- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരാഷ്ട്രപതി മോഹം പൊളിഞ്ഞു; ഇനി ഗവർണ്ണറെ പിണറായി ചേർത്ത് നിർത്തുമോ? കാർ വാങ്ങി ലക്ഷങ്ങൾ പൊളിക്കുന്നവർ ഖജനാവ് കൊള്ളയടിക്കാൻ വീണ്ടും പുതിയ രണ്ടു കാർ വാങ്ങുന്നു; കേരളത്തിൽ കിയയിൽ കറങ്ങുമ്പോൾ ഡൽഹിയിൽ പിണറായിക്ക് ഇന്നോവ; വിവാദം ഒഴിവാക്കാൻ ഗവർണ്ണർക്കും കാർ സമ്മാനം
തിരുവനന്തപുരം: ഉപരാഷ്ട്രപതിയാകാനായിരുന്നു ആരീഫ് മുഹമ്മദ് ഖാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ബിജെപിക്കാർ തീരുമാനിച്ചത് മറ്റൊരു തരത്തിലാണ്. ഇതോടെ തന്നെ കേരളത്തിന്റെ ഗവർണ്ണറായി ആരിഫ് മുഹമ്മദ് ഖാൻ തുടരുമെന്നും വ്യക്തമായി. ഇതിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ തീരുമാനം വരുന്നു. മുഖ്യമന്ത്രിക്കും ഗവർണർക്കും വീണ്ടും പുതിയവാഹനം വാങ്ങാൻ 72 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. ഇത്തവണ ഡൽഹിയിലെ ആവശ്യത്തിനാണ് വാഹനങ്ങൾ വാങ്ങുന്നത്. രണ്ടുപേർക്കും ഇന്നോവ ക്രിസ്റ്റയാണ് ഡൽഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്.
ഗവർണർക്ക് കേരളത്തിലെ ആവശ്യത്തിനായി ബെൻസ് വാങ്ങിയത് അടുത്തിടെയാണ്. ദിവസങ്ങൾക്കുമുമ്പാണ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് സഞ്ചരിക്കാൻ കിയ കാർണിവൽ ലിമോസിൻ കാർ വാങ്ങാൻ സർക്കാർ തുക അനുവദിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ കാർ വാങ്ങുമ്പോൾ ഗവർണ്ണറെ കൂടെ പരിഗണിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രിക്ക് മാത്രമായി കാറുവാങ്ങി എന്ന വിവാദത്തെ ഇല്ലാതാക്കുകയാണ് സർക്കാർ. എന്തിനാണ് മുഖ്യമന്ത്രിക്ക് കിയാ കാർ വാങ്ങിയത് എന്നതിന് വ്യക്തമായ ഉത്തരം പോലും സർക്കാർ നൽകുന്നില്ല.
സംസ്ഥാനത്തെ ഉപയോഗത്തിനായി 88.69 ലക്ഷം രൂപ മുടക്കി 4 വാഹനങ്ങൾ വാങ്ങുന്നതിനു പുറമേയാണ് ഡൽഹിയിൽ ഉപയോഗിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വീണ്ടും ആഡംബര കാർ വാങ്ങുന്നു. മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വേണ്ടി 2 കാറുകൾ വാങ്ങാൻ 72 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇന്നോവയും കറുത്ത നിറമാകാനാണ് സാധ്യത.
ആദ്യം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രിയുടെ സഞ്ചാരം. സുരക്ഷാ കാരണങ്ങളുടെ പേരിൽ കറുത്ത നിറത്തിലുള്ള ഇതേ മോഡൽ വാഹനം മാസങ്ങൾക്കു മുൻപ് വാങ്ങി. ഇതും ഒഴിവാക്കി 33.31 ലക്ഷം വിലവരുന്ന കിയ കാർണിവൽ ഉൾപ്പെടെ 4 വാഹനങ്ങൾ വാങ്ങാൻ 88.69 ലക്ഷം അനുവദിച്ച് കഴിഞ്ഞ മാസമാണ് ഉത്തരവിറങ്ങിയത്. കിയ കാർണിവൽ സ്വന്തം ഉപയോഗത്തിനും മറ്റുള്ളവ എസ്‌കോർട്ടിനുമായാണ് ഉപയോഗിക്കുക.
ഇതിനെല്ലാം പുറമേയാണ് കേരള ഹൗസ് റസിഡന്റ് കമ്മിഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഉപയോഗത്തിനായി മാത്രം വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ വാഹനം വാങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ