കാൻസർ ബാധിച്ച് നരകിച്ചിരുന്ന നാല് വയസുകാരിയായിരുന്ന ജെസീക്ക വെലാന്റെ ചിത്രം അവളുടെ പിതാവ് സോഷ്യൽ മീഡിയയിൽ ഇട്ടത് മുതൽ അവളുടെ വിഷമാവസ്ഥ വൈറലായിരുന്നു. അർബുദത്തിന്റെ വേദന സഹിക്കാനാവാതെ കണ്ണടച്ച് കരഞ്ഞ അവളുടെ ചിത്രം മാലോകരുടെ മനസിൽ നിന്നും ഇനിയും മാറിയിട്ടില്ല. ഇത്തരത്തിൽ കാൻസറിന്റെ ക്രൂരതയുടെ പ്രതീകമായി മാറിയ നാല് വയസുകാരി ഇപ്പോൾ കണ്ണടച്ച് നിത്യനിദ്രയിലേക്ക് പോയിരിക്കുകയാണ്. കണ്ണീർ അടങ്ങാതെ സോഷ്യൽ മീഡിയ ഇപ്പോഴും ഈ കുഞ്ഞിനെ ഓർത്ത് വിഷമിക്കുകയുമാണ്. ജെസീക്ക കാൻസറിന്റെ വേദനയാൽ കരയുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അവളുടെ പിതാവായ ആൻഡി വെലാനായിരുന്നു കുറച്ച് നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നത്.

ലങ്കാഷെയറിലെ ഓസ്വാൾഡ്ട്വിസ്റ്റിലെ ഈ പെൺകുട്ടി സ്റ്റേജ് ഫോർ ന്യൂറോബ്ലാസ്റ്റോമയ്ക്ക് ചികിത്സയാരംഭിച്ചിരുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു.പെൺകുട്ടിയുടെ ചികിത്സയ്ക്കായി അപരിചിതർ 76,000 പൗണ്ട് സംഘടിപ്പിച്ച് നൽകിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു ജെസീക്കയുടെ അന്ത്യം. തന്റെ മകൾ അനുഭവിച്ച നരകയാതന അവളുടെ പിതാവ് ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ കാൻസറിനെ കുറിച്ച് ലോകത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടർന്ന് ഇന്നലെ രാവിലെയാണ് തന്റെ മകൾ മരിച്ച വിവരം അദ്ദേഹം ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ മകൾക്ക് വേദനയിൽ നിന്നും മുക്തിയുണ്ടായെന്നും അവസാനം അവൾ സമാധാനത്തിലെത്തിയെന്നുമാണ് ആൻഡി വെലാൻ പോസ്റ്റിട്ടത്.

കഴിഞ്ഞ രാത്രി മകൾ തന്നെ ചേർത്ത് പിടിക്കാൻ അനുവദിച്ചിരുന്നുവെന്നും ഗാഢമായ ആശ്ലേഷത്തിൽ അമർന്നിരുന്നുവെന്നും താൻ എത്രമാത്രം അവളെ സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ആ പിതാവ് വ്യക്തമാക്കുന്നു.ജെസീക്കയുടെ കുടുംബം ഗോഫണ്ട്മി സൈറ്റിലൂടെ 20,000 പൗണ്ട് അവളുടെ ചികിത്സക്കായി സമാഹരിച്ചിരുന്നു. എന്നാൽ അവളുടെ വേദനയാർന്ന ചിത്രം പിതാവ് ജെസീക്കാ ബ്ലോഗിലൂടെ പുറത്ത് വിട്ടതിനെ തുടർന്ന് സംഭാവന മണിക്കൂറുകൾക്കകം കുത്തനെ ഉയർന്നിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം 3300ൽ അധികം പേർ സംഭാവന നൽകിയിരുന്നു. ഇതിന് പുറമെ ജെസീക്കയുടെ കുടുംബത്തെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അവർ അയച്ചിരുന്നു. ജനത്തിന്റെ ഈ പ്രതികരണം കണ്ട് തങ്ങൾ വിനയാന്വിതരായിപ്പോയെന്നാണ് ആൻഡി പ്രതികരിച്ചിരിക്കുന്നത്.

ജെസീക്കയുടെ ചികിത്സയ്ക്കും യാത്രാ ചെലവിനും ഭക്ഷണത്തിന് പ്രസ്തുത തുക നന്നായി പ്രയോജനപ്പെട്ടുവെന്നാണ് ആൻഡി പറയുന്നത്.ജെസീക്കയ്ക്ക് അവസാന കാലത്ത് ആഗ്രഹിച്ചതെല്ലാം സാധിച്ച് കൊടുക്കാൻ പ്രസ്തുത തുകയിലൂടെ സാധിച്ചുവെന്നും ആൻഡി വെളിപ്പെടുത്തുന്നു. ചികിത്സയ്ക്ക് വേണ്ടി ആളുകളോട് പണം ചോദിക്കാൻ തങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എന്നാൽ ആളുകൾ ഇങ്ങോട്ട് സഹായ വാഗ്ദാനവുമായി വന്നപ്പോഴാണ് ഇതിന് മുന്നിട്ടിറങ്ങിയതെന്നും ആൻഡി വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഉദാരമനസ്‌കരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ആ പിതാവ് പറയുന്നു. ജെസീക്കയ്ക്ക് വേണ്ടി തനിക്ക് 3000 ഇമെയിലുകൾ ലഭിച്ചതിന് പുറമെ ഫേസ്‌ബുക്ക് മെസേജുകളും ടെക്സ്റ്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നുവെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്.