മലപ്പുറം: മന്ത്രിയായിരുന്ന എകെ ശശീന്ദ്രനും ഒരു പെൺകുട്ടിയും ഉദ്ഘാടന ചടങ്ങിൽ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച മംഗളം സിഇഒ ആർ. അജിത്കുമാറിനും ജീവനക്കാർക്കുമെതിരെ കേസ്. വാട്‌സാപ്പിൽ ഈ പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച ജീവനക്കാരും മറ്റുള്ളവരും കുടങ്ങുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. വ്യാജ പ്രചരണം നടത്തിയതിനെതിരെ പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് മന്ത്രിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പുറമെ മംഗളത്തിന് കൂനിന്മേൽ കുരവെന്ന പോലെ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ ഫോട്ടോ സോഷ്യൽ മീഡിയയൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ശശീന്ദ്രനെ മനപ്പൂർവം പെണ്ണു പിടിയനായി ചിത്രീകരിക്കാനുള്ള ലക്ഷ്യമാണ് ഈ ഫോട്ടോ പുറത്തുവിട്ടതിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനുവേണ്ടി മന്ത്രിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയുടെ ഫോട്ടോ മനപ്പൂർവം പ്രചരിപ്പിക്കുകയായിരുന്നു. ഈ ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ തന്നെ കടുത്ത അമർഷവും ഉയർന്നു. ഫോൺസംഭാഷണത്തിലെ സ്ത്രീ ശബ്ദം ഈ പെൺകുട്ടിയുടേതാണെന്ന തരത്തിൽ വരെ പ്രചാരണം ഉണ്ടായി.

ഇതോടെയാണ് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ച ഫോൺ സംഭാഷണത്തിലെ സ്ത്രീയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. മന്ത്രിയായിരിക്കേ ശശീന്ദ്രൻ ഏതോ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെൺകുട്ടിയെ അപമാനിക്കുന്നത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

തിരൂരങ്ങാടി മേഖലയിലെ ഒരു സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനചടങ്ങിൽ നാടമുറിക്കുന്നതിനിടെ താലമേന്തി നിൽക്കുന്ന പെൺകുട്ടി കത്രികയുമായി ശശീന്ദ്രന്റെ അടുത്തുനിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ അപമാനകരമായ രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പരപ്പനങ്ങാടി എസ്ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. താനൂർ സി.ഐ സന്തോഷിനാണ് അന്വേഷണ ചുമതല. സൈബർ സെല്ലുമായി സഹകരിച്ചാണ് അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ചിത്രം പുറത്തുവിട്ടതിന്റെ ഉറവിടം അന്വേഷിക്കുമെന്നും ചിത്രം അപകീർത്തിപരമായി പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പൊതുപരിപാടിയിലെ ചിത്രം മനഃപൂർവം പെൺകുട്ടിയെ അപമാനിക്കാൻ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയത്. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരാൻ പൊതുവേദിയിലെ ചിത്രം ദുരുപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ മുഖം മറയ്ക്കാതെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

മംഗളം സിഇഒ ആർ അജിത് കുമാർ പത്രപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ഇന്നത്തെ പരിപാടി എന്ന ഗ്രൂപ്പിലേക്ക് കഴിഞ്ഞ ദിവസം ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയും ശശീന്ദ്രനും പരസ്പരം നോക്കുന്ന ചിത്രമാണിത്. ഇത് മംഗളം സിഇഒ അജിത് ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ചിത്രങ്ങൾ സന്ദേശമായി ലഭിച്ച പത്രപ്രവർത്തകർ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പലരും ഇക്കാര്യത്തിലുള്ള എതിർപ്പ് വാട്സ് ആപ്പ് ഗ്രൂപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതേ ഫോട്ടോ മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ്.വി പ്രദീപും ഷാർപ് ഐ എന്ന മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. മറ്റുചില മംഗളം പ്രവർത്തരും ചിത്രം ഷെയർ ചെയ്തതായാണ് സൂചനകൾ. ഇതിനു പിന്നാലെ മംഗളം ജീവനക്കാരും പുറമേയുള്ള മറ്റു പലരും ഇത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ സഹോദരൻ ഇന്ന് പൊലീസിൽ പരാതി നൽകിയത്. ശശീന്ദ്രനോടൊപ്പം പെൺകുട്ടി നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചതിന്റെ ഉറവിടം തേടി പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.