ആലപ്പുഴ: സിറോ മലബാർസഭയുടെ സംവിധാനത്തിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപത വേർപിരിയാൻ സാധ്യത കൂടി. സഭാനേതൃത്വവും അതിരൂപതയിലെ വൈദികരും വിരുദ്ധനിലപാടുകളിലാണ്. പ്രതിഷേധം നിലനിൽക്കിലെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടന്നിരുന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരിട്ടെത്തിയാണ് സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിച്ചത്. അതേസമയം, അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ തിരുകർമ്മങ്ങളിൽ നിന്ന് വിട്ടുനിന്നു.

സീറോ മലബാർ സഭ സിനഡ് തീരുമാന പ്രകാരം ഏകീകൃത കുർബാന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ പ്രധാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായറാഴ്ച മാർ ആലഞ്ചേരി കുർബാന അർപ്പിച്ചത്. ഏകീകൃത കുർബാനക്കെതിരെ പ്രതിഷേധവും സംഘർഷവും നിലനിൽക്കെ ബസിലിക്കയിലും പരിസരത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന സിറോ മലബാർ സഭ സിനഡിന്റെ നിർദ്ദേശം നിരാകരിച്ചു കൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ വാർത്താകുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ടുതന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ നിരന്തര ചർച്ചയാക്കാറുണ്ട്.

എങ്കിലും, ആത്യന്തികമായി തിരുസഭ ഔദ്യോഗികമായി നൽകുന്ന നിർദ്ദേശങ്ങളും പഠനങ്ങളും ഉൾക്കൊള്ളാനും അവ നടപ്പിൽ വരുത്താനുമാണ് സഭ വിശ്വാസികൾ ശ്രമിക്കേണ്ടത്. അതിനുപകരം സഭയെ മോശമാക്കും വിധത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികൾക്ക് സഭാപരമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിനാൽ വിവേകത്തോടെ പ്രവർത്തിക്കാനും സഭ അവഹേളിതയാകുന്ന സന്ദർഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസിസമൂഹം ജാഗ്രതയോടെ വർത്തിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സിറോ മലബാർസഭയുടെ സംവിധാനത്തിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപത വേർപിരിയാൻ സാധ്യത തേടുന്നുവെന്ന റിപ്പോർട്ട് വരുന്നത്. അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ തിരുകർമ്മങ്ങളിൽ നിന്ന് വിട്ടുനിന്നതും ഇതിന്റെ ഭാഗമാണ്.

സിറോ മലബാർസഭയിൽത്തന്നെ തുടർന്ന്, പ്രത്യേക റീത്തായി മാറുകയെന്ന വികാരമാണ് ഒരുവിഭാഗം വൈദികർ ഉന്നയിക്കുന്നത്. വേർപിരിയിൽ മാർപാപ്പ അംഗീകരിക്കുമോയെന്നതാണു പ്രധാന ആശങ്ക. രണ്ടുവിഭാഗങ്ങളും യോജിച്ചുപോകാനുള്ള സാധ്യതയും കുറവാണ്. 23 പൗരസ്ത്യസഭകളാണ് ആകെയുള്ളത്. എറിത്രിയൻ കാത്തലിക് ചർച്ച് 2015-ലാണ് ആരംഭിച്ചത്. അൽബേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ചിൽ 4,028 വിശ്വാസികൾ മാത്രമേയുള്ളൂവെന്നു സിറോ മലബാർസഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. എറണാകുളം അതിരൂപതയാണ് സിറോ മലബാർസഭയുടെ ആസ്ഥാനം.

അതിരൂപതാധ്യക്ഷൻ സഭാധ്യക്ഷനുമാകുന്ന പതിവാണു നിലവിൽ. എറണാകുളം സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയാണ് ആസ്ഥാന ദേവാലയം. ഭൂമിയിടപാടു വിവാദങ്ങളെത്തുടർന്നാണ് എറണാകുളത്ത് ആദ്യം അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്ററെയും പിന്നീട്, മെത്രാപ്പൊലീത്തൻ വികാരിയെയും (മേജർ ആർച്ച് ബിഷപ്പിന്റെ വികാരി) നിയമിച്ചത്. മാണ്ഡ്യയിൽ ബിഷപ്പായിരുന്ന മാർ ആന്റണി കരിയിലിനെ ആർച്ച് ബിഷപ്പായുയർത്തിയാണ് മെത്രാപ്പൊലീത്തൻ വികാരിയാക്കിയത്.

സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെയ്ന്റ് തോമസിലേക്ക് സഭാധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാറുകയും ചെയ്തു. എന്നിട്ടും പ്രശ്‌നമൊന്നും തീർന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നലെ പറഞ്ഞിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം വത്തിക്കാൻ കർദിനാളിനാണ് നൽകിയിരിക്കുന്നതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാനായിരുന്നു വൈദികരുടെ തീരുമാനം.

ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തിൽ ബിഷപ്പ് ആന്റണി കരിയിലിനെ സമ്മർദ്ദം ചൊലുത്തി ഒപ്പു വെപ്പിച്ചതായി വൈദികർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശദീകരണവുമായി രംഗത്തെത്തിയത്. സിനഡിന് ശേഷം പുറത്തിറക്കിയ സർക്കുലർ നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കർദിനാൾ എന്ന നിലയിൽ തനിക്കാണെന്നും ജോർജ് ആലഞ്ചേരി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാന്നെന്നും കർദിനാൾ അറിയിച്ചിരുന്നു.