ആലപ്പുഴ : ആഭ്യന്തരമന്ത്രിക്ക് പ്രസംഗിക്കാൻ ഒരുക്കിയ സ്‌റ്റേജ് പൊളിച്ച് സി പി എം ജില്ലാ സെക്രട്ടറി പാർട്ടിയോടു കൂറു കാട്ടി. ഒരാവേശത്തിനു ചെയ്ത സംഗതി ഇപ്പോൾ പുലിവാലായി.

സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും കണ്ടാലറിയാവുന്ന 100 ഓളം പാർട്ടിപ്രവർത്തകർക്കുമെതിരെ ഇന്നലെ പൊലീസ് ക്രിമിനൽ കേസ് എടുത്തു. പ്രകോപനം സൃഷ്ടിക്കൽ, നശീകരണം, സംഘം ചേർന്ന് ആക്രമിക്കൽ എന്നിവയാണ് കേസ്. എന്നാൽ സെക്രട്ടറിയെ രക്ഷിക്കാൻ സ്ഥലം എം എൽ എ ജി സുധാകരൻ രംഗത്തെത്തിയിട്ടും പൊലീസ് അയഞ്ഞില്ല.

തദ്ദേശതെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രവർത്തകർ സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിനു സമീപം ആഭ്യന്തര മന്ത്രിക്ക് പ്രസംഗിക്കാൻ സ്‌റ്റേജ് ഒരുക്കിയിരുന്നു. എന്നാൽ പിറ്റേന്നു പുലർച്ചെ പ്രവർത്തകർ എത്തിയപ്പോഴേക്കും സ്‌റ്റേജ് പൊളിച്ചു നീക്കപ്പെട്ട നിലയിലായിരുന്നു. സ്റ്റേജിന് തലേദിവസം കാവൽനിന്ന പ്രവർത്തകരെയും ഇതിനിടയിൽ ഡി വൈ എഫ് ഐക്കാർ മർദ്ദിച്ച് അവശരാക്കിയിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയത് സജി ചെറിയാനാണെന്ന് ഇവരാണ് പൊലീസിന് മൊഴി കൊടുത്തിട്ടുള്ളത്.

എന്നാൽ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സി പി എം കഴിഞ്ഞ കുറെ നാളുകളായി കനത്ത പ്രതിസന്ധി നേരിടുകയാണ്. കഞ്ഞിക്കുഴി കഴിഞ്ഞാൽ പാർട്ടിക്കോട്ടയായ ചെങ്ങന്നൂരിലെ മുളക്കുഴ പഞ്ചായത്തിലെ ഉഴവെല്ലൂർ ഗ്രാമത്തിലാണ് സജി ചെറിയാൻ താമസിക്കുന്നത്. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കഴിയാത്തവിധം ഗ്രൂപ്പുകൾ തലമാറി തല്ലുകയാണ്. എസ് എൻ ഡി പിയുടെ കടന്നുകയറ്റമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ് എൻ ഡി പിക്ക് ഏറെ വേരോട്ടമുള്ള ഇവിടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സി പി എമ്മിന് വിനയാകുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ മൂന്നുമാസങ്ങൾക്ക് മുമ്പ് വിമത പ്രവർത്തനവുമായി വി എസ് അച്ചുതാനന്ദൻ പാർട്ടി വിലക്ക് ലംഘിച്ച് ഉഴവല്ലൂരിലെത്തി ദേശാഭിമാനി സഹകണ സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ പതിനായിരത്തോളം പ്രവർത്തകരാണ് വി എസ്സിനെ കാണാനെത്തിയത്. ഇത് പാർട്ടി ഔദ്യോഗിക വിഭാഗത്തിന് കനത്ത പ്രഹരമായിരുന്നു. ഇത് പരിഹരിക്കാൻ പിണറായിയും കോടിയേരിയും ഒരുമിച്ച് പ്രസംഗിക്കാനെത്തിയിട്ടും ജനം കൂടിയില്ല. തിരിച്ചടിയിൽനിന്നും മോചനം നേടാനും കഴിഞ്ഞില്ല.

ഇതിനിടയിലാണ് സാഹചര്യം മുതലാക്കാൻ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയുടെ വീടിന് മുന്നിൽ പന്തൽ കെട്ടിയത്. ഇതിൽ അമർഷം പൂണ്ട ഔദ്യോഗീക വിഭാഗമാണ് സ്റ്റേജ് തകർത്തത്. ഇതിനിടെ പാർട്ടി സെക്രട്ടറിയുടെ വീട് ആക്രമിച്ച് തകർത്തവർക്കെതിരെയുള്ള തിരിച്ചടിയെന്നോണമാണ് സ്‌റ്റേജ് തകർക്കപ്പെട്ടതെന്ന് പ്രശ്‌നത്തെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എയുടെ പ്രസ്തവനയിറക്കിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അതേസമയം ആഭ്യന്തര മന്ത്രിയുടെ സ്‌റ്റേജ് അടിച്ചുപൊളിച്ചവരെ തെരഞ്ഞ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.