ർഷം തോറും നടക്കുന്ന നോട്ടിങ്ഹിൽ കാർണിവലിനെത്തുന്നവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുകയെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ലണ്ടനിൽ ആരംഭിച്ച ഈ വർഷത്തെ കാർണിവലും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. ഇക്കുറി ശരീരം മുഴുവൻ പെയിന്റടിച്ച് കാർണിവലിന് നിറച്ചാർത്തേകാൻ നിരവധി പേരാണ് എത്തിയിരുന്നത്. അതിനിടെ ആഘോഷം അതിര് കവിഞ്ഞപ്പോൾ ഇന്നലെ നാല് പേർക്ക് കുത്തേറ്റെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ പതിവ് പോലെ തെരുവുകൾ കീഴടക്കി കാർണിവലിന്റെ ലഹരി മുഴുവൻ നുണയാൻ അൽപവസ്ത്രധാരികളുമെത്തിയിരുന്നു. എന്തായാലും ഇന്നലെ ആരംഭിച്ച കാർണിവലിന് അത്യുഗ്രമായ കൊടിയേറ്റമാണുണ്ടായിരിക്കുന്നത്.

ഒരു തെരുവിൽ ഇന്നലെയുണ്ടായ കത്തിക്കുത്ത് ആക്രമണപരമ്പരകളെ തുടർന്നാണ് നാല് പേർക്ക് കുത്തേറ്റിരിക്കുന്നത്. ഇതേ തുടർന്ന് കാർണിവൽ ആഘോഷങ്ങൾക്ക് മേൽ ആദ്യദിവസം തന്നെ കരിനിഴൽ വീണിരിക്കുകയാണ്. കുത്തേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയിലാണെന്നും സൂചനയുണ്ട്. കുത്തേറ്റവരിൽ രണ്ട് പേർ സ്ത്രീകളാണ്. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കാർണിവൽ തുടങ്ങുന്നതിന്റെ ഭാഗമായി പത്ത്ലക്ഷത്തോളം പാർട്ടിഗോയർമാരാണ് കാർണിവലിന് അഭിവാന്ദ്യമർപ്പിക്കാൻ തെരുവുകളിലെത്തിയിരുന്നത്. നിറങ്ങളും സംഗീതവും നിറഞ്ഞ ഒരു പുരാതന കരീബിയൻപാരമ്പര്യത്തിലുള്ള ഒരു ആഘോഷമാണിത്.

ഇന്നലെ രാവിലെ ആറ് മണിയായപ്പോഴേക്കും തന്നെ കാർണിവലിൽ പങ്കെടുക്കാനുള്ളവർ തെരുവുകളിലിറങ്ങിയിരുന്നു. അവരിൽ ചിലർ ആഘോഷത്തിന് കൊഴുപ്പേകാനായി പരസ്പരം ശരീരത്തിൽ പെയിന്റ് , ചെളി, ചോക്കളേറ്റ് , പൗഡർ തുടങ്ങിയവ പുരട്ടുകയും സംഗീതത്തിനൊപ്പം ചുവട് വയ്ക്കുകയും ചെയ്തിരുന്നു. കാർണിവൽ ആഘോഷങ്ങളുടെ മറവിൽ വിവിധ തരത്തിലുള്ള നിയമലംഘനങ്ങളും ആക്രമണങ്ങളും അഴിച്ച് വിട്ട 47 പേരെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് വൈകുന്നേരം ആറരയോടെ മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇതിൽ രണ്ട് ലൈംഗിക കുറ്റങ്ങളും 37 മയക്കുമരുന്ന് കേസുകളും അപകടകരമായ ആയുധങ്ങൾ കൈവശം വച്ച 13 കേസുകളും മോഷണക്കേസുകളും ഉൾപ്പെടുന്നു.

കെൻസിങ്ടണിലെ വോർണിങ്ടൺ റോഡ്, ചെൽസിയ എന്നിവിടങ്ങളിൽ നടന്ന കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം നാല് മണിയോടെ ഒരാൾ പിടിയിലായിരുന്നു. തുടർന്ന് ഇതേ പോലുള്ള മറ്റൊരു സംഭവം പോർട്ടോബെല്ലോ റോഡിലും അരങ്ങേറിയിരുന്നു. വൈകുന്നേരം 5.10ന് ലാഡ്ബ്രോക്ക് ഗ്രോവിൽ രണ്ട് പേർക്ക് കുത്തേറ്റിരുന്നു. കാർണവലിനോടനുബന്ധിച്ച് വർഷം തോറും ആക്രമങ്ങൾ അരങ്ങേറുന്നത് പരിഗണിച്ച് ഇത് കുറയ്ക്കാനായി പ്രത്യേകം പരിശീലനം നേടിയ പൊലീസ് ഓഫീസർമാരെ തെരുവുകളിൽ വിന്യസിച്ചിരുന്നു.

ആരൊക്കെയാണ് നിയമം ലംഘിക്കുന്നതെന്ന് നിരീക്ഷിക്കാനും തെളിവ് ശേഖരിക്കുന്നതിനുമായി വിശദമായ സിസിടിവി കവറേജും തെരുവുകളിലുടനീളം സജ്ജമാക്കിയിരുന്നു. കാർണിവലിൽ പങ്കെടുത്ത് സുരക്ഷിതമായി ആസ്വദിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് വേണ്ടതെല്ലാം മെട്രൊപൊളിറ്റൻ പൊലീസ് ഒരുക്കാൻ ശ്രമിച്ചിരുന്നു. കുറ്റകൃത്യങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്രാവശ്യം പൊലീസ് ഒരു ഫേഷ്യൽ റെക്കഗ്‌നീഷ്യൻ സിസ്റ്റം ഏർപ്പെടുത്തിയിരുന്നു. കുറ്റവാളികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ക്യാമറകൾ ഉപയോഗിച്ച് മുഖം സ്‌കാൻ ചെയ്യുന്ന രീതിയാണിത്.