- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്; 43 ലക്ഷം രൂപയിലേറെ തട്ടിയെന്ന് പരാതി; ധർമൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയത് പരാതി നൽകിയത് മൂവാറ്റുപുഴ സ്വദേശി മാനാരി ആസിഫ് പുതുക്കാട്ടിൽ ആലിയാർ; പരാതി വ്യാജമെന്ന് നടന്റെ ബിസിനസ് പങ്കാളി
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ്. ധർമൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിൽ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടിൽ ആലിയാർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ധർമജൻ ഉൾപ്പടെ 11 പേർക്കെതിരെയാണ് പരാതി. ധർമൂസ് ഫിഷ് ഹബുമായി ബന്ധപ്പെട്ടവരാണ് പ്രതിയാക്കപ്പെട്ടത്.
അതേ സമയം ഫ്രാഞ്ചൈസിയിൽ പുറത്തുനിന്നു മീനെടുത്തു വിൽപന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിർത്തി വയ്ക്കുകയായിരുന്നെന്നും പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധർമജന്റെ ബിസിനസ് പങ്കാളിയും കേസിൽ രണ്ടാം പ്രതി കിഷോർ കുമാർ പറഞ്ഞു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.
വരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ(43), താജ് കടേപ്പറമ്പിൽ(43), ലിജേഷ് (40), ഷിജിൽ(42), ജോസ്(42), ഗ്രാൻഡി(40), ഫിജോൾ(41), ജയൻ(40), നിബിൻ(40), ഫെബിൻ(37) എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമേരിക്കൻ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ൽ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധർമജൻ ബോൾഗാട്ടിയെ പരിചയപ്പെട്ടത്.
എറണാകുളം എംജി റോഡിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നൽകുയും 10000 രൂപ കൈപ്പറ്റുകയും ചെയതു. തുടർന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരൻ പറയുന്നു. മുഴുവൻ തുകയും ബാങ്ക് വഴി കൈമാറിയതിനാൽ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മൂവാറ്റുപുഴയിൽ തുടങ്ങിയ ധർമൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തിൽ കൃത്യമായി മൽസ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മൽസ്യ വിതരണം നിർത്തി വച്ചു. ഇതോടെ ബിസിനസ് താറുമാറിലാകുകയും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാതെ കോപ്പി നൽകുകയും പിന്നീടു നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും ചെയ്തില്ല. ഇതിനിടെ ഫ്രാഞ്ചൈസിക്കായി പല കാരണങ്ങൾ പറഞ്ഞാണ് വൻ തുക കൈവശപ്പെടുത്തിയതെന്നു പരാതിക്കാരൻ പറയുന്നു. പരാതിയിൽ ധർമജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. കേസിൽ വിശദമായ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ