- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷം നിലപാട് കർക്കശമാക്കിയതോടെ മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആലോചന ശക്തമായി; ഡ്രൈവറുടെ മൊഴി അവഗണിക്കാൻ പാടില്ലെന്ന് വിജിലൻസിന് ഉപദേശവും; ബാർ ബാധ ഒഴിഞ്ഞു പോകാതെ സർക്കാർ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ മന്ത്രി കെ. എം. മാണിക്കെതിരെ കേസെടുക്കാൻ തത്വത്തിൽ തീരുമാനം. എന്നാൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കേസ് വേണ്ടെന്ന നിലപാടിലാണ് അഡ്വക്കേറ്റ് ജനറലെന്നും സൂചനയുണ്ട്. എന്നാൽ കേസ് എടുത്തില്ലെങ്കിൽ വിനയാകുമെന്ന അഭിപ്രായമാണ് വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്. അതുകൊണ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ മന്ത്രി കെ. എം. മാണിക്കെതിരെ കേസെടുക്കാൻ തത്വത്തിൽ തീരുമാനം. എന്നാൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കേസ് വേണ്ടെന്ന നിലപാടിലാണ് അഡ്വക്കേറ്റ് ജനറലെന്നും സൂചനയുണ്ട്. എന്നാൽ കേസ് എടുത്തില്ലെങ്കിൽ വിനയാകുമെന്ന അഭിപ്രായമാണ് വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്. അതുകൊണ്ട് തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടാകും നിർണ്ണായകം. കേസ് രജിസ്റ്റർ ചെയ്യേണ്ട ഈ സാഹചര്യങ്ങൾ വിജിലൻസ് അധികൃതർ മന്ത്രി രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാൻ വിജിലൻസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നിയമസഭയിൽ പ്രതിപക്ഷ നിലപാട് കടുപ്പിക്കുന്നതിനാൽ ആഭ്യന്തര വകുപ്പിന്റെ പ്രതിശ്ചായ തകർക്കുന്ന ഒന്നിനും രമേശ് ചെന്നിത്തല തയ്യാറാകില്ല. ഈ സാഹചര്യത്തിലാണ് മാണിക്കെതിരെ കേസ് എടുക്കുന്നതും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാണി കടുത്ത നിലപാടുകളിലേക്ക് പോകില്ല. ഇടതുമുന്നണി പ്രവേശനം ബാർ കോഴയോടെ അടഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് വന്നാലും മാണി യുഡിഎഫിൽ ഉറച്ചു നിൽക്കും. സർക്കാരിന് വെല്ലുവിളി ഉണ്ടാവുകയുമില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേസ് എടുക്കാനുള്ള നീക്കം.
മാണിക്ക് കോഴ നൽകിയെന്ന് അവകാശപ്പെട്ട ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് വിജിലൻസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ഹൈക്കോടതിയെ അറിയിക്കും. കേസ് രജിസ്റ്റർ ചെയ്യേണ്ട നിയമവശത്തെപ്പറ്റി അഡ്വക്കേറ്റ് ജനറൽ കെ. പി. ദണ്ഡപാണിയുമായി വിജിലൻസ് ഡയറക്ടർ വിൻസൺ. എം. പോൾ ശനിയാഴ്ച കൊല്ലത്ത് രഹസ്യ ചർച്ചയും നടത്തി.
മൂന്ന് കാര്യങ്ങൾ വിജിലൻസ് ഡയറക്ടർ എ. ജിയെ ധരിപ്പിച്ചു. കൈക്കൂലി കേസിൽ അന്വേഷണവും നടപടിയുമുണ്ടായ കേസുകളാണ് പരാമർശിക്കപ്പെട്ടത്. കൈക്കൂലി കേസിൽപ്പെട്ട കഴക്കൂട്ടം സി. ഐ ഷിബുകുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കോഴ നൽകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എസ്. പി രാഹുൽ നായർക്കെതിരെ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. വ്യവസായ സെക്രട്ടറി ടി. ഒ. സൂരജും അഴിമതിയുടെ പേരിലാണ് അന്വേഷണം നേരിടുന്നത്. ഇരുവരും ഇപ്പോൾ സസ്‌പെൻഷനിലാണ്. ഈ പശ്ചാത്തലത്തിൽ മന്ത്രി മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് നിയമ പ്രാബല്യം കിട്ടില്ലെന്ന് ഡയറക്ടർ അറിയിച്ചു. എന്നാൽ എ. ജി. ഇതിനോട് യോജിച്ചില്ല.
ബാർ ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ഭാരവാഹിയായ കൃഷ്ണദാസ് എന്നിവരെ ബിജു രമേശിന്റെ കിഴക്കേക്കോട്ടയിലെ ഹോട്ടലിൽനിന്ന് മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടുവിട്ടത് താനാണെന്ന് ഡ്രൈവർ അമ്പിളി മൊഴി നൽകിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനായിരുന്നു ഇത്. കാറിൽ കയറുമ്പോൾ അസോസിയേഷൻ ഭാരവാഹികളുടെ കൈയിൽ ഒരു പെട്ടി ഉണ്ടായിരുന്നു. കാറിലിരുന്നുള്ള സംഭാഷണത്തിൽ പെട്ടിയിൽ 35 ലക്ഷം രൂപ ഉണ്ടെന്നും മന്ത്രിക്ക് കൊടുക്കാനാണെന്നും മനസിലായി. മന്ത്രിയെ കണ്ടശേഷം പുറത്തുവന്നപ്പോൾ പെട്ടിയുണ്ടായിരുന്നില്ല. മടക്കയാത്രയിൽ, പണം മന്ത്രിക്ക് കൊടുത്തതായി നേതാക്കൾ ഫോണിൽ ചിലരോട് പറയുന്നത് കേട്ടുവെന്നാണ് മൊഴി.
ഇത്ര കൃത്യമായ മൊഴിയുള്ളപ്പോൾ കേസെടുത്ത് അന്വേഷണം നടത്താതിരുന്നാൽ കോടതിയിൽനിന്ന് പ്രതികൂല പരാമർശമുണ്ടായേക്കുമെന്ന് വിജിലൻസ് ഭയക്കുന്നു. കോഴ കൊടുക്കുന്നതിന് ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകൾ ബിജു രമേശ് മൊഴി നൽകിയ വേളയിൽ കൈമാറിയിരുന്നു. ഇതിനിടെ ബാർ കോഴക്കേസിൽ താൻ ആരെയും കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും. എന്നാൽ തെറ്റുചെയ്യാത്തവരെ അഴിമതിയുടെ പുകമറയിലാക്കി പ്രതിക്കൂട്ടിലാക്കാനും ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് വിശദീകരണം നൽകവേ മന്ത്രി പറഞ്ഞു. ഫലത്തിൽ മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയില്ലെന്ന് പറയാതെ പറയുകയായിരുന്നു ചെന്നിത്തല.
മാണിക്കെതിരെ കേസ് എടുത്താൽ ആഭ്യന്തരവകുപ്പിന്റെ ഗ്ലാമർ കൂടുമെന്ന് എല്ലാവരും രമേശ് ചെന്നിത്തലയോട് പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. കേസ് എടുത്താൽ ധനമന്ത്രി സ്ഥാനം മാണി രാജിവയ്ക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.