തൃശൂർ: ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിൽ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഹമ്മർ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും അതുപയോഗിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചേക്കുമെന്നും കോടതി നിരീക്ഷച്ചു. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും നേരത്തെ കേസുകൾ കോടതിയിലെത്തും മുൻപ് ഒത്തുതീർത്തത് അത് ശരിവക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് വാദിച്ചു. ഇത് അനുവദിച്ചാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി മുഹമ്മദ് നിസാമിന്റെ കേസ് ജാമ്യാപേക്ഷ തള്ളിയത്. നിസാമിന്റെ ക്രൂരത വ്യക്തമാക്കുന്ന തെളിവുകളും പൊലീസ് കോടതി മുമ്പാകെ ബോധ്യപ്പെടുത്തി. അഡ്വ. കെ ജയചന്ദ്രനാണ് നിസാമിന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത്.

അതിനിടെ നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും പൊലീസ് അന്വേഷണം നടത്തും. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ നിസാമിന്റെ ഭാര്യ അമലും സമീപത്തുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയും അന്വേഷണം നടത്തുന്നത്. നിസാമിന്റെ അറസ്റ്റിന് ശേഷം ഭാര്യ അമൽ ഒളിവിലാണ്. ഇവരുടെ സ്വാധീനവും ചന്ദ്രബോസിനെ കൊല്ലപ്പെടുത്താൻ പ്രേരണയായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ ഇവരുടെ പ്രായപൂർത്തിയാകാത്ത ഒമ്പതുവയസുകാരൻ മകൻ ഫെരാരി െ്രെഡവ് ചെയ്തത് വിവാദമായപ്പോൾ ഒരു ദേശീയ ചാനലിനോട് ഇവർ പറഞ്ഞ വാക്കുകളും വിവാദമായിരുന്നു. ഫെരാരിക്ക് പകരം മാരുതി ആയിരുന്നെങ്കിൽ ആരും പരാതിപ്പെട്ടില്ലെന്നായിന്നും അമൽ അന്ന് പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയും ചെയ്തിരുന്നു.

കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡിയെ ഏൽപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. നിസാമിനെതിരെ കാപ്പ അടക്കമുള്ള നിയമങ്ങൾ ചുമത്തുന്നതും പരിശോധിക്കുന്നുണ്ട്. ഇത് പരിശോധിക്കാൻ ജില്ലാ കളക്ടറോടും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാത്ത പേരാമംഗലം സിഐക്കെതിരെയും കേസെടുത്തു. ലോകായുക്തയാണ് സിഐക്കെതിരെ സ്വമേധയാ കേസെടുത്തത്.

ചന്ദ്രബോസ് സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു എന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയെ ഡോക്ടർമാരും സഹോദരനും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് കേസിനെ അട്ടിമറിക്കാനാണെന്നായിരുന്നു ആരോപണം. ഈഹചര്യത്തിൽ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് അറിയിച്ചില്ലെന്നു കാട്ടിയാണ് നടപടി. ഇതിന്റെ ഭാഗമായി തൃശൂർ അമല ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കമ്മീഷണർ പി നിശാന്തിനി നേരിട്ടെത്തിയാണ് ആശുപത്രി അധികൃതരിൽ നിന്നും മൊഴിയെടുത്തത്.

മൂന്നാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ചന്ദ്രബോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിലെ ദുരൂഹത ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് ആശുപത്രിയിൽ പഴിചാരി രക്ഷപ്പെടാനുള്ള പൊലീസിന്റെ നീക്കം. ചന്ദ്രബോസ് ആദ്യ നാലു നാളുകൾ ബോധാവസ്ഥയിലായിരുന്നെങ്കിലും ഒരിക്കൽ പോലും പൊലീസിനു മൊഴിയെടുക്കാൻ കഴിഞ്ഞില്ല. അബോധാവസ്ഥയിലായിരുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ആശുപത്രികിടക്കയിൽ ചന്ദ്രബോസ് വിശദമായ സംസാരിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കെതിരെയും അന്വേഷണം നടത്തുന്നത്. തൃശൂർ അമല ഹോസ്പിറ്റലിലാണ് ചന്ദ്രബോസ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ മൊഴി രേഖപ്പെടുത്താതതിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് കമ്മീഷണർ പി നിശാന്തിനി. മൊഴി എടുക്കാൻ കഴിയുന്ന ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല, ചന്ദ്രബോസെന്ന് ഡോക്ടർമാർ പറഞ്ഞതായും നിശാന്തിനി പറഞ്ഞു.

ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് ചന്ദ്രബോസിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ചന്ദ്രബോസിന്റെ നെഞ്ച് മുതൽ അടിവയറുവരെ തകർന്നിട്ടുണ്ട്. കരളും ആമാശയവും മുറിഞ്ഞുപോയി. ശ്വാസകോശങ്ങൾ, നട്ടെല്ല്, കുടലുകൾ എന്നിവയ്ക്കും ക്ഷതവും മുറിവുണ്ട്. ഇവയെല്ലാമാണ് മരണകാരണം.

എണ്ണാൻ കഴിയാത്തത്ര മുറിവുകൾ അവയവങ്ങളുടെ ഓരോഭാഗത്തും ഉണ്ടായിരുന്നു. ആശുപത്രിയിലത്തെിക്കുമ്പോൾ ഒമ്പത് വാരിയെല്ലുകൾക്ക് ക്ഷതമേറ്റിരുന്നു. ചിലത് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയ നിലയിലായിരുന്നു. കടുത്ത ആന്തരീക രക്തസ്രാവവും ഉണ്ടായി.15 ഗുരുതര ക്ഷതങ്ങളാണ് ശരീരത്തിലുള്ളത്. ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് പൊലീസും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിസ്സാമിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് കോടതിയെ അറിയിക്കും. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളും പൊലീസ് കോടതിക്ക് കൈമാറും.

അതേസമയം വിവാദങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ഉയരുമ്പോഴും ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് എതിരെയുള്ള കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഒന്നുപോലും വിട്ടുപോകാതെ ശേഖരിച്ചുവെന്നാണ് പൊലീസിന്റെ പക്ഷം. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സിഐ പി.സി. ബിജുകുമാർ, എസ്‌ഐ ടി.എൻ. സുധാകരൻ എന്നിവർക്കാണ് അന്വേഷണച്ചുമതല.

ചന്ദ്രബോസ് മരിച്ചെങ്കിലും അന്വേഷണസംഘത്തെ മാറ്റേണ്ടതില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ആഡംബര കാറായ ഹമ്മറാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവം നടന്നതിന് ശേഷം ശോഭ സിറ്റിയിലെ ഫ്‌ലാറ്റിലും എം.ജി. റോഡിലെ ഓഫീസിലും എത്തി പൊലീസ് തെളിവുകൾ ശേഖരിച്ചിരുന്നു. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് നിസാം രക്ഷപ്പെടാതിരിക്കാനുള്ള വഴികൾ ഒരുക്കുമെന്നുമാണ് പൊലീസിന്റെ പക്ഷം.