റോഡിലൂടെ കുതികുതിക്കുന്ന ബൈക്ക് മറ്റേതെങ്കിലും വാഹനത്തിലിടിച്ച് തെറിച്ചാൽ ബൈക്ക് യാത്രക്കാർ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാവുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ യുഎസ്എയിലെ വാഷിങ്ടൺ സ്റ്റേറ്റിലെ ഇന്റർസ്റ്റേറ്റ് 5ൽ ഉണ്ടായ അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവിടെ അതിവേഗം പാഞ്ഞ് പോയ ബൈക്ക് കാറിന് പിന്നിൽ ഇടിച്ചപ്പോൾ ഈ ബൈക്ക് യാത്രക്കാരൻ നിലംപതിച്ചത് ഇടിച്ച കാറിന്റെ ഡിക്കിയുടെ പുറത്തായിരുന്നു. തുടർന്ന് കാറിന് പുറത്ത് അൽപനേരം അള്ളിപ്പിടിച്ചിരുന്നു യാത്ര ചെയ്ത ഇയാൾ കാർ നിർത്തിയപ്പോൾ സുരക്ഷിതനായി ഇറങ്ങി തകർന്ന ബൈക്ക് തേടിപ്പോവുകയും ചെയ്തു.. സിനിമാസ്റ്റൈലിൽ നടന്ന ഈ അപകടത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്.

റോഡിലൂടെ കടന്ന് വന്ന മറ്റൊരു കാറിലെ ഡാഷ്‌കാമിലാണീ അപൂർവ അപകടത്തിന്റെ വീഡിയോ പകർത്തപ്പെട്ടിരിക്കുന്നത്. തുടർന്ന് ഇത് ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ മോട്ടോർ സൈക്കിളുകാരൻ ഫാസ്റ്റ് ലൈനിലൂടെ പാഞ്ഞ് വരുന്നതും ഒരു കാറിനെ സമീപിക്കുന്നതും കാണാം. തുടർന്ന് ഈ ബൈക്ക് കാറിനെ അതിവേഗതയിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബൈക്ക് പറന്ന് റോഡ് സൈഡിലേക്ക് തെറിക്കുന്നത് കാണാം. എന്നാൽ ബൈക്ക് യാത്രക്കാരൻ തെറിച്ച് കാറിന്റെ ഡിക്കിക്ക് മുകളിൽ വീഴുകയും അവിടെ അള്ളിപ്പിടിച്ച് ഇരിക്കുകയുമായിരുന്നു. എവിടെ നിന്നാണിത് പകർത്തപ്പെട്ടതെന്നും ഇയാളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും വ്യക്തമായിട്ടില്ല.