- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചു; വ്‌ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കേസ്; അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്
കോഴിക്കോട്: മലയാളി വ്‌ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. റിഫയെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നാണു സംസ്‌കരിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്‌പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു.
തുടർന്ന് എസ്‌പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് നാട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ