- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകരമായി വാഹനം ഓടിച്ച് വിദ്യാർത്ഥികളുടെ 'സെൻഡ്ഓഫ് ആഘോഷം'; ബോണറ്റിലും ഡിക്കിയിലുമിരുന്ന് കാർ റേസിങ്; ക്രിസ്ത്യൻ കോളജിൽ ബൈക്കിൽ കാറിടിച്ചു; എംഇഎസിൽ ജെസിബി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്
കോഴിക്കോട്: കോഴിക്കോട് അപകടകരമായി വാഹനം ഓടിച്ച് വിദ്യാർത്ഥികളുടെ സെൻഡ് ഓഫ് ആഘോഷം. മലബാർ ക്രിസ്ത്യൻ കോളജിന് സമീപത്തെ ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളുടെ സെൻഡ് ഓഫ് ആഘോഷത്തിനിടെയാണ് കാർ ബൈക്കിൽ ഇടിച്ച് തെറിപ്പിച്ചത്.
മലബാർ ക്രിസ്ത്യൻ കോളജ് ക്യാംപസിൽ ബൈക്ക്, കാർ റേസിങ്ങിനിടെയാണ് അപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. വിദ്യാർത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് റേസിങ് നടന്നത്. 22-ാം തീയതിയായിരുന്നു പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ്.
ഇതിനോടനുബന്ധിച്ചാണ് വിദ്യാർത്ഥികൾ കാറുകളിലും ബൈക്കുകളിലും ഗ്രൗണ്ടിലെത്തിയത്. കാറിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്നും ഡിക്കിയിലിരുന്നും വിദ്യാർത്ഥികൾ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. റോഡിൽനിന്ന് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ കയറ്റിയ ശേഷം വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു. കാഴ്ചക്കാരായി നിരവധി വിദ്യാർത്ഥികളാണ് ഗ്രൗണ്ടിൽ തടിച്ചുകൂടിയിരുന്നത്.
പത്ത് വിദ്യാർത്ഥികളാണ് റേസിങ് നടത്തിയതിനു പിന്നിൽ. വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടർ വാഹന വകുപ്പും കേസെടുത്തു.
മുക്കം എംഇസ് ഹയർസെക്കൻഡറിയിൽ ജെസിബിയിൽ കയറിയായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം. രണ്ടുവാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥികളുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഹയർസെക്കൻഡറി കുട്ടികളുടെ സെൻഡ് ഓഫ് ആഘോഷങ്ങളുടെ ഭാഗമായിയിരുന്നു കോളജ് ഗ്രൈണ്ടിൽ ബൈക്ക് റേസിങ്ങ്. അതിനിടെ ഗ്രൗണ്ടിൽ റേസിങ്ങ് നടത്തുന്ന കാർ കുട്ടികളുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകായായിരുന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
വാഹനം ഓടിച്ചവർ ലൈസൻസുള്ളവരാണെങ്കിൽ ആറ് മാസത്തേക്ക് അവരുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കും, കൂടാതെ 25,000 രൂപ പിഴ ഈടാക്കും. ഈ കുട്ടികൾക്ക് 25 വയസുവരെ ലൈസൻസ് നൽകില്ലെന്നും ആർടിഒ അറിയിച്ചു.
മുക്കം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സംയുക്തമായാണ് പരിപാടി നടത്തിയത്. ഇവിടെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഈ രണ്ട് സ്‌കൂളുകളെയും കൂടാതെ ജില്ലകളിലെ മറ്റ് ഇടങ്ങളിലും ഇത്തരം പരിപാടികൾ നടന്നതായാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ