ജലന്ധർ: കാനോൻ നിയമം ഇന്ത്യൻ ശിക്ഷാ നിയമത്തിനപ്പുറം. പൊലീസ് കേസെടുത്താലോ കോടതി ശിക്ഷിച്ചാലോ അഭിഷിക്തനിൽ നിന്നും അധികാരവും അവകാശവും മാർപ്പാപ്പാ പിടിച്ചെടുക്കില്ല. സഭയുടെ ശിക്ഷണ നടപടിയെത്തുക വിശ്വാസത്തിനും ധാർമ്മികതയ്ക്കും എതിരായ പ്രവർത്തി തെളിയക്കപ്പെട്ടാൽ മാത്രം. ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ ജയിലായാലും ജാമ്യത്തിലിറങ്ങിയാലും സഭയ്ക്ക് ഇതൊരു സംഭവമേ അല്ലന്നും വിലയിരുത്തൽ. ജലന്ധർ ബിഷപ്പായി അതുകൊണ്ട് തന്നെ പീഡനക്കേസ് പ്രതിയായ ഫ്രാങ്കോ മുളയ്ക്കൽ തുടരും.

ബലാൽസംഘക്കേസ്സിൽ കുടുങ്ങിയെങ്കിലും കാനോൻ നിയമം സ്ഥാനം നിലനിലനിർത്താൻ ഫ്രാങ്കോ മുളയ്ക്ക്ലിന് തുണയാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അഭിഷേകം ചെയ്തതിനാൽ സഭാ നിയമമനുസരിച്ച് ബിഷപ്പ് പട്ടം പിൻവലിക്കാനാവില്ല. പകരം ബിഷപ്പിന്റെ അവകാശങ്ങളും അധികാരങ്ങളും വത്തിക്കാന്് റദ്ദാക്കാൻ കഴിയും. വിശ്വാസ്യതയ്ക്കും ധാർമ്മികതയ്ക്കും എതിരായ തെറ്റുകൾ ചെയ്തതായി സഭാ അധികാരികൾക്ക് ബോദ്ധ്യപ്പെട്ടാലെ അവകാശങ്ങളും അധികാരങ്ങളും അഭിഷിക്തനിൽ നിന്നും വത്തിക്കാൻ പിൻവലിക്കു.

ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ ഇതുവരെ പേരിന് പോലും ഇത്തരത്തിൽ സഭാതലത്തിൽ തെളിവെടുപ്പ് നടന്നിട്ടില്ലന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കന്യാസ്ത്രി പീഡനക്കേസ്സിൽ ശിക്ഷിച്ചാൽ പോലും സഭതെളിവെടുപ്പിൽ തെറ്റുകാരനല്ലന്ന് വിലയിരുത്തപ്പെട്ടാൽ ഇനിയുള്ള കാലത്തും ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പിന്റെ സർവ്വാധികാരത്തോടെ വാഴാൻ കഴിയും. സ്ഥലത്തില്ലാത്തതിനാലും കേസിന്റെ ആവശ്യമുള്ളതിനാലും തന്നെ ചുമതലകളിൽ നിന്നും മാറ്റണമെന്ന അപേക്ഷപ്രകാരമുള്ള താൽക്കാലിക നടപടി മാത്രമാണ് നിലവിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ വത്തിക്കാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളു.

മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് വത്തിക്കാൻ ജലന്ധർ രൂപതയുടെ ചുമതല കൊമാറിയിട്ടുള്ളത്. തന്നെ രൂപതയുടെ ചുമതലകളിൽ നിന്ന് മാറ്റണമെന്ന് ഫ്രാങ്കോ ഡൽഹിയിലുള്ള വത്തിക്കാൻ സ്ഥാനപതി മുഖേന നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇത് സംമ്പന്ധിച്ച അറിയിപ്പിൽ സഭാവ്യത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രി പീഡനക്കേസ്സിൽ ഒരു നടപടിയും വത്തിക്കാൻ ഫ്രാങ്കോയ്ക്കെതിരെ സ്വീകരിച്ചിട്ടില്ലന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തിരുന്നു. ഇനി ഇക്കാര്യത്തിൽ അൽമായർ പ്രതിഷേധവുമായി തെരുവിലിറങ്ങിയാലും സഭനേതൃത്വം പെട്ടെന്ന് നിലപാടിൽ മാറ്റം വരുത്താനിടയില്ലെന്നും ചട്ടക്കൂടിനുള്ളിൽ ഫ്രാങ്കോയെ സംരക്ഷിച്ചുനിർത്താൻ നേതൃത്വം കഴിയാവുന്നതെല്ലാം ചെയ്യുമെന്നുമാണ് എതിർ ചേരിയുടെ ആരോപണം.

എത്രപേർ കൂടുതൽ പറയുന്നു എന്നതിെന ആശ്രയിച്ചല്ല സഭ തീരുമാനമെടുക്കുന്നതെന്നും പിൻതുടർന്നുപോരുന്ന നിയമ സംവിധാനത്തിനുള്ളിൽ നിന്നാവും ഏത് വിഷയത്തിലും നേതൃത്വം തീരുമാനങ്ങൾ കൈക്കൊള്ളുക എന്നുമാണ് മറുവിഭാഗം ചൂണ്ടികാണിക്കുന്നത്. ഇതിനിടെ ജലന്ധർ രൂപതയിലെ അൽമായരിൽ ഒരു വിഭാഗം ഫ്രാങ്കോയുടെ അധികാരവും അവകാശവും എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് വത്തിക്കാനെ സമീപിക്കാനൊരുങ്ങുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.ഫ്രാങ്കോ അറസ്റ്റിലായപ്പോൾ പടക്കം പൊട്ടിച്ചും ലഡുവിതരണം ചെയ്തും ഒരു വിഭാഗം ഇവിടെ ആഹ്ളാദം പങ്കിട്ടിരുന്നു.

ബ്രഹ്മചര്യം ലംഘിച്ചാൽ പൗരോഹിത്യം സ്വീകരിച്ച വ്യക്തി അജപാലനത്തിന് യോഗ്യനല്ലന്നും ഇത്തരത്തിൽപ്പെട്ട അൾക്ക് അധികാരങ്ങളും അവകാശങ്ങളും നൽകി സംരക്ഷിച്ച് പോരുന്നത് പൊതുസമൂഹത്തിൽ സഭയെക്കുറിച്ച് തെറ്റായ ധാരണ ഉടലെടുക്കുന്നതിന് കാരണമാവുമെന്നുമാണ് ഫ്രാങ്കോയ്ക്കെതിരെ രംഗത്തുള്ളവർ ചൂണ്ടികാണിക്കുന്നത്.