- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്തു; മേധാ പട്കർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്; തുക ദേശവിരുദ്ദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ആരോപണം; കേസ് മേധപടകറെ കൂടാതെ 11 ഓളം പേർക്കെതിരെ; ആരോപണങ്ങൾ തള്ളി മേധപട്കർ
ന്യൂഡൽഹി: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവന തുക ദുരുപയോഗം ചെയ്തെന്നാരോപിച്ച് സാമൂഹ്യപ്രവർത്തക മേധാ പട്കർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. മേധയെക്കൂടാതെ മറ്റു 11 പേരാണ് കേസിലുള്ളത്.പ്രീതം രാജ് ബഡോലെ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മേധാ പട്കർ ട്രസ്റ്റിയായ 'നർമദ നവനിർമ്മാൺ അഭിയാ'ന്റെ നേതൃത്വത്തിൽ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യപ്രവർത്തകയായി ചമഞ്ഞ് മേധാ പട്കർ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ മേധാപട്കർ തള്ളി. വിഷയത്തിൽ പൊലീസ് തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണെന്നും മേധാ പട്കർ വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയിലെ അംഗമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാവങ്ങൾക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സിഎസ്ആർ ഫണ്ടുകൾ ഞങ്ങൾ സ്വീകരിക്കാറില്ല, അവർ പറഞ്ഞു.
ട്രസ്റ്റിന്റെ സാമ്പത്തിക നില സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ തയ്യാറാണ്. വിദേശ പണം സ്വീകരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ലഫ്. ഗവർണറുമായി നടന്ന കേസിൽ ഞങ്ങൾക്കായിരുന്നു വിജയം. ബാങ്ക് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നുണ്ട്. മേലിലും ഇത്തരം കാര്യങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും മേധാ പട്കർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ