മൂന്നുദിവസമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഇന്ത്യയിലുണ്ട്. ഗുജറാത്തിലും യു.പി.യിലും പഞ്ചാബിലുമൊക്കെയായി യാത്ര ചെയ്‌തെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ സ്വീകരണമൊന്നും ലഭിച്ചില്ലെങ്കിലും, ട്രൂഡോയ്ക്ക് നിരാശയില്ല. ഒരു വിനോദസഞ്ചാരിയെപ്പോലെ പറന്നുനടക്കുകയാണ് അദ്ദേഹം. ഭാര്യ സോഫിക്കും മക്കളായ സേവ്യറിനും എല്ലയ്ക്കുമൊപ്പം ഇഷ്ടസ്ഥലങ്ങളിലൊക്കറങ്ങി നടക്കുകയാണ് അദ്ദേഹം.

തന്റെ ഇഷ്ടതാരങ്ങളെ കാണാനാണ് ചൊവ്വാഴ്ച ട്രൂഡോ സമയം കണ്ടെത്തിയത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഫർഹാൻ അക്തർ, മാധവൻ, അനുപം ഖേർ എന്നിവരെയൊക്കെ കണ്ട ട്രൂഡോയും കുടുംബവും അവർക്കൊപ്പം ചിത്രം പകർത്തി കൂടിക്കാഴ്ച അവിസ്മരണീയമാക്കി. സ്വർണവർണത്തിലുള്ള ഷെർവാണിയണിഞ്ഞാണ് ബോളിവുഡ് താരങ്ങളെക്കാണാൻ ട്രൂഡോ എത്തിയത്. ഇന്ത്യയോടും ഇന്ത്യൻ സിനിമകളോടുമുള്ള അദ്ദേഹത്തിന്റെ പ്രണയം വിളിച്ചോതുന്നതായിരുന്നു ഈ സന്ദർശനം.

ഭാര്യ സോഫിയും മക്കളും ഇന്ത്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് ചടങ്ങിനെത്തിയത്. ക്രീം നിറത്തിലുള്ള സാരിയായിരുന്നു സോഫിയുടെ വേഷം. മകൾ എല്ല ലെഹംഗ ചോളിയും മകൻ കുർത്തയുമാണ് അണിഞ്ഞത്. ബോളിവുഡും കനേഡിയൻ ഫിലിം ഇൻഡസ്ട്രിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ മേഖലകൾ ചർച്ച ചെയ്യുന്നതിനുമായി വിളിച്ചുചേർത്ത ചടങ്ങിലാണ് ബോളിവുഡ് താരങ്ങൾ ട്രൂഡോയെ കാണാനെത്തിയത്.

കനേഡിയൻ പ്രധാനമന്ത്രിയെയും കുടുംബത്തെയും കണ്ടതിന്റെ ആഹ്ലാദം ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കനേഡിയൻ പ്രധാനമന്ത്രിയെയും കുടുംബത്തെയും കാണാനായത് ഏറെ സന്തോഷം പകരുന്നുവെന്ന് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സംസകാരത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ട്രൂഡോ സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രചോദനം പകരുന്ന വ്യക്തിത്വമാണ് ട്രൂഡോയുടേതെന്ന് ഫർഹാൻ അക്തർ ട്വീറ്റ് ചെയ്തു. കനേഡിയൻ പ്രധാനമന്ത്രിയുടെ സൗന്ദര്യവും വ്യക്തിത്വവുമാണ് മാധവനെ ആകർഷിച്ചത്.

ട്രൂഡോയും കുടുംബവും യാത്ര ആസ്വദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം തികച്ചും അപ്രസക്തമായി മാറിയെന്ന വിമർശനം ഉയരുന്നുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന ആറ് കാബിനറ്റ് മന്ത്രിമാർക്കും കാര്യമായ ഔദ്യോഗിക പരിപാടികളില്ലാത്തതാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡ് നാളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണുന്നുണ്ടെന്നതൊഴിച്ചാൽ മറ്റ് മന്ത്രിമാർക്ക് കാര്യമായ ദൗത്യമൊന്നുമില്ല. ട്രൂഡോയും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നുണ്ട്.