- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർദിനാൾ ആലഞ്ചേരിയെ ചൊല്ലി മാർത്തോമ്മ സഭയിൽ തർക്കം; പരമസാത്വികനായിരുന്ന അലക്‌സാണ്ടർ മാർത്തോമ്മായെ അവഹേളിച്ചുവെന്ന് ആരോപണം; അഴിമതി ആക്ഷേപം നേരിടുന്ന വ്യക്തിയെ പ്രഭാഷണം നടത്താൻ വിളിച്ചവരും അഴിമതിക്ക് കുട പിടിക്കുന്നവരെന്ന് വിശ്വാസികൾ
തിരുവനന്തപുരം: സ്മാരക പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട പ്രഭാഷകന്റെ യോഗ്യതയെ ചൊല്ലി മാർത്തോമ്മാ സഭയിൽ ചേരിതിരിവ് രൂക്ഷം. സഭയുടെ മുൻ തലവനും പരമ സാത്വികനും തികഞ്ഞ സന്യാസിയുമായിരുന്ന ഡോ. അലക്‌സാണ്ടർ മാർത്തോമ്മ മെത്രാപൊലീത്ത സ്മാരക പ്രഭാഷണം എല്ലാ വർഷവും സഭയുടെ ആഭിമുഖ്യത്തിൽ നടത്തുക പതിവാണ്. മാർത്തോമ്മ സഭയുടെ പതിനേഴാമത്തെ മെത്രാപ്പൊലീത്ത ആയിരുന്നു.
23 വർഷം അദ്ദേഹം മേലധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. 1999 ൽ സ്ഥാന ത്യാഗം ചെയ്ത അദ്ദേഹം , തന്റെ പിൻഗാമിയായി ഡോ- ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് അധികാരം കൈ മാറി. 2000 ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. പുതിയ കാലത്തെ ക്രൈസ്തവ സഭാ നേതാക്കളേപ്പോലെ ആഡംബരത്തിലും ധൂർത്തിലും അഭിരമിച്ച വ്യക്തിയായിരുന്നില്ല അലക്‌സാണ്ടർ മാർത്തോമ്മ. ക്രിസ്തുവിന്റെ ആശയ സംഹിതകളോട് അങ്ങേയറ്റം നീതി പുലർത്തുകയും രാജ്യത്തിന്റെ മതേതര ചിന്തകളെ ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്യാസി വര്യനായിരുന്നു അദ്ദേഹം. അമേരിക്കയിലെ കെന്നഡി സ്‌കൂൾ ഓഫ് മിഷനിൽ നിന്ന് ഭഗവത് ഗീതയിൽ പിഎച്ച്ഡി നേടിയ വ്യക്തിയാണ്. ഗീതാദർശനത്തിൽ പി എച്ച് ഡി നേടിയ ഇന്ത്യാക്കാരനായ ആദ്യ ബിഷപ്പായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നിര്യാണ ശേഷം എല്ലാ വർഷവും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സഭ സ്മാരക പ്രഭാഷണം നടത്തുന്ന പതിവുണ്ട്. ഈ വർഷത്തെ സ്മാരക പ്രഭാഷണം ഏപ്രിൽ മൂന്ന് ഞായറാഴ്ച തൃശുർ എബനേസർ മാർത്തോമ്മ പള്ളിയിൽ വെച്ച് നടക്കും. സീറോ മലബാർ കത്തോലിക്ക സഭാ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മുഖ്യ പ്രഭാഷകൻ. ഭുമി തട്ടിപ്പ് ഉൾപ്പടെ 14 ക്രിമിനൽ കേസിൽ പ്രതിയായ ആലഞ്ചേരിയെ ക്ഷണിച്ചത് അലക്‌സാണ്ടർ മെത്രാപൊലീത്തയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിശ്വാസികളിലെ ഒരു പറ്റം ആരോപിക്കുന്നു. ഋഷി തുല്യമായ ജീവിതം നയിച്ചിരുന്ന അലക്‌സാണ്ടർ മാർത്തോമ്മയുടെ പേരിൽ അഴിമതിക്കാരനായ കർദിനാളിനെ മുഖ്യ പ്രഭാഷകനാക്കിയതിന് പിന്നിൽ മാർത്തോമ്മ സഭയുടെ നേതൃത്വത്തിലെ അഴിമതിക്കാർക്കും മുഖ്യ പങ്കുണ്ടെന്നാണ് അവരുടെ ആക്ഷേപം.
രാജ്യത്തെ പരമോന്നത നീതി പീഠം കർദിനാൾ ആലഞ്ചേരിക്കെതിരെയുള്ള ഭൂമി ഇടപാടിലെ കേസിൽ വിചാരണ നേരിടാൻ ഏപ്രിൽ ഒന്നിന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം ഉത്തമ ക്രൈസ്തവ മാതൃകകളെക്കുറിച്ച് സംസാരിക്കാൻ സഹോദര സഭയിലെത്തുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ കൈമാറിയത് സർക്കാർ ഭൂമിയാണോയെന്ന് അന്വേഷിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇത്തരമൊരു കളങ്കിത വ്യക്തിത്വത്തെ എന്തിനാണ് കെട്ടി എഴുന്നെള്ളിക്കു ന്നതെന്നാണ് വിശ്വാസികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ പ്രധാന ചർച്ചാ വിഷയം.
കഴിഞ്ഞ ദിവസം ആലഞ്ചേരിക്കെതിരെയുള്ള സുപ്രീം കോടതി തീരുമാനം വന്നതോടെ അദ്ദേഹത്തെ സ്മാരക പ്രഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യം മാർത്തോമ്മാ സഭയ്ക്കുള്ളിൽ ശക്തമാണ്. രണ്ട് വർഷം മുമ്പ് മാരാമൺ കൺവെൻഷനിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സി എസ് ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) മോഡറേറ്റർ ധർമ്മരാജ് റസാലത്തെ പങ്കെടുപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. യാതൊരു വിധ ധാർമ്മിക ഔന്നത്യവുമില്ലാത്ത നേതാക്കളാണ് മിക്ക സഭകളുടെയും തലപ്പത്തുള്ളത്. മാർത്തോമ്മ സഭയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.
എല്ലാത്തരം അഴിമതിക്കാരെയും ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നേതൃത്വമാണ് ഇപ്പോഴത്തേത്. ആത്മീയവും ധാർമ്മികവുമായ ശക്തി നഷ്ടപ്പെട്ടതിന്റെ ദുരന്ത കാഴ്ചകളാണ് എല്ലാ സഭകളിലും നിലനിൽക്കുന്നതെന്ന് വ്യക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ