭീകരവാദം ശമിപ്പിക്കാൻ ഇന്ത്യ എന്താണ് ചെയ്യേണ്ടത്? പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങളിൽ കനത്ത ആക്രമണം സംഘടിപ്പിക്കുകയെന്ന ലളിതമായ പോംവഴിയാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്. മണിപ്പിരിൽ കഴിഞ്ഞവർഷം 18 സൈനികർ കൊല്ലപ്പെട്ടപ്പോൾ, മ്യാന്മർ അതിർത്തിയിൽ സേന നടത്തിയ തിരിച്ചടി ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാൽ, അതേ രീതി പാക്കിസ്ഥാനെതിരെയും ആവർത്തിക്കാനാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തേറ്റവും ബഹുമാനിക്കപ്പെടുന്ന സൈന്യങ്ങളിലൊന്നാണ് ഇന്ത്യയുടേത്. പാക്കിസ്ഥാനെ കീഴ്‌പ്പെടുത്താൻ വലിയ ശ്രമമൊന്നും വേണ്ടിവരികയുമില്ല. എന്നാൽ, അത്തരത്തിലൊരു നീക്കം നടത്തുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ ആണവശേഷിയെ കരുതലോടെ കാണേണ്ടിയിരിക്കുന്നു.

ആണവ ശേഷിയുള്ള പാക്കിസ്ഥാന് അതുപയോഗിക്കാൻ അത്രയൊന്നും കൂടിയാലോചനകൾ വേണ്ടിവരില്ല. മാത്രമല്ല, ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ചൈനയിൽനിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന പിന്തുണ കൂടി കണക്കിലെടുക്കേണ്ടിവരും. ഏറ്റവും സംഘർഷഭരിതമായ മേഖലയിലാണ് ഇതെന്ന കാര്യവും പരിഗണിക്കേണ്ടതായി വരും.

ആണവശേഷിയുള്ള പാക്കിസ്ഥാനും ചൈനയും അപ്പുറവും ഇപ്പുറവും നിൽക്കുന്നു എന്നതുതന്നെയാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ഏതു നീക്കവും മേഖലയെ ആണവ ഭീഷണിയിലേക്ക് തള്ളിവിടും. പാക്കിസ്ഥാനെതിരെ പൂർണതോതിലൊരു യുദ്ധം നടത്താൻ ഇന്ത്യൻ സൈന്യം ഇപ്പോൾ സജ്ജമാണെന്നും പറയാനാവില്ല. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പ് അതിനുവേണ്ടി നടത്തേണ്ടതുണ്ട്.

ലോകരാഷ്ട്രങ്ങൾക്കിടയിൽ മികച്ച പ്രതിഛായയാണ് ഇന്ത്യയുടേത്. ധൃതിപിടിച്ചെടുക്കുന്ന തീരുമാനം ഇന്ത്യയുടെ ഈ പ്രതിഛായക്കുതന്നെയാകും മങ്ങലേൽപ്പിക്കുക. ഭീകരവാദത്തെ ചെറുക്കാൻ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനൊപ്പം രാഷ്ട്രീയമായ പരിഹാര മാർഗങ്ങളും ആരായുന്നതിന് പിന്നിൽ, ഇതുകൂടിയുണ്ട്.

എന്നാൽ, പാക് ഭീകരതയ്ക്ക് അറുതിവരുത്താൻ തിരിച്ചടിയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് നയതന്ത്ര വിദഗ്ധരടക്കം പറയുന്നു. മേഖലയിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ജി.പാർഥസാരഥി പറയുന്നു. സാർക്ക് രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്താനും ശ്രീലങ്കയും പാക്കിസ്ഥാൻ തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ ഒറ്റപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനും ഇന്ത്യ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

മൂന്നുവശവും നിയന്ത്രണരേഖയാൽ ചുറ്റപ്പെട്ട ഉറിയിൽ പാക്കിസ്ഥാൻ നടത്തിയ സൈനിക ആക്രമണം 2002-ലെ കാലുചക്ക് ആക്രമണത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും ഇന്ത്യ സംയമനം പാലിക്കുമ്പോൾ പാക്കിസ്ഥാൻ ശക്തമായ തിരിച്ചടികൾ നൽകി ഇന്ത്യൻ സേനയുടെ ആത്മവിശ്വാസം ചോർത്തുകയാണെന്നും നയതന്ത്ര വിദഗ്ദ്ധർ പറയുന്നു.

ആണവകവചമാണ് പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഉയർത്തുന്ന ശക്തമായ വെല്ലുവിളി. കൂടാതെ ചൈനയോടുള്ള അടുപ്പവും. എന്നാൽ, ആണവ യുദ്ധത്തിലേക്ക് പോകാതെ, പാക്കിസ്ഥാൻ സേനയുമായി നേർക്കുനേർ ഏറ്റുമുട്ടലുകൾക്ക് ഇന്ത്യ തയ്യാറെടുക്കണമെന്ന് നിർദ്ദേശിക്കുന്നവരുമുണ്ട്.

ഇന്ത്യൻ സേനയെയാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. അപ്പോൾ അതുപോലുള്ള തിരിച്ചടികൾക്ക് ഇന്ത്യയും തയ്യാറാകണമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ പറയുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പാക്കിസ്ഥാൻ സൃഷ്ടിക്കുന്നത്. പാക്കിസ്ഥാന് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകുന്നതിലൂടെ ഈ സാഹചര്യത്തിന് അയവുവരുത്താനാകുമെന്ന് അദ്ദേഹം പറയുന്നു.