- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേക്കിൻകാട് മൈതാനിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത സമ്മേളനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ആയിരത്തോളം പ്രവർത്തകർക്കെതിരെ കേസ്; നഡ്ഡയെയും സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതി ചേർക്കും; സമ്മേളനത്തിൽ പങ്കെടുത്തത് അയ്യായിരത്തോളം പേർ
തൃശൂർ: തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പങ്കെടുത്ത സമ്മേളനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് കേസ്. കണ്ടാൽ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവർത്തകർക്കെതിരെയാണ് പകർച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസ് എടുത്തത്. സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംസ്ഥാന, ജില്ലാ നേതാക്കളെയും കേസിൽ പ്രതി ചേർക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായാണ് ബിജെപി ദേശീയ അധ്യക്ഷൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. തേക്കിൻകാട്് മൈതാനത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, കർണാടക ഉപമുഖ്യമന്ത്രിയും കേരളത്തിന്റെ തിരഞ്ഞെടുപ്പ് പ്രഭാരിയുമായ ഡോ. അശ്വന്ത് നാരായണൻ, കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽകുമാർ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ്, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ എന്നിവരും വേദിയിലുണ്ടായിരുന്നു.
ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിൽ ഭരണംപിടിക്കാം. പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങൾ ഓരോ വീട്ടിലും എത്തിക്കണമെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്നും നഡ്ഡ പറഞ്ഞു.ബിജെപിയുടെ വിപുലമായ സമ്മേളനമാണ് തൃശൂരിൽ ഇന്നലെ നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ അധ്യക്ഷൻ അടക്കമുള്ള പ്രമുഖർ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ 5,000 ത്തിലേറെ ആളുകൾ പങ്കെടുത്തതായാണ് വിവരം. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് സമ്മേളനം നടന്നതെന്ന് പൊലീസ് പറയുന്നു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കണ്ണൂരിൽ കേസ് എടുത്തിരുന്നു. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യു ഡി എഫ് നേതാക്കൾക്കും കണ്ടാൽ അറിയാവുന്ന നാനൂറോളം പ്രവർത്തകർക്കും എതിരെയാണ് തളിപ്പറമ്പിൽ കേസ് എടുത്തിരിക്കുന്നത്.
കൽപ്പറ്റയിൽ സ്വീകരണവേദിയിലുണ്ടായിരുന്നത് നാൽപ്പതോളംപേർരാണ്. കസേര കിട്ടാത്തവർ പിറകിൽ നിലയുറപ്പിച്ചു. പ്രാദേശിക യുവജന നേതാക്കൾമുതൽ സ്റ്റേജിൽ തിക്കിത്തിരക്കി. മുതിർന്ന പല നേതാക്കൾക്കും ഇരിപ്പിടം കിട്ടിയതുമില്ല. ഇരുനൂറ് മീറ്ററോളം പ്രവർത്തകർ ചെന്നിത്തലയെ എടുത്താണ് പോയത്. പലർക്കും മാസ്‌കും ഉണ്ടായിരുന്നില്ല. പ്രകടനം നയിച്ചെത്തിയവരിലും മാസ്‌ക് ധരിക്കാത്തവരായിരുന്നു ഏറെയും.
മറുനാടന് മലയാളി ബ്യൂറോ