മലപ്പുറം: ലോക എയ്ഡ്‌സ് ദിനത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി പെൺകുട്ടികൾ മലപ്പുറം നഗരത്തിൽ നൃത്തം ചെയ്തതിന് എതിരെ സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം നടത്തിയവർക്ക് എതിരെ കേസെടുത്ത് പൊലീസ്. മുസ്‌ളീം പെൺകുട്ടികൾ നഗരമധ്യത്തിൽ നൃത്തം ചെയ്തതിനെതിരെ വലിയ വർഗീയ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

ഇവരെ അപമാനിക്കുന്ന തരത്തിൽ ഒരു വിഭാഗം വൻ പ്രചരണം അഴിച്ചുവിട്ടിരുന്നു. എന്നാൽ അതിനെ പ്രതിരോധിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇപ്പോഴും ഈ വിവാദം തുടരുകയാണ്. ഇതിനിടയിലാണ് പെൺകുട്ടികളെ അപമാനിക്കാൻ ബോധപൂർവം പോസ്റ്റുകൾ നൽകിയവരെ തിരഞ്ഞുപിടിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജിമിക്കികമ്മൽ പാട്ടിന് ചുവടുവച്ചായിരുന്നു എയ്ഡ്‌സ് ബോധവൽക്കരണത്തിന്റെ ഭാഗമായി നൃത്തം നടന്നത്. ഇതേ തുടർന്ന് പെൺകുട്ടികൾക്കെതിരെ ഒരു വിഭാഗം സൈബർ അറ്റാക്കുമായി രംഗത്തെത്തി. തെറിയഭിഷേകവും ഭീഷണിയുമായി പലരും രംഗത്തുവന്നു. ഇത്തരത്തിൽ പ്രചരണം നടത്തിയവർക്ക് എതിരെ ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ബിച്ചാൻ ബഷീർ, അനസ് പിഎ, ഹനീഫ ഞാങ്ങാട്ടിരി, സുബൈർ അബൂബക്കർ, സിറോഷ് അൽ അറഫ, അഷ്‌കർ ഫരീഖ് എന്നീ ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽനിന്നുള്ള പരാമർശങ്ങൾ എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്.

ആറ് ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ഇത്തരത്തിൽ മോശം പ്രചരണം നടത്തിയവരെയെല്ലാം കുടുക്കാൻ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പൊലീസ്.

ഐടി ആക്ടിലെ വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്നും എസ്‌ഐ ബി.എസ്.ബിനു അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബർ ഒന്നിന് ആരോഗ്യവകുപ്പിന്റെ ജില്ലാതല എയ്ഡ്‌സ് ബോധവൽക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടന്നത്. പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. പരിധിവിട്ട പ്രചാരണമാണ് കേസിനു വഴിച്ചത്.