കണ്ണൂർ: വൈദികന്റെ പീഡനത്തിനിരയായി +1 വിദ്യാർത്ഥിനിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ കുറ്റകൃത്യം മറച്ചുവച്ചവർക്കെതിരെയും കേസ്. ഫാ. റോബിന്റെ പീഡനത്തിനിരയായ പെൺകുട്ടി കുഞ്ഞിനു ജന്മം നൽകിയ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും കുട്ടിയെ താമസിപ്പിച്ച വയനാട് വൈത്തിരിയിലെ സർക്കാർ അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിനെതിരെയും കേസെടുത്തു.

ആശുപത്രിയിൽ പ്രസവത്തിനു സഹായിച്ച രണ്ടു കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്നു സ്ത്രീകളെയും കേസിൽ പ്രതിചേർത്തു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം(പോസ്‌കോ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിചാരണ തീരുന്നതുവരെ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രി, അനാഥാലയ അധികൃതരെ അറസ്റ്റു ചെയ്യും. അറസ്റ്റ് നാളെ ഉണ്ടാകുമെന്നാണു സൂചന.

കേസിൽ അറസ്റ്റിലായ വൈദികൻ റോബിൻ വടക്കുംചേരിയെ സഹായിച്ചവർക്ക് എതിരെയും നടപടിയുണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഫാ. റോബിന്റെ പീഡനത്തിന് ഇരയായി +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കുറ്റകൃത്യം മറച്ചുവെയ്ക്കാൻ വൈദികനെ സഹായിച്ചവർക്കെതിരെയാണ് പൊലീസ് നടപടിയെടുക്കുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം (പോസ്‌കോ) അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും സ്‌കൂൾ മാനേജരും ആയിരുന്ന ഫാ. റോബിൻ വടക്കുംചേരി കണ്ണൂർ സ്‌പെഷൽ സബ്ജയിലിൽ റിമാൻഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതിക്കും വീഴ്ച പറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

16 വയസുകാരി പെൺകുട്ടിയെ പ്രസവത്തിന് കൊണ്ടുവന്നിട്ടും പൊലീസിൽ അറിയിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാതിരുന്ന സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ആശപത്രിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. സംഭവത്തിൽ കഴിഞ്ഞദിവസം അന്വേഷണസംഘം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമസമിതിയുടെ കമ്പളക്കാട് ഓഫീസിലും പരിശോധനയും തെളിവെടുപ്പും നടത്തിയിരുന്നു. കൂടാതെ പേരാവൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ രണ്ട് സ്ഥാപനങ്ങളിലേയും ഓഫീസ് രേഖകളും പരിശോധിച്ചിരുന്നു.

നേരത്തെ, പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. സംസ്ഥാന ഡിജിപിയും കണ്ണൂർ ജില്ലാ പൊലീസ്് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട്് സമർപ്പിക്കണമെന്നു കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസാണ് നിർദ്ദേശം നൽകിയത്.

കേസിൽ അറസ്റ്റിലായ റോബിൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. ചൈൽഡ്ലൈനിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്നാണ് പെൺകുട്ടിയെ കണ്ണൂർ ശിശുക്ഷേമ സമിതി കണ്ടെത്തിയത്. ഫാ. റോബിൻ കാനഡയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ പുതുക്കാട് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.