- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ്; മൂന്നു കോടി രൂപ തട്ടിച്ചെന്ന കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത് ചെങ്ങന്നൂർ കോടതി
ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ കേസ്. മൂന്നുകോടി രൂപ തട്ടിച്ചെന്ന കേസിൽ ചെങ്ങന്നൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ചെങ്ങന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3 കോടി രൂപയിലധി
ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ കേസ്. മൂന്നുകോടി രൂപ തട്ടിച്ചെന്ന കേസിൽ ചെങ്ങന്നൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
ചെങ്ങന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3 കോടി രൂപയിലധികം ഇവർ തട്ടിച്ചുവെന്നാണു പരാതി ഉയർന്നത്.
ചെങ്ങന്നൂർ സ്വദേശി സുനിൽ വള്ളിയിലാണു കോടതിയിൽ പരാതി നൽകിയത്. തുടർന്നാണു കോടതി ഉത്തരവ്. അതേസമയം, കേസിൽ അട്ടിമറി ശ്രമം നടന്നുവെന്ന് സുനിൽ മറുനാടൻ മലയാളിയോടു പറഞ്ഞു. ആലപ്പുഴ എസ്‌പിക്കുൾപ്പെടെ ഇക്കാര്യത്തിൽ ഒരുവർഷംമുമ്പുതന്നെ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇപ്പോഴാണു കേസെടുക്കാൻ തയ്യാറായതെന്നും സുനിൽ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ ജനുവരി 20 ന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കേസിൽ വെള്ളാപ്പള്ളി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഈ കേസ് മാർച്ച് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ചെങ്ങന്നൂർ പൊലീസും കേസെടുത്തത്.
വിജിലൻസ് കോടതി ഉത്തരവിൽ തുഷാറിന്റെ പേരുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഹർജിയിൽ വിജിലൻസ് പ്രത്യേക കോടതിയാണ് വിധി പറഞ്ഞിരുന്നത്. 2003 മുതൽ 2015 വരെയുള്ള കാലയളവിൽ 15 കോടി രൂപ എസ്എൻഡിപി യോഗത്തിന് പിന്നോക്ക വികസന കോർപ്പറേഷന് വായ്പ നൽകിയെന്നും, വെറും രണ്ട് ശതമാനം പലിശക്ക് നൽകുന്ന തുക 18 ശതമാനം പലിശക്ക് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് നൽകിയെന്നും വിഎസിന്റെ ഹർജിയിൽ ആരോപിക്കുന്നു. അഞ്ച് ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കരുതെന്ന് പിന്നോക്ക വികസനകോർപ്പറേഷൻ നിർദ്ദേശം നൽകിയപ്പോഴാണ് വെള്ളാപ്പള്ളി 12 മുതൽ 18 ശതമാനം വരെ പലിശക്ക് പണം നൽകിയത്. മാത്രമല്ല വ്യാജമേൽവിലാസങ്ങൾ നൽകി വെള്ളാപ്പള്ളിയും കൂട്ടരും 15 കോടി രൂപ തട്ടിയെടുത്തുവെന്നുമാണ് മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങൾ.