തൃശൂർ: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസിൽ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ അടിയാട്ട് ടി.എ.സുന്ദർമേനോനെതിരെ പൊലീസ് കേസെടുത്തു. നഗരത്തിൽ കുന്നത്ത് ലെയ്‌നിൽ ദാമോദർ അപ്പാർട്‌മെന്റിൽ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകൾ പാർവതിക്കാണു മർദനമേറ്റത്. അതേസമയം അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാൻ കെട്ടിച്ചമച്ചതാണു സംഭവമെന്നു സുന്ദർമേനോൻ അവകാശപ്പെട്ടു.

മദ്യ ലഹരിയിൽ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. തൃശൂർ പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിനിയുമായ പാർവതിയാണ് (23) പരാതിക്കാരി. വലതു കൈയ്ക്ക് പരിക്കേറ്റ പാർവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി അയൽവാസികളിൽനിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീയെ ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകൾ ജാമ്യമില്ലാത്തവയാണ്.

പാർവതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സുന്ദർ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോൾ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലിൽ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയിൽ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തിൽ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയിൽ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു. എല്ലാവരുടെയും മുമ്പിൽ വച്ച് സുന്ദർ മേനോൻ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയൽവാസികളും നിർബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാർവതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം സുന്ദർ മേനോൻ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടു.

വ്യത്യസ്ത പേരുകളിൽ പാസ്‌പോർട്ടുകൾ എടുത്തെന്ന പരാതിയിൽ കുറച്ചു ദിവസം മുൻപ് സുന്ദർമേനോനെതിരെ കേസെടുത്തിരുന്നു. വ്യത്യസ്ത പേരുകളിൽ വ്യാജരേഖകൾ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരമായിരുന്നു പ്രവാസി വ്യവസായി കൂടിയായ സുന്ദർ മേനോന് എതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തത്. വ്യാജ പാസ്‌പോർട്ടും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ ചമച്ചെന്നാരോപിച്ച് പൊതുപ്രവർത്തകനായ എം.എസ്. ബാലസുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

വ്യത്യസ്ത പേരുകളിൽ സുന്ദർ മേനോൻ സ്വന്തമാക്കിയ പാസ്‌പോർട്ടുകൾ, വാഹന രജിസ്‌ട്രേഷൻ രേഖകൾ, ഖത്തറിലെ ബിസിനസ് സർട്ടിഫിക്കറ്റ് തുടങ്ങി 18 രേഖകളുടെ പകർപ്പ് ബാലസുബ്രഹ്മണ്യൻ കോടതിയിൽ ഹാജരാക്കി. നിയമാനുസൃതമല്ലാത്ത രീതിയിൽ പേരുകൾ മാറ്റി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സുന്ദർമേനോൻ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു വ്യക്തി ഒരു പേരിൽ മാത്രമേ പാസ്‌പോർട്ട് ഉപയോഗിക്കാവൂ എന്ന ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിനു വിരുദ്ധമായി സുന്ദര സുബ്രഹ്മണ്യൻ, സുന്ദർ അടിയാട്ട് മേനോൻ എന്നീ പേരുകളിൽ സുന്ദർ മേനോൻ പാസ്‌പോർട്ട് നേടിയിട്ടുണ്ട്. 2005 ൽ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിൽ പാസ്‌പോർട്ടെടുത്ത കൊച്ചിയിൽ നിന്നു തന്നെയാണ് സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിൽ രണ്ടാമത്തെ പാസ്‌പോർട്ടും സ്വന്തമാക്കിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്ന് 2015 ൽ ഈ പാസ്‌പോർട്ട് പുതുക്കിയതിന്റെ തെളിവുകളും ബാലസുബ്രഹ്മണ്യൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

ഖത്തറിലെ സൺ ഇന്റർനാഷണൽ ട്രേഡിങ് ആൻഡ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പാർട്ണറായ സുന്ദർ മേനോൻ രജിസ്‌ട്രേഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന പേര് തെക്കെ അടിയാട്ട് സുന്ദർ മേനോൻ എന്നാണ്. സുന്ദർ മേനോന്റെ ഉടമസ്ഥതയിലുള്ള കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും വ്യത്യസ്ത പേരുകളിലായിരുന്നു. 2014 ൽ പത്മ പുരസ്‌കാരത്തിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത് ടി.എ. സുന്ദർ മേനോൻ എന്ന പേരിലാണ്. 2015 ൽ സുന്ദർ മേനോൻ എന്ന പേരിലും 2016 ൽ സുന്ദർ ആദിത്യ മേനോൻ എന്ന പേരിലും അപേക്ഷ നൽകിയെന്നും ആരോപണമുണ്ട്. 2016ൽ പത്മശ്രീ ലഭിച്ചു.