തിരുവനന്തപുരം: സ്വർണ്ണപണയത്തിന് മാസം ഒരു ശതമാനം വച്ച് പരമാവധി പത്രണ്ട് ശതമാനം വരെ വാർഷിക പലിശ ഈടാക്കാവൂ എന്നാണ് റിസർവ്വ് ബാങ്കിന്റെ മാനദണ്ഡം. എന്നാൽ മുത്തൂറ്റ് ഫിൻകോർപ്പിൽ ഇതിന് മറ്റൊരു വിശദീകരണമുണ്ട്. സ്വർണം പണയം വച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ പണയപണ്ടം ബാധ്യത തീർത്തെടുത്താലേ റിസർവ്വ് ബാങ്കിന്റെ പലിശ നിരക്ക് മുത്തൂറ്റ് ഫിൻകോർപ്പിൽ ബാധകമാകൂ. സ്വർണം പണയം വച്ച് ആറുമാസം കഴിഞ്ഞാൽ ഉരുപ്പടി മുത്തൂറ്റിന് സ്വന്തമാകുമത്രേ.

2012ൽ കേരളം അമിത പലിശ ഈടാക്കൽ നിരോധന നിയമം പാസാക്കി. എല്ലാറ്റിനും വ്യവസ്ഥയുമായി. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും ലഭിക്കാം. ഇതെല്ലാം പോരാഞ്ഞിട്ട് ഓപ്പറേഷൻ കുബേരയും എത്തി. കൊള്ളപ്പലിശക്കാരെ പൊലീസ് ഓട്ടിച്ചിട്ട് പടിക്കുന്നു. ഘട്ടം ഘട്ടമായി ഓപ്പറേഷൻ കുബേര വിപുലമാക്കി. പക്ഷേ ഇതൊന്നും ചിലർക്ക് ബാധകമല്ലെന്നാണ് മുത്തൂറ്റ് ഫിൻകോർപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾ തെളിയിക്കുന്നത്. പാവപ്പെട്ടവരെ മാത്രമേ ഓപ്പറേഷൻ കുബേരെ തൊടൂ. വമ്പന്മാർ മീറ്റർ പലിശയുമായി നീങ്ങുന്നു.

കൊള്ളപ്പലിശക്കെതിരെ പുതിയൊരു നിയമപോരാട്ടത്തിന് തുടക്കമിടുകയാണ് വെൽഗേറ്റ് മാനേജിങ് ഡയറക്ടർ കെപി വർഗ്ഗീസ്. അമിത പലിശ ഈടാക്കിയതിനെതിരെ മുത്തൂറ്റ് ഫിൻകോർപ്പിനെതിരെ വർഗ്ഗീസ് നൽകിയ പരാതിയിൽ തിരുവനന്തപുരം സി.ജെ.എം കോടതി കേസെടുത്തു. മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കേരളാ അമിത പലിശ ഈടാക്കൽ നിരോധന നിയമത്തിലെ വകുപ്പ് 3, 9(എ) പ്രകാരമാണ് കേസ്. വർഗ്ഗീസിന്റെ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് കേസ് എടുക്കാനുള്ള കോടതി തീരുമാനം. തിരുവനന്തപുരത്തെ വെൽഗേറ്റ് സ്ഥാപന ഉടമ മുത്തൂറ്റിൽ നിന്ന് 3,37,925 രൂപ സ്വർണം പണയവായ്പ എടുത്തു. 2011 നവംബർ 8നാണ് പണയം വച്ചത്. 

2012 ഒക്ടോബർ 30ന് തിരിച്ചെടുക്കാൻ ചെന്നപ്പോൾ മീറ്റർ പലിശയാണ് മുത്തൂറ്റ് ഫിൻകോർപ്പിലേതെന്ന് തിരിച്ചറിഞ്ഞു. 3.37ലക്ഷം രൂപയ്ക്ക് ഒരു വർഷത്തെ പലിശ 89,708 രൂപ. കാര്യം തിരക്കിയപ്പോഴാണ് ദിവസപ്പലിശയുടെ കാര്യമറിഞ്ഞത്. മീറ്റർ പലിശയെന്ന ബ്ലൈഡ് മാഫിയയുടെ പിഴിയൽ രീതിയാണ് പണമിടപാട് സ്ഥാപനത്തിലുള്ളത്. പന്ത്രണ്ട് ശതമാനമെന്നത് ബോർഡിൽ മാത്രം. 36 ശതമാനം പലിശ നൽകിയാലേ സ്വർണം തിരിച്ചുകിട്ടൂവെന്ന് തോമസ് ജോർജ്ജ് മനസ്സിലാക്കി.

തിരുവനന്തപുരം പട്ടം മരപ്പാലത്തെ ബ്രാഞ്ചിലാണ് പണം വച്ചത്. കൊള്ളപ്പലിശയ്ക്ക് എതിരെ ഇതിനെതിരെ കൺറ്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ പരാതിയുമായെത്തി. അവിടെ നിന്ന് പേരൂർക്കട പൊലീസ് സ്‌റ്റേഷനിലേക്ക് പറഞ്ഞയച്ചു. മുത്തൂറ്റ് ഫിൻകോർപ്പിൽ നിന്ന് എസ്‌ഐ വിശദീകരണവും തേടി. റിസർവ്വ് ബാങ്കിന്റെ നിയമം അനുസരിച്ച് മീറ്റർവട്ടി നിരക്കിൽ ദിവസ പലിശ വാങ്ങാൻ നോൺ ബാങ്കിങ്ങ് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിന് പലിശ ഈടാക്കാൻ അവകാശമുണ്ടെന്നായിരുന്നു മറുപടി. ഇത് കണക്കിലെടുത്ത് പ്രശ്‌നങ്ങളെല്ലാം തീർന്നെന്ന മട്ടിൽ പൊലീസ് പ്രതികരിച്ചു.

മറ്റുവഴികളില്ലാതെയായപ്പോൾ മുഴുവൻ തുകയുമടച്ച് സ്വർണം പണയം എടുത്തു. മുത്തൂറ്റ് ഫിൻകോർപ്പിന്റെ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും ഇത് തന്നെയാണ് സ്ഥിതിയെന്നും കെപി വർഗ്ഗീസ് മനസ്സിലാക്കി. തുടർന്നാണ് താൻ കോടതിയെ സമീപിച്ചതെന്ന് വർഗ്ഗീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മൂത്തൂറ്റ് ഫിൻകോർപ്പ് ആങ്ങനെ പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേസ് കൊടുത്തത്.