ന്യൂഡൽഹി: ടീം ഇന്ത്യയുടെ സമീപകാല പരമ്പരകളിൽ ഇടം പിടിക്കാതിരുന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യുവിയുടെ സഹോദരൻ സരോവറിന്റെ ഭാര്യയും, ബിഗ്‌ബോസ് റിയലിറ്റി ഷോയിലെ മൽസരാർഥിയുമായിരുന്ന അകൻ്കഷാ ശർമയാണ് പരാതി കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവരാജ് സിങ്, അമ്മ ഷബ്‌നം സിങ്, സഹോദരൻ സരോവർ സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

കേസിൽ ആദ്യ വാദം കേൾക്കൽ നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബർ 21 നാണ്. ഇതിനു ശേഷം താൻ പരാതിയെ കുറിച്ച് കൂടുതൽ വിശദീകരിക്കാമെന്ന് അകൻക്ഷ മാധ്യമങ്ങളെ അറിയിച്ചു. ഭർത്താവ് സരോവറിനും യുവിക്കും അമ്മ ഷബ്‌നത്തിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അകൻക്ഷയുടെ അഭിഭാഷക സ്വാതി സിങ് മാലിക് വ്യക്തമാക്കി. ഇതിനിടെ ഷബ്‌നം, അകൻക്ഷാക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ആഭരണങ്ങൾ തിരിച്ചുകിട്ടണമെന്ന് കാട്ടിയാണ് പരാതിയെന്ന് സ്വാതി അറിയിച്ചു.

യുവിക്കെതിരെ എന്തിനാണ് പരാതി നൽകിയത് എന്ന ചോദ്യത്തിന്, ഗാർഹിക പീഡനമെന്നാൽ ശാരീരിക പീഡനം മാത്രമല്ലെന്നും മറിച്ച് മാനസികവും സാമ്പത്തിക പീഡനവും ഉൾപ്പെടുമെന്നും സ്വാതി പറഞ്ഞു. അകൻക്ഷാ ഭർതൃവീട്ടിൽ നേരിട്ട പീഡനങ്ങൾക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേർത്തു. അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് യുവി അകൻക്ഷായോട് ആവശ്യപ്പെട്ടിരുന്നതായും സ്വാതി പറഞ്ഞു.ഒരു കുട്ടി വേണമെന്ന് സരോവറും അമ്മയും തന്നെ നിർബന്ധിച്ചപ്പോൾ യുവിയും അതിന് കൂട്ടുനിന്നു.തന്റെ അമ്മയാണ് വീട്ടിലെ ഏറ്റവും മുതിർന്നയാളെന്നും അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അകൻക്ഷായക്ക് അവിടെ സ്ഥാനമുണ്ടാകില്ലെന്നും യുവി പറഞ്ഞു.

എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി അകൻക്ഷാ യുവരാജിനോട് പണം ആവശ്യപ്പെട്ടിരുന്നതായും ഇത് നൽകാത്തതിനെ തുടർന്നാണ് താരത്തെ ഗാർഹിക പീഡനക്കേസിലേക്ക് വലിച്ചിഴച്ചതെന്നും കുടുംബം ആരോപിച്ചു.