തിരുവനന്തപുരം: കാൻസർ എന്ന രോഗത്തിന് മുന്നിൽ കീഴടങ്ങാതെ പൊരുതി ജീവിതത്തിലേക്ക് കയറിയ നിരവധി പേരുണ്ട് നമുക്കിടയിൽ. രോഗത്തോട് ഭീതിയില്ലാതെ ചങ്ങാത്തം കൂടിയാണ് ഇവർ ജീവിതം തിരികെ പിടിച്ചത്. അത്തരമൊരു അനുഭവമാണ് മറുനാടൻ മലയാളിയിൽ അടക്കം വിവിധ മാദ്ധ്യമങ്ങളിൽ കാർട്ടൂൺ നൽകുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയ് കുളനടയ്ക്കും ഉണ്ടായത്. എട്ട് വർഷമായി കാൻസറിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹച്ചെ മൂന്നാം തവണയും കാൻസർ പിടികൂടി. കാർട്ടൂണാണ് ജീവിതം എന്നതിനാൽ വരകളിലൂടെ മറികടന്ന് വേദന മറച്ചു അദ്ദേഹം. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇനിയുള്ള ദിവസങ്ങളിൽ കാർട്ടൂണുകളെ സ്‌നേഹിച്ച് ജീവിക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം.

ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ രോഗാവസ്ഥയെ കുറിച്ച് സുഹൃത്തുക്കളോടായി പങ്കുവച്ചത്. കുടലിനായിരുന്നു ജോയ് കുളനടയ്ക്ക് ആദ്യം കാൻസർ ബാധ ഉണ്ടായത്. കീമോ തെറാപ്പിയാൽ ഇതിനെ മറികടന്നു. പിന്നീട് കരളിനെയാണ് കാൻസർ പിടികൂടിയത്. ഏറ്റവും അവസാനം വന്ന രോഗാവസ്ഥയെയും ചികിത്സയിലൂടെ മറികടക്കാൻ കാട്ടൂണിസ്റ്റിന് സാധിച്ചു. രോഗാവസ്ഥയെ വിവരിച്ച അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

പ്രിയ സുഹൃത്തുക്കളിൽ നിന്നും എന്റെ രോഗത്തെപറ്റിയും രോഗാവസ്ഥ യെ പറ്റിയും നിരവധി അന്വേഷണങ്ങൾ ഫേസ്‌ബുക്ക് മെസ്സേജ് ലൂടെയും ഫോണിലൂടെയും ലഭിക്കുന്നതിനാൽ അതെപ്പറ്റി അറിയിച്ചില്ലെങ്കിൽഅനുചിതമാകുമെന്നു കരുതുന്നു ..എന്റെ രോഗത്തെ പറ്റിഇപ്പോൾ തുറന്നു പറഞ്ഞാൽ നിങ്ങളിൽ പലർക്കുംഅത്ഭുതമായിരിക്കും ഉളവാക്കുക എന്നും അറിയാം ..കഴിഞ്ഞ എട്ടു വർഷങ്ങളായി ഞാൻ കാൻസർ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിട്ട്....ആദ്യം carcinoma -Rectum എന്ന വൻ കുടലിന് ബാധിക്കുന്ന രോഗമായി തുടക്കം. 2007ഇൽ Lakeshore Hospital ഇൽ ശസ്ത്രക്രിയ .എന്റെ അടുത്ത സുഹൃത്ത് കൂടിയായ Dr V P Gangadharanന്റെ മേൽനോട്ടത്തിൽ Dr.Ramesh ആയിരുന്നു ശസ്ത്രക്രിയ നടത്തിയത് ..പിന്നീട് പതിവ് പോലെ കീമോ തെറാപ്പി യും മുപ്പതു Radiation. ഒരു വർഷം കുഴപ്പമില്ലാതെ ചെക്കപ്പുമായി കഴിഞ്ഞു .Dr..ഗംഗാധരൻ എന്റെ ഭാര്യയെ ഇതേ അസുഖത്തിന് ചികിൽസിച്ചു കൊണ്ടിരുന്നതിനാൽ പോക്കുവരവിനു സൗകര്യം ആയി ..എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ വില്ലൻ വീണ്ടും പ്രത്യക്ഷപ്പെട്ടു ..ഇത്തവണ കരളിന് തന്നെയാണ് പിടി വീണത് .വീണ്ടും Lakeshoreൽ Dr.Ramesh ന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ,, തുടക്കത്തിൽ കണ്ടതിനാൽ വീണ്ടും രക്ഷപെട്ടു ...വീണ്ടും കീമോതെറാപ്പി..ഒരു ലക്ഷം രൂപ ഒന്നിന് വില വരുന്ന കീമോതെറാപ്പിയും അതിൽ കുറവുള്ള ആറു കീമോതെറാപ്പി യും എടുക്കേണ്ടി വന്നു ...

പിന്നീട് കഴിഞ്ഞ ഏഴു വർഷം ഒരു ആരോഗ്യ പ്രശ്‌നങ്ങൾഉം ഇല്ലാതെ കഴിഞ്ഞു ..ഈ ഏഴു വർഷങ്ങൾ എന്റെ ജീവിതത്തിൽ നിർണ്ണായകമായ സംഭങ്ങൾ അരങ്ങേറിയ വർഷങ്ങൾ ആയിരുന്നു .എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാർട്ടൂണുകൾ വരച്ചതും മൂന്നു വില പിടിച്ച അവാർഡ് കൾലഭിച്ചതും ഈ കാലഘട്ടത്തിൽ ആണ് .എന്നാൽ കുറ മാസങ്ങൾക്ക് മുൻപ് രക്തപരിശോധനയിൽ ചില താളപ്പിഴകൾ കണ്ടതിനാൽ Amritha Hositalലിൽ PET SCAN എന്ന പരിശോധനയിൽ വില്ലൻ വീണ്ടും എവിടെ യൊക്കെയോ കടന്നു കൂടിയിരുന്നു ..വീണ്ടും പതിവ് പോലെ ഒരു ലക്ഷം രൂപ ഒന്നിന് വില വരുന്ന ആറു കീമോതെറാപ്പിയും ഒപ്പം അത്രയും വിലയില്ലാത്ത ആറു കീമോയും എടുക്കേണ്ടി വന്നു .ഇത്തവണ വില്ലൻ വലയിൽ വീണില്ല. DR.ഗംഗാധരനെ പോലും വെല്ലു വിളിച്ചു കൊണ്ട് അവൻ ചുറ്റിക്കളി നടത്തി ..അപ്പോഴാണ് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് മുൻപ് എനിക്ക് പുറത്തും നടുവിനും ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങിയത് .എങ്കിലും ഞാൻ കാർട്ടൂൺ രചന മുടക്കിയില്ല ..എല്ലാ ദിവസവും കാർട്ടൂൺ വരയ്ക്കുകപതിവായിരുന്നു .ഒരു മാസം മുൻപ് വരെ ..ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ഡോ.ഗംഗാധരൻ ബുക്കിങ് ഇല്ലാതെ തന്നെ കടന്നു ചെല്ലാനുള്ള അമിത സ്വാതന്ത്ര്യം എനിക്ക് അനുവദിച്ചു തന്നത് അനുഗ്രഹമായി.

ഇതിനിടയിലാണ് എന്റെ ഭാര്യ രമണി സെപ്റ്റംബറിൽ നിര്യാത ആയത്. പിന്നീട് എന്റെ യാത്ര ഒറ്റക്കായി. ഒടുവിൽ Bone-Scanningil അസ്ഥിയിൽ ബാധിച്ചതായി കണ്ടെത്തി. ഇപ്പോൾ അതിനുള്ള ചികിൽസയിൽ ആണ് ..ASTER Medcenre ഇൽ ഇരുപതു Radiation കഴിഞ്ഞു കഴിഞ്ഞ ആഴ്ച മടങ്ങിയെത്തി. കഴിഞ്ഞ ദിവസം ഡോ.ഗംഗാധരനെ കണ്ടിരുന്നു ..രണ്ടാഴ്ച കഴിഞ്ഞു രക്ത പരിശോധനയുടെ ഫലവുമായി ചെല്ലാൻ പറഞ്ഞിരിക്കയാണ് ..ഇപ്പോൾ ഒരു Adjustable Reclaner Chair ഇൽ ദിവസങ്ങൾ തള്ളി നീക്കുന്നു. മകളും കുടുംബവും അവധിക്കു നാട്ടിൽ എത്തിയത് ആശ്വാസം ആയി. മകൻ അടുത്ത ആഴ്ച നാട്ടിലെത്തും.. എനിക്ക് കൂടുതൽ ഇനി ആശിക്കാൻ ഇല്ലാത്തതിനാൽ നിരാശ ഇല്ല ..ഇന് ദൈവത്തിൽ ആശ്രയം വച്ച് പ്രാർത്ഥനയിൽ കഴിയാം എന്ന് കരുതുന്നു... എന്റെ ശബ്ദത്തിനു അൽപ്പം പതർച്ച ഉള്ളതിനാലാണ് ഫോൺ എടുക്കാത്തത്.സുഹൃത്തുക്കൾ ദയവായി ക്ഷമിക്കുക .നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക ...തൽക്കാലം നിർത്തട്ടെ......