പാലക്കാട് : അട്ടപ്പാടിയിൽ റോഡു പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മർദിച്ചതായി അഗളി പൊലീസിൽ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ സിഐ കൃഷ്ണനെതിരെയാണ് പരാതി നൽകിയത്. മണ്ണാർക്കാട് ആനക്കട്ടി റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്‌സിനുമാണ് മർദനമേറ്റത്. സംഭവത്തിൽ സിഐക്കെതിരെ അഗളി പൊലീസ് കേസെടുത്തു.

ശനിയാഴ്‌ച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പൊലീസാണ് കെ കൃഷ്ണൻ. റോഡ് പണി കഴിഞ്ഞ് സെഹിയോൻ ധ്യാന കേന്ദ്രത്തിനടുത്തുള്ള താത്കാലിക താമസ സ്ഥലത്ത് പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ അലക്‌സ് വിശ്രമിക്കുകയായിരുന്നു. അഗളി ഭാഗത്തേക്ക് പോകുകയായിരുന്ന സിഐ കെ കൃഷ്ണൻ ലോറി കണ്ടതും വാഹനം നിർത്തി. മദ്യലഹരിയിലായിരുന്ന സിഐ അലക്‌സിനോട് അഗളി സിഐയാണെന്ന് പറഞ്ഞ് അസഭ്യവാക്കുൾ പറയുകയും ഇത് കേട്ട് ഇറങ്ങി വന്ന മേസ്തിരിയുമായി വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു.

ബഹളം കേട്ട് ഇറങ്ങി വന്ന മരതകത്തെ കവിളിലടിക്കുകയും അലക്‌സിനെ കൈയിലുണ്ടായിരുന്ന ടോർച്ച് കൊണ്ട് മർദിക്കുകയുമായിരുന്നു. 323, 324, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് സിഐക്കെതിരെ കേസെടുത്തത്. അട്ടപ്പാടി കണ്ടിയൂർ ഊരിലെ കാളി-വേന്തി ദമ്പതികളുടെ മകനാണ് കൃഷ്ണൻ. 2009 ൽ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി എസ്‌ഐ പോസ്റ്റിലെത്തുന്ന ആളാണ് ഇദ്ദേഹം. 2019 ലാണ് സിഐയായി പ്രൊമോഷൻ ലഭിച്ചത്.