കൊച്ചി: സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മേജർ ആർച്ച് ബിഷപ്പ് പ്രതിയാകുന്നു. ഇതോടെ മാർ ആലഞ്ചേരിക്ക് എതിരെ വലിയ കലാപത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്. കുറച്ചുകാലമായി നീറിപ്പുകയുന്ന സഭയിലെ ഭൂമി ഇടപാട് തർക്കം കോടതിയിലെത്തിയതോടെയാണ് സഭയുടെ പരമാധ്യക്ഷന് എതിരെ വിധിയുണ്ടാകുന്നത്. കർദ്ദിനാൾ ഉൾപ്പെടെ നാലുപേർക്കെതിരെ ഭൂമി തട്ടിപ്പ് വിഷയത്തിൽ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു കോടതി. മാത്രമല്ല കർദ്ദിനാളിനെതിരെ ശക്തമായ പരാമർശങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതോടെ മാർ ആലഞ്ചേരി ഇന്നുതന്നെ സ്ഥാനമൊഴിഞ്ഞ് മാന്യതകാട്ടണമെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.

ഇന്നലെയും ഇന്നുമായി സർക്കാരിനും സഭാ പരമാധ്യക്ഷനും കോടതിയിൽ നിന്ന് ശ്ക്തമായ വിമർശനമാണ് നേരിടേണ്ടി വന്നത്. ഭൂമി ഇടപാടിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് നടപടി ചൂണ്ടിക്കാട്ടി ഇന്നലെ സർക്കാരിനെ വിമർശിച്ച സിംഗിൾ ബെഞ്ച് ഇന്ന് കർദ്ദിനാളിന്റെ നിലപാടിനെതിരെയും ശക്തമായി പ്രതികരിച്ചു. ഭൂമി തട്ടിപ്പിനെ കുറിച്ച് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ സംഭവത്തിൽ കർദ്ദിനാൾ ഉൾപ്പെടെ നാലുപേർക്ക് എതിരെ കേസെടുത്ത് നിഷ്പക്ഷമായ അന്വേഷണം നടത്താൻ വിധിയുണ്ടായത്.

സിവിൽ കേസാണ് ഇതെന്ന നിലപാടിൽ പൊലീസും സർക്കാർ അഭിഭാഷകനും നിലകൊള്ളുകയും സഭയ്ക്ക് ബാധകം കാനോൻ നിയമമാണെന്ന് കർദ്ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിക്കുകയും ചെയ്തതിന് പിന്നാലെ വസ്തുതകൾ പരിശോധിച്ച കോടതി ഇത് സിവിൽ കേസ് അല്ലെന്നും ക്രിമിനൽ കേസായി തന്നെ പരിഗണിക്കണമെന്നും കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സിവിൽ കേസാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ കേസെടുക്കണണെന്നും ലളിത കുമാരി കേസിൽ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.

മുൻപ് സമാന രീതിയിൽ കർദ്ദിനാളിന്റെ വാദങ്ങളേയും കോടതി വിമർശിച്ചിരുന്നു കാനോൻ നിയമമാണ് സഭയ്ക്ക് ബാധകമെന്നും സഭാ ട്രസ്റ്റിന്റെ പ്രവർത്തനം അതിന്റെ കീഴിലാണെന്നുമായിരുന്നു വാദം. ഇതിനെയും കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവരുടേയും വാദംകേട്ട ശേഷം ആക്ഷേപങ്ങൾ വെറും ബാലിശമല്ലെന്നും വ്യക്തമായ തെളിവുകൾ ഭൂമിതട്ടിപ്പ് കേസിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് സഭാധ്യക്ഷന് എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി വിധി പുറപ്പെടുവിച്ചത്.

സഭാസമിതികളുടെ അറിവോടെയും സമ്മതത്തോടും കൂടിയെ ഭൂമി ഇടപാടുകൾ നടത്താവൂ എന്ന് കാനോൻ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. കാനോൻ നിയമം സഭയിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടല്ല. അതിനാൽ ഈ പരാതിയിൽ കേസെടുത്ത് അന്വേഷിക്കണം. - കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുതന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

വിവാദ ഭൂമി ഇടപാടിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാൽ തന്നെ പൊലീസ് അന്വേഷണം ആവശ്യമില്ലെന്നും കർദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്നും കോടതി അറിയിച്ചു. കേസിൽ ഗൂഢാലോചനയും വിശ്വാസ വഞ്ചനയും പ്രഥമദൃഷ്ട്യാ പ്രകടമാണെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇടനിലക്കാരും കർദിനാളും ഇടപാടിൽ ഉൾപ്പെട്ടതായി സംശയമുണ്ട്. ചില ശക്തമായ തെളിവുകൾ കോടതിയുടെ മുമ്പാകെ എത്തിയെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. കോടതി നടത്തിയ പരാമർശങ്ങൾ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

രാവിലെ മുതൽ നടന്ന കോടതി നടപടികളിൽ രൂക്ഷമായ പരാമർശമാണ് കർദിനാളിനെതിരേ കോടതി നടത്തിയത്. കർദിനാൾ രാജാവല്ലെന്നും ആരും നിയമത്തിനതീതരല്ലെന്നും കോടതി നിലപാട് സ്വീകരിച്ചിരുന്നു. രാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്ന് കോടതി പറഞ്ഞു. അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകൾക്ക് വിധേയമാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കൾ രൂപതയുടേതാണ്. ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സഭയുടെ സർവ്വാധിപനാണ് മേജർ ആർച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോൻ നിയമത്തിൽ പോലും കർദിനാൾ സർവാധികാരിയല്ല. കർദിനാൾ പരമാധികാരിയാണെങ്കിൽ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്.

സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ കർദിനാളിന് കഴിയില്ല. നിയമം എല്ലാവർക്കും മുകളിലാണ്, അതിന് മുന്നിൽ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാർ മാത്രമാണ് വൈദികരും കർദിനാളുമൊക്കെ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കൾ വിറ്റഴിക്കാൻ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളിൽ കാനോൻ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതുവരെ ഒരുവിഭാഗം മാത്രം ഉയർത്തിക്കൊണ്ടുവന്ന ആരോപണം എന്ന നിലയിലായിരുന്നു സംഭവങ്ങളിൽ സഭാനേതൃത്വം വിശദീകരണം നൽകിയതും ഈ വിഷയം വലിയ ചർച്ചയാകാതിരിക്കാൻ നീക്കം നടത്തിയതും. എന്നാൽ ഇന്ന് കോടതി കർദ്ദിനാൾ ഉൾപ്പെടെ നാലുപേർക്ക് ഭൂമി ഇടപാടിലും തട്ടിപ്പിലും പങ്കുണ്ടെന്ന സംശയം അന്വേഷിക്കാൻ ഉത്തരവിട്ടതോടെ വലിയ തിരിച്ചടിയാണ് മാർ ആലഞ്ചേരിക്ക് ഉണ്ടായത്.

ഇതോടെ വലിയൊരു വിഭാഗം മെത്രാന്മാരും വിശ്വാസികളും വികാരിമാരും ഉൾപ്പെടെ കർദ്ദിനാളിന്റെ രാജി ആവശ്യം ഉന്നയിച്ചുതുടങ്ങി. പരസ്യമായി പ്രതികരണങ്ങളും ശക്തമാകുകയാണ്. സഭാ ചരിത്രത്തിൽ ആദ്യമായാണ് കർദ്ദിനാളിന്റെ പദവിയിലുള്ള ഒരാൾക്ക് എതിരെ ഇത്തരത്തിൽ അന്വേഷണം വരുന്ന സാഹചര്യം ഉണ്ടാകുന്നത്. അതിനാൽ ഇന്നുതന്നെ കർദ്ദിനാൾ സ്ഥാനത്തിന്റെ മഹത്വം അറിഞ്ഞ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ഒരു വിഭാഗം വിശ്വാസികൾ പ്രതികരണവുമായി എത്തിക്കഴിഞ്ഞു.