കൊച്ചി: ഹോം നഴ്‌സിങ് സ്ഥാപനത്തിലെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് റൂറൽ എസ്‌പി അറിയിച്ചു. എറണാകുളം റെയിൽവേ സിഐ വി എസ്. ഷാജുവിനെതിരെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയാണ് പരാതി നൽകിയത്.

സംഭവത്തെക്കുറിച്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വിശദമായി അന്വേഷിക്കുമെന്നും എസ്‌പി പറഞ്ഞു. ദേശീയപാതയിൽ അത്താണി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ ഹോം നഴ്‌സിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണു പരാതിക്കാരി. കഴിഞ്ഞ മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവമെന്നു പരാതിയിൽ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു ഷാജു നാലു മാസത്തോളം നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ സിഐയായി ജോലി നോക്കിയിട്ടുണ്ട്. ഈ കാലയളവിൽ ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ ഉടമയായ സ്ത്രീയുമായി പരിചയപ്പെട്ട ഇയാൾ സ്ഥലംമാറിയ ശേഷവും ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ സ്ഥാപനത്തിൽ എത്തുമായിരുന്നുവെന്ന് പറയുന്നു. സംഭവ ദിവസം ഷാജുവെത്തിയപ്പോൾ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല.

ഈ സമയം ഓഫീസിലെ കാബിനിലിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഓഫീസ് ക്യാബിനിലിരിക്കുകയായിരുന്നു മുപ്പത്തിരണ്ടുകാരിയെ സിഐ കടന്നുപിടിച്ചു വെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. റൂറൽ എസ്‌പി എ.വി. ജോർജ് പരാതി സ്ഥിരീകരിച്ചു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസിന്റെ തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് എസ്‌പി പറഞ്ഞു. അതേ സമയം കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഔദ്യോഗികമായി സമ്മതിക്കാൻ നെടുമ്പാശേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അങ്കമാലി സി.ഐയോ ആലുവ ഡി.വൈ.എസ്‌പിയോ തയ്യാറായില്ലെന്നതും  ചർച്ചയായിട്ടുണ്ട്. സ്ത്രീപീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്.