തൃശൂർ: തൃശൂർ റേഞ്ച് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തിൽ ഒരാഴ്ചയ്ക്കകം ആഭ്യന്തര വകുപ്പിന് എ.ഡി.ജി.പി. എൻ. ശങ്കർ റെഡ്ഢി റിപ്പോർട്ട് സമർപ്പിക്കും. ലഭ്യമായ രേഖകളിലും തെളിവുകളിലും പരിശോധന പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ ഐ.ജിയിൽ നിന്ന് മൊഴിയെടുക്കും. പരീക്ഷ നടന്ന കളമശേരി സെന്റ് പോൾസ് കോളജിലും പരീക്ഷാ കൺട്രോളർ, ചുമതലയിലുണ്ടായിരുന്നവർ എന്നിവരിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി തെളിവെടുപ്പും മൊഴി ശേഖരണവും പൂർത്തിയാക്കി. എഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ജോസിനെതിരായ നടപടിയിൽ ഡിജിപി തീരുമാനം എടുക്കും. സസ്‌പെൻഷനിലുള്ള ഉദ്യോഗ്‌സഥനെതിരെ പൊലീസ് കേസുമെടുത്തേക്കും.

ബുധനാഴ്ച കോളജിൽ വച്ച് ഡെപ്യൂട്ടി രജിസ്ട്രാറുടെ മൊഴിയെടുക്കാനായിരുന്നു തീരുമാനമെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ തൃശൂരിലേക്കു വരാൻ നിർദേശിക്കുകയായിരുന്നു. തൃശൂർ പൊലീസ് ക്ലബ്ബിൽ നടന്ന മൊഴിയെടുക്കൽ ഒന്നര മണിക്കൂർ നീണ്ടു. നേരത്തെ വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പും സംഭവം നടന്ന ദിവസം ഉണ്ടായ കാര്യങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയ വിശദാംശങ്ങളും രജിസ്ട്രാർ എ.ഡി.ജി.പിയെ ധരിപ്പിച്ചു. ഒരാഴ്ചയ്ക്കകം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എ.ഡി.ജി.പി. അറിയിച്ചു.

അതിനിടെ ടി.ജെ. ജോസിനെതിരേ വിജിലൻസ് കോടതിയിൽ പരാതി എത്തി. ഐ.ജി. അന്വേഷിച്ച കേസുകളും ഫോൺ സംഭാഷണങ്ങളും ടൂർ ഡയറിയും പരിശോധിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതി കോടതി 12ന് പരിഗണിക്കും. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളും പരീക്ഷാ പേപ്പറുകളും പരിശോധിക്കണമെന്നു ഹർജിയിലുണ്ട്. കോപ്പിയടി വിഷയത്തിൽ എ.ഡി.ജി.പി. ശങ്കർ റെഡ്ഡിയുടെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഐ.ജിയുടെ കൈയിലുണ്ടായിരുന്ന പേപ്പറുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുണ്ട്. എം.ജി. സർവകലാശാലാ പരീക്ഷാ കൺട്രോളർക്കു ലഭിച്ച തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ടി.ജെ. ജോസ് സ്ഥിരം കോപ്പിയടിക്കാരനെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സന്തോഷ് പീറ്റർ രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ഐ.ജിയുടെ പൂർവകാല കോപ്പിയടിക്ക് താൻ ദൃക്‌സാക്ഷിയാണെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. 2014ൽ നടന്ന എൽ.എൽ.എം. പരീക്ഷയ്ക്ക് ടി.ജെ. ജോസിന്റെ അടുത്തിരുന്നു പരീക്ഷയെഴുതിയിരുന്ന ആളാണു താൻ. അന്ന് പുസ്തകത്തിന്റെ പേജുകൾ ചെറിയ ഫോട്ടോസ്റ്റാറ്റ് കോപ്പിയാക്കി ഉത്തരകടലാസിനടിയിൽവച്ച് പരീക്ഷ എഴുതുന്നത് കണ്ടിട്ടുണ്ട്. അന്നു പരീക്ഷാ ഹാളിലെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ ഇതു കണ്ടെങ്കിലും ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ നടപടി സ്വീകരിച്ചില്ല.അന്നു നടപടിയെടുത്തിരുന്നെങ്കിൽ സംഭവം ആവർത്തിക്കില്ലായിരുന്നെന്നും സന്തോഷ് പറഞ്ഞു.

2014ൽ നടന്ന പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ കളമശേരി സെന്റ് പോൾസ് കോളജിൽ എഴുതുന്നതിനിടെയാണ് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിക്കു പിടിയിലായത്.