- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് വാങ്ങുന്നതിന് അഡ്വാൻസായി നൽകിയ തുക തിരിച്ചുചോദിച്ചപ്പോൾ വീട്ടമ്മയെ ആക്രമിച്ചെന്ന് പരാതി; ഫോൺ എറിഞ്ഞ് പൊട്ടിച്ചു; പെരുമ്പാവൂർ നഗരസഭാ സിപിഎം കൗൺസിലർക്കെതിരെ കേസ്; പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ
കൊച്ചി: വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിയിൽ സിപിഎമ്മിന്റെ പെരുമ്പാവൂർ നഗരസഭാ കൗൺസിലർ പി.എസ്. അഭിലാഷിനെതിരെ പൊലീസ് കേസെടുത്തു. വീട് വാങ്ങുന്നതിന് അഡ്വാൻസായി നൽകിയ തുക തിരിച്ചുചോദിച്ചപ്പോൾ ആക്രമിച്ചെന്നാണ് പരാതി. പട്ടികവിഭാഗത്തിൽ പെട്ട വീട്ടമ്മായാണ് പരാതി പെട്ടിരിക്കുന്നത്.
അഭിലാഷിന്റെ അമ്മയുടെ പേരിലുള്ള വീടും സ്ഥലവും വാങ്ങുന്നതിനായി പരാതിക്കാരി നാലുവർഷം മുമ്പ് അമ്പതിനായിരം രൂപ നൽകിയിരുന്നു. എന്നാൽ, ഈട് വസ്തു വെള്ളംകയറുന്ന സ്ഥലമായതിനാൽ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ഇവർ വീട് വാങ്ങുന്നത് വേണ്ടെന്നുവെച്ചു. തുടർന്ന് വീട് വിൽക്കുമ്പോൾ പണം നൽകാമെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്.
വീട് വിറ്റുവെന്നറിഞ്ഞ്, പലതവണ പണം ആവശ്യപ്പെട്ടിട്ടും അഭിലാഷ് നൽകാൻ തയ്യാറായില്ല. ചികിത്സയ്ക്കായി പണം അത്യാവശ്യമായിരുന്നതിനാൽ തിങ്കളാഴ്ച രാത്രി പണം ആവശ്യപ്പെട്ട് അഭിലാഷിന്റെ വീട്ടിൽ എത്തിയപ്പോൾ ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. മർദിക്കുകയും ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, വീട്ടമ്മയുടെ ആരോപണങ്ങൾ അഭിലാഷ് നിഷേധിച്ചു. ഏകപക്ഷീയമായി പിന്മാറിയതിനാൽ പണം നൽകേണ്ടതില്ലെന്നും മർദിച്ചിട്ടില്ലെന്നുമാണ് കൗൺസിലറുടെ വാദം. അതേസമയം, സിപിഎം. അംഗമായതിനാൽ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഭിലാഷിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പ്രതിയെ സംരക്ഷിച്ചാൽ സമരത്തിലേക്ക് നീങ്ങുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ