കോഴിക്കോട്/കൊച്ചി: ഇസ്ലാമിക്ക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്ന പീസ് ഇന്റർനാഷണൽ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തുന്ന സിലബസ് പഠിപ്പിച്ചതിനാണ് എം.എം അക്‌ബറിന്റെ എറണാകുളത്തെ പീസ് സ്‌കൂളിനെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂളിന്റെ ഡയറക്ടർമാരായ മൂന്ന് വ്യവസായ പ്രമുഖർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. സ്‌കൂൾ പ്രിൻസിപ്പൽക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അന്വേഷണം തുടരുന്ന മുറക്ക് സ്ഥാപനത്തിന്റെ മറ്റു അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പോലസ് അറിയിച്ചു. മേത്തർ, മൂപ്പൻ, കള്ളിയത്ത് എന്നീ പ്രമുഖ വ്യവസായ കുടുംബാംഗങ്ങൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവർ സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ്. രാജ്യത്തിനകത്തും പുറത്തും ബിസിനസുള്ള ഈ മൂന്ന് വ്യവസായ പ്രമുഖർ എറണാകുളത്ത് ഒരുമിച്ച് ബിസിനസ് നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സ്, തീവ്രവാദ സംഘങ്ങളുമായും സമാന ആശയങ്ങളുമായും ഇവരുടെ ബന്ധം തുടങ്ങിയവ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ പീസ് സ്‌കൂളിനെതിരെ കേസെടുത്തത്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. മലയാളികളുടെ കൂട്ടത്തോടെയുള്ള തിരോധാനത്തിനു ശേഷം പീസ് സ്‌കൂൾ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഐസിസിൽ ചേർന്ന കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ള കോഴിക്കോട് പീസ് സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റിംങ് ചുമതലയുള്ള സ്റ്റാഫായിരുന്നു.

അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നും മലയാളികൾ ഐസിസിൽ ചേർന്നത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നു വരികയാണ്. ഇതിനു പുറമെ റാഷിദിന്റെ അടുത്തേക്ക് കടക്കാനിരുന്ന രണ്ടാം ഭാര്യ യാസ്മിനെ വിമാനത്താവളത്തിൽ വച്ച് അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. യാസ്മിൻ ഇപ്പോൾ ഐഎസ് കേസിൽ റിമാൻഡിൽല കഴിയുകയാണ്. യാസ്മിൻ മലപ്പുറം കോട്ടക്കലിലെ പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.

മതം മാറി ഐസിസിൽ ചേർന്നതായി കരുതപ്പെടുന്ന ദമ്പതികളായ ബെസ്റ്റൺ എന്ന യഹി യ, മെറിൻ എന്ന മറിയം എന്നിവർ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ വിദേശത്തേക്കു കടന്ന മറ്റു മലയാളികളും എം.എം അക്‌ബറിന്റെ പീസ് സ്‌കൂളുമായും സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനുമായും ബന്ധമുള്ളവരാണ്. ഇതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. എറണാകുളത്തെ മെറിൻ മറിയത്തിന്റെ സഹോദരൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഐസിസ് കേസുമായി ബന്ധപ്പെട്ട് സാക്കിർ നായിക്കിന്റെ കൂട്ടാളി ഖുറേഷിയെയും റിസ് വാനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിൽ കഴിയുകയാണ്. വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഐആർഎഫിന്റെ കേരളത്തിലെ പ്രചാരകനും അടുത്ത ബന്ധമുള്ളയാളുമാണ് പിസ് സ്‌കൂൾ മേധാവി എം.എം അക്‌ബർ.

ഈയിടെയായി ഐസിസുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം പീസ് സ്‌കൂളിന്റെ പേരും കടന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏറെ നാളായി ഈസ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിദേശത്തേക്കു കടന്ന അബ്ദുൽ റാഷിദ് അബ്ദുള്ള ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരെ ഐസിസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശം വന്നിരുന്നു. കൂടാതെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന നിരവധി സന്ദേശങ്ങളും ടെലഗ്രാം വഴി അയച്ചിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം പീസ് സ്‌കൂളിനു മേലുള്ള സംശയം ഇരട്ടിപ്പിച്ചു. സ്‌കൂളിന്റെ സിലബസ് സംശയം തോന്നിയ എറണാകുളം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇക്കാര്യം വിദ്യാഭ്യാസം വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിലബസ് പരിശോധിച്ചിരുന്നു. സമുദായ സ്പർദ വളർത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ദേശവിരുദ്ധമായ പാഠഭാഗങ്ങളും മതനിരപേക്ഷമല്ലാത്തതുമാണ് ഇവയിലെ ആശയങ്ങളെന്ന് പൊലീസ് പറഞ്ഞു.വിഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസർ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് പാലാരിവട്ടം പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ മൂന്ന് വ്യവസായികളെയും പ്രിൻസിപ്പലിനെയുമാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. എറണാകുളം എസിപിയുടെ കൈവശമാണ് കേസിന്റെ ഫയലുള്ളത്. പ്രതിചേർത്തവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

ഇതോടെ സമാന സിലബസ് തുടരുന്ന സംസ്ഥാനത്തെ മറ്റു പീസ് സ്‌കൂളുകളിലെ സിലബസിനെതിരെയും കേസെടുക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ സമാനമായ സിലബസുകളാണ് മറ്റു സ്ഥാപനങ്ങളിലുമുള്ളത്. എം.എം അക്‌ബറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സിലബസിന് രൂപം നൽകാറുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. പീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് നേരത്തെതന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. വിദേശത്തു നിന്നും വൻതോതിൽ സാമ്പത്തിക സഹായം ലഭിച്ചിരുന്നത് ഈ ബിസിനസുകാർ മേഖേനയാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. അന്വേഷണം മറ്റുതലങ്ങളിലേക്കു നീളുന്നതോടെ കൂടുതൽ പേരെ പ്രതിചേർത്തായിരിക്കും കേസന്വേഷണം തുടരുക.