ഴിഞ്ഞ വർഷം ജൂണിൽ നടത്തിയ യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിലൂടെ യുകെ വിട്ട് പോകുന്നത് യൂറോപ്യൻ യൂണിയന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സ്‌പെയിനിൽ നിന്നും വേർപെട്ട് കാറ്റലോണിയ വേറെ രാജ്യമാകാൻ നടത്തുന്ന ശ്രമവും സ്വാതന്ത്ര്യപ്രഖ്യാപനവും യൂണിയന് അതിനേക്കാൾ വലിയ വിനയായിട്ടാണ് മാറിയിരിക്കുന്നത്. ഇക്കാരണത്താലുള്ള കടുത്ത അനിശ്ചിതത്വം കാരണം യൂറോയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ വിപണിയിൽ കനത്ത താഴ്ചയുണ്ടായിട്ടുമുണ്ട്. ബാർസലോണ തലസ്ഥാനമാക്കി പുതിയ രാജ്യം രൂപീകരിക്കുന്നതിനായുള്ള റഫറണ്ടം നടത്തുന്നത് കോടതി നിരോധിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരങ്ങളാണ് റഫറണ്ടത്തിൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നത്. അതിൽ പങ്കെടുക്കാനെത്തിയവരെ സ്‌പെയിൻ പൊലീസിനെ വിട്ട് ക്രൂരമായി മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

കാറ്റലോണിയക്കാർ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്ന് സ്‌പെയിനിലെ സ്റ്റോക്ക് മാർക്കറ്റ് തിങ്കളാഴ്ച ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതോടെ യൂറോസോണിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥ കൂടി രാഷ്ട്രീയ പ്രതിസന്ധിയാൽ താറുമാറായിരിക്കുകയാണ്. കൂടാതെ സ്‌പെയിൻ ഗവൺമെന്റിന് കടം വാങ്ങുന്നതിനുള്ള ചെലവും കുത്തനെ ഉയർന്നിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായിരിക്കുന്ന കാറ്റലോണിയയിൽ നിന്നും നിക്ഷേപകർ അകലം പാലിക്കാൻ തുടങ്ങിയതോടെ ഡോളറിനെതിരെയുള്ള യൂറോയുടെ വില കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

ഞായറാഴ്ച നടന്ന റഫറണ്ടത്തെ സ്‌പെയിൻ ഗവൺമെന്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ കാറ്റലോണിയയിലെ 90 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാദേശിക ഒഫീഷ്യലുകൾ ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാലറ്റിൽ 2.26 മില്യൺ പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. കാറ്റലോണിയയിൽ മൊത്തത്തിലുള്ള 5.34 മില്യൺ വോട്ടർമാരിൽ 42.3 ശതമാനം വരുമിവർ.

സ്പാനിഷ് ജനസംഖ്യയുടെ വെറും 16 ശതമാനം പേർ അഥവാ 7.5 മില്യൺ പേരാണിവിടെ വസിക്കുന്നത്. എന്നാൽ സ്‌പെയിനിന്റെ മൊത്തം ജിഡിപിയുടെ 20 ശതമാനത്തിനടുത്ത് ഈ പ്രദേശത്ത് നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സ്‌പെയിനിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായ കാറ്റലോണിയ വേറിട്ട് പോകുന്നത് കടുത്ത ഭീഷണിയാണ് സ്‌പെയിനിനുണ്ടാക്കുന്നതെന്ന് ചുരുക്കം.

ഈ മാസത്തിന്റെ തുടക്ക ദിവസം തന്നെ ഡോളർ ശക്തമായ തിരിച്ച് വരവ് നടത്തിയപ്പോൾ കാറ്റലോണിയയിലെ അനിശ്ചിതത്വം കാരണം യൂറോ താഴോട്ട് പോകുന്ന സ്ഥിതിയാണുള്ളത്. ആറ് പ്രധാനപ്പെട്ട കറൻസികൾക്കെതിരെ ഡോളർ നല്ല മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാൽ യൂറോ വിലയിൽ 0.3 ശതമാനം ഇടിവുണ്ടായി വില 1.1776 ഡോളറായിത്തീർന്നിരിക്കുകയാണ്. സ്‌പെയിനിലെ സെൻട്രൽ ഗവൺമെന്റും കാറ്റലാൻ അധികൃതരും തമ്മിലുള്ള തർക്കം വർധിച്ചിരിക്കുന്നതിനാൽ സ്‌പെയിനിലെ ബിസിനസുകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും നിക്ഷേപത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

സ്‌പെയിനിലെ നിർണായകമായ ഇക്യുറ്റി ഇൻഡെക്‌സായ ഐബെക്‌സ് 1.3 ശതമാനം ഇടിഞ്ഞ് താഴ്ന്നിരുന്നു. കാററലോണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കുകളായ ബാൻകോ ഡി സാഡബെൽ , കൈക്‌സാബാങ്ക് എന്നിവയുടെ വളർച്ചാ നിരക്ക് യഥാക്രമം 5.3 ശതമാനം 4.4 ശതമാനം എന്നിങ്ങനെ ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്നാണ് ഐബെക്‌സും താഴ്ന്നിരിക്കുന്നത്.