കാർ ഓടിക്കുമ്പോൾ ഒരാളെ തട്ടിയിട്ട് പോകുന്നത് ആർക്കും സംഭവിക്കാവുന്ന കൈയബദ്ധമാണ്. എന്നാൽ നടന്ന് പോയ ആളെ ഇടിച്ച് തെറിപ്പിച്ച കാർ വട്ടം കറങ്ങി വീണ്ടും ഇടിക്കാനെത്തുന്നതിനെ കൈയബദ്ധമെന്നല്ല മറിച്ച് കൊലപാതകശ്രമമെന്നേ പറയാനാവൂ. നോർഫോക്കിലെ കാർ പാർക്കിലും നടന്നത് അത് തന്നെയാണ്. പോകിമോൻ കളിക്ക് സമാനമായാണ് ഇവിടെ കാർ പെരുമാറിയതെന്നതും ശ്രദ്ധേയമാണ്. ഇവിടെ കാറിന്റെ ഇടിയേറ്റയാൾ 15 അടിയോളം മുകളിലേക്ക് തെറിക്കുകയും ചെയ്തിരുന്നു. ഇടിയെ തുടർന്ന് ഇയാൾക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് ഇരയായിത്തീർന്ന മാത്യൂ നോവ്ലെസ് എന്ന 30കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സിലാണ്. കാർപാർക്കിനടുത്ത് ഇയാളെ കാർ ഓടിച്ച് വട്ടം കറക്കിയാണ് ഇടിച്ചത്. പിന്നീട് നിലത്ത് വീണ മാത്യുവിനെ ഇടിക്കാൻ കാർ വീണ്ടും എത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അപകടത്തിന് ഇടയാക്കിയ കാർ ബ്ലൂ പ്യൂജിയോട്ട് 307 ആണെന്നാണ് വിശ്വസിക്കുന്നത്. അധികൃതർ ഇത് കണ്ടെത്താനുള്ള ത്വരിതഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന്റെ ഇടിയേറ്റ് മാത്യുവിന്റെ ഇടുപ്പിനും കാലുകൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. നോർഫോക്ക് ആൻഡ് നോർവിച്ച് ഹോസ്പിറ്റലിലാണ് ഇയാളെ ചികിത്സിക്കുന്നത്. ജൂലൈ 23ന് നോർഫോക്കിലെ നോർത്ത് വാൽഷാം വികാറേജ് കാർ പാർക്കിൽ അർധരാത്രി 12.55നാണ് സംഭവം അരങ്ങേറിയിരിക്കുന്നതെന്ന് നോർഫോക്ക് പൊലീസ് പുറത്ത് വിട്ട ഫൂട്ടേജ് വെളിപ്പെടുത്തുന്നു. മാത്യൂ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചെറിയ ഡാർക്ക് കളറിലുള്ള കാർ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. മനഃപൂർവം മാത്യവിനെ അപായപ്പെടുത്തുകയായിരുന്നു ഡ്രൈവറുടെ ലക്ഷ്യമെന്നും കരുതപ്പെടുന്നു.

മാത്യുവിന്റെ ഒരു സുഹൃത്ത് ഇതിനിടയിൽ ഓടി രക്ഷപ്പെടുകയും മറ്റെയാൾ കാറിന് നേരെ എന്തോ ഒരു വസ്തു എടുത്തെറിയുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രസ്തുത കാർ ബാക്ടൻ റോഡിലൂടെ അതിവേഗം സ്ഥലം വിടുകയും ചെയ്തിരുന്നു. കാറിൽ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന 43കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിലാണ്. കാറോടിച്ചിരുന്ന ഡ്രൈവർക്കും മാത്യുവിനും പരസ്പരം അറിയില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.ഈ കാർ പാർക്ക് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമായ സ്ഥലമാണെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ഈ അടുത്ത വർഷങ്ങളിലായി ഇവിടെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ആളുകൾ തങ്ങളുടെ മൊബൈലിൽ പോക്കിമോൻ ഗെയിം കളിക്കാൻ ഈ കാർപാർക്കിൽ വന്നിരിക്കാറുമുണ്ട്. രാത്രി സഞ്ചാരത്തിന് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം തിരിച്ച് വീട്ടിിലേക്ക് പോകുന്നതിനിടയിലാണ് മാത്യു ആക്രമിക്കപ്പെട്ടിരിക്കുന്നത്. തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മാത്യുവിന്റെ പാർട്ണറായ ജെമ്മ ലോറൻസ് പ്രതികരിച്ചിരിക്കുന്നത്. നോർഫോക്ക് ഡിസ്ട്രിക്ട് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള കാർപാർക്കിലാണ് സംഭവം നടന്നിരിക്കുന്നത്. പകൽ സമയങ്ങളിൽ തിരക്കേറിയ ഇവിടം രാത്രിയിൽ താരതമ്യേന വിജനമാണ്. കാർപാർക്കിന് ചുറ്റും കുറച്ച് ഷോപ്പുകൾ മാത്രമേയുള്ളൂ.