നിങ്ങൾ കലൈസിലെ ഫ്രഞ്ച് അതിർത്ഥി ക്യാമ്പ് പരിസരത്ത് കൂടിയെങ്ങാനും വണ്ടിയോടിച്ച് പോകുന്നുവെങ്കിൽ ട്രാഫിക്ക് ജാമിൽ പെടാതെ സൂക്ഷിച്ചാൽ നന്നായിരിക്കും. അവിടെയെങ്ങാനും പെട്ട് പോയാൽ കലൈസിലെ അഭയാർത്ഥിക ക്യാമ്പിൽ നിന്നുള്ള ചില അഭയാർത്ഥികൾ നിങ്ങളുടെ കാറ് അടിച്ച് തകർക്കാൻ സാധ്യതേറെയാണ്. ഇറാഖിൽ നിന്നുമെത്തി കലൈസിൽ തമ്പടിച്ചിരിക്കുന്ന അഭയാർത്ഥികളുടെ ക്രൂരവിനോദം വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.ഇതുമായി ബന്ധപ്പെട്ട് മേവ മെയ്‌‌ല എന്ന സ്ത്രീ ഫോട്ടോഗ്രാഫുകൾ ഫേസ്‌ബുക്കിലിട്ടിരുന്നു. തന്റെ ബന്ധുവിന്റെ ഓഡി കാർ ഇവിടെ വച്ച് ആക്രമിക്കപ്പെട്ടതിന്റെ ചിത്രങ്ങളാണിവ. ഈ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 6000 പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫ്രഞ്ച് തുറമുഖ നഗരമായ കലൈസിന് സമീപത്തുള്ള റോഡുകളിലൂടെ വണ്ടിയോടിച്ച് പോകുമ്പോൾ അത്യധികമായ കരുതലെടുക്കണമെന്ന മുന്നറിയിപ്പ് ഇവിടുത്തെ നാട്ടുകാരും ഉയർത്തുന്നുണ്ട്. കുട്ടികൾ വാഹനങ്ങൾക്കകത്തുണ്ടെന്ന കാര്യം പോലും പരിശോധിക്കാതെയാണ് ഇവിടുത്തെ അഭയാർത്ഥികൾ വാഹനങ്ങൾ അടിച്ച് തകർക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.തന്റെ ബന്ധുവിന്റെ കാറിന് നേരെ ഇവിടെ വച്ചുണ്ടായ ആക്രമണത്തെ തുടർന്ന് 435 പൗണ്ടിന്റെ നഷ്ടമുണ്ടായെന്നാണ് മെയ്‌‌ല വെളിപ്പെടുത്തിയിരിക്കുന്നത്. 15 അഭയാർത്ഥികളാണത്രെ വെറുമൊരു തമാശയ്ക്ക് വേണ്ടി ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. ഈ ആക്രമണത്തിൽ കാറിന്റെ റിയർ വിൻഡ് സ്‌ക്രീൻ പൂർണമായും തകർക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിങ് മിററും മുമ്പിലത്തെ വിൻഡ് സ്‌ക്രീനും തകരാറിലാക്കിയിരിക്കുന്നു.

ഇക്കാരണത്താൽ ഇതിലൂടെ കടന്ന് പോകുന്നവൻ ജാഗ്രത പാലിക്കണമെന്നാണ് മെയ്‌‌ല മുന്നറിയിപ്പേകുന്നത്.ഇത്തരത്തിലുള്ള ആക്രമണം പേടിച്ച് തങ്ങൾ വളരെക്കാലമായി കലൈസിന് ചുറ്റുമുള്ള റോഡുകളിലൂടെ സഞ്ചരിക്കാറില്ലെന്നാണ് നിരവധി പേർ ഈ ഫോട്ടോകളോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഇതിലെ പോകുന്നവരുടെ ജീവൻ അഭയാർത്ഥികളെടുക്കുന്ന കാലം വിദൂരമല്ലെന്നാണ് കുറച്ച് ആഴ്ചകൾക്ക് മുമ്പ് ലോറി ഡ്രൈവർമാർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ മാസമാദ്യം ഇവിടെ വച്ച് ഒരു അഭയാർത്ഥി ആയുധമേന്തി ഒരു ഡ്രൈവറെ ഭീഷണിപ്പെടുത്തിയിരുന്നു.

കലൈസിലെ ജംഗിൾ ക്യാമ്പ് എന്നറിയപ്പെടുന്ന അഭയാർത്ഥി ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഏതാണ്ട് 9000ത്തോളം അഭയാർത്ഥികളാണുള്ളത്. ഇവരിൽ പലരും തക്കം കിട്ടിയാൽ ബ്രിട്ടനിലേക്ക് കുടിയേറാൻ അവസരം കാത്തിരിക്കുന്നവരുമാണ്. ഈ ക്യാമ്പിൽ ഐസിസ് ഭീകരർ വരെ യുകെയ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഒളിച്ചിരിക്കാൻ സാധ്യതയേറെയാണെന്ന് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് പൊലീസ് മുന്നറിയിപ്പേകിയിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഈ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥിയാണ് സാമി എന്ന എറിത്രിയൻ അഭയാർത്ഥി. ഈ ക്യാമ്പിനെക്കുറിച്ച് ഉത്കണ്ഠകളേറെയുണ്ടെന്നും ഏത് സമയത്തും ഇവിടെ സംഘർഷം പൊട്ടിപ്പുറപ്പെടാമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തുന്നവരുമായ അഭയാർത്ഥികളാണിവിടെയുള്ളതെന്നും അതാണ് സംഘർഷത്തിന് വഴിയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയും മറ്റും ക്യൂ നിൽക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ അടിപിടികൾ നിത്യസംഭവമാണ്.