തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രമായ ജനമഭൂമിയിലെ കാർട്ടൂൺ വിവാദമാകുന്നു. ദൃക്സാക്ഷി എന്ന കാർട്ടൂൺ പംക്തിയിലാണ് ഇത്തരത്തിൽ അപമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ( ഡിസംബർ 22 )യാണ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിത മതിലിന് സർക്കാർ പണം മുടക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് സമർപ്പിച്ചതാണ് കാർട്ടൂണിന് ആധാരം. തെങ്ങിൽ കയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റിയാൽ ഇങ്ങനെ ഇരിക്കും എന്നാണ് കാർട്ടൂൺ.

ഈഴവരെല്ലാം തെങ്ങ് കയറി ജീവിക്കണം എന്ന മുൻവിധിയോടെയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന വിമർശനം ശക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മാന്യതയില്ലാത്ത പ്രവർത്തിയാണ് ജന്മഭൂമി ചെയ്തിരിക്കുന്നത് എന്നാണ് അഭിപ്രായം ഉയരുന്നത്. ശബരിമലയില്# വിവിധ ജാതികളിലുള്ള ഹൈന്ദവരെ ഒരുമിച്ച് നിർത്തി സമരം ചെയ്യും എന്ന് ബിജെപി തന്നെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ജാതി വെറിയൻ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശബരിമല വിഷയം സജീവമായി നിൽക്കവെ തന്നെ ഇത്തരമൊരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത് അക്ഷരാർഥത്തിൽ ആ പാർട്ടിക്കുള്ള സവർണ ചിന്താഗതിയെ തന്നെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ.മറ്റുള്ളവരും എന്നും തെങ്ങുകയറേണ്ടവനോ ജാതിത്തൊഴിലെടുത്തു ജീവിക്കേണ്ടവനോ ആണെന്ന നിന്റെയൊക്കെ ആ പഴയ ഫ്യൂഡൽ - ജാതി ബോധമുണ്ടല്ലോ . അതിനു നേരേ മതിലല്ല , ബോംബാണ് വർഷിക്കേണ്ടത് എന്ന രീതിയിലാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

സജീവമായി സമരത്തിനും പോസ്റ്ററൊട്ടിക്കാനും ഒപ്പം ഇഴവരെയും പട്ടികജാതി മോർച്ചയെന്നുമൊക്കെ പറഞ്ഞ് ഒപ്പം നിർത്തുകയും ചെയ്യുമ്പോഴും ഉള്ളിന്റെ ഉള്ളിൽ നിങ്ങളെ അംഗീകരിക്കാൻ അവരുടെ ഫ്യൂഡൽ ചിന്താഗതി സമ്മതിക്കില്ല എന്നാണ് അഭിപ്രായങ്ങൾ ഉയരുന്നതും. ഫ്യൂഡലിസ്റ്റ് ജീർണതയുടെ അവശിഷ്ടമായ ജാതിവാലും, സവർണ ജാതിബോധവും ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ആണെന്ന് മനസ്സിലാക്കാതെ ഒപ്പം നിൽക്കുന്ന ഈഴവ സമുദായത്തിലെ സംഘപരിവാർ പ്രവർത്തകർ കണ്ട പടിക്കട്ടെ എന്നാണ് നിരവധിപേർ രേഖപ്പെടുത്തുന്ന അഭിപ്രായം

ആവിഷ്‌കാര സ്വാതന്ത്ര്യം ആണ് ഇതെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ മറുവിഭാഗം തയ്യാറല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ത് തോന്ന്യവാസവും എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുന്ന രീതിയിലേക്ക് മാറുന്നുണ്ട. അതേ സമയം ഈ കാർട്ടൂൺ വരച്ചവരും പ്രസിദ്ധീകരിച്ചവരും ഉൾപ്പടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പേരിൽ കേസെടുക്കണം എന്ന ആവശ്യവും സജീവമാണ്.